വേതനം മുടങ്ങിയിട്ട് മൂന്നുമാസം; ആശ തൊഴിലാളികൾക്ക് നിരാശ മാത്രം
text_fields
കണ്ണൂർ: കോവിഡ് മുന്നണിപ്പോരാളികളായ ആശ വർക്കർമാർക്ക് വേതനം മുടങ്ങിയിട്ട് മൂന്ന് മാസത്തിലേറെ. ഓണറേറിയം വിതരണം അടക്കം മുടങ്ങിയത് മേഖലയിലെ തൊഴിലാളികൾക്ക് ദുരിതകാലമാണ് സമ്മാനിക്കുന്നത്. ഓണറേറിയം -6000, സ്ഥിര ഇൻസെന്റിവ് -2000, കോവിഡ് ഇൻസെൻറിവ് -1000 എന്നിങ്ങനെ ഇരട്ടി ജോലിക്ക് പ്രതിമാസം തുച്ഛമായ 9000 രൂപയാണ് കോവിഡ് കാലത്തും ഇവർക്ക് വേതനമായി ലഭിക്കുന്നത്. ഇതുപോലും മൂന്നുമാസമായി മുടങ്ങിക്കിടക്കുകയാണ്. മഹാമാരിയുടെ കാലത്ത് സ്വന്തം സുരക്ഷയും ജീവിത പ്രശ്നങ്ങളും മാറ്റിവെച്ച് ആരോഗ്യ പ്രവർത്തകർക്കൊപ്പം പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെടുന്നവരാണ് ആശ വർക്കർമാർ.
ഈ മേഖലയിൽ ജോലി ചെയ്യുന്ന മിക്ക സ്ത്രീ തൊഴിലാളികളും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവരാണ്. ഇതിനിടയിലാണ് ഇരട്ടി ആഘാതം വിതച്ച് ഇവരുടെ വേതനവും മുടങ്ങിയിരിക്കുന്നത്. കോവിഡ് രോഗികളുടെ ക്വാറൻറീൻ, വാക്സിനേഷൻ, മരുന്ന് വിതരണം എന്നിവയുടെ ചുമലതകളെല്ലാം ആശ വർക്കർമാർക്കാണ്. കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച റാപിഡ് റസ്പോൺസ് ടീമിലും ഇവർ അംഗങ്ങളാണ്. പ്രതിദിനം തങ്ങളുടെ പ്രദേശങ്ങളിലെ കോവിഡ് രോഗികളുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയാറാക്കി ഡി.എം.ഒ, വാർഡ് കൗൺസിലർ, അതത് പൊലീസ് സ്റ്റേഷൻ, അംഗൻവാടി അധ്യാപിക എന്നിവർക്ക് അയക്കേണ്ടതടക്കമുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് ഇപ്പോൾ ഇവർക്ക്. ഭക്ഷണം, യാത്രാചെലവ് എന്നിവയടക്കം ഭീമമായ ചെലവാണ് ഇവർ സ്വയം വഹിക്കുന്നത്.
സർക്കാറിേൻറത് മനുഷ്യത്വരഹിത സമീപനം'
നീറുന്ന പ്രതിസന്ധികൾക്കിടയിലും ഒരു വിട്ടുവീഴ്ചയുമില്ലാതെ ജോലി ചെയ്യുന്ന ആശ പ്രവർത്തകരോട് സർക്കാർ മനുഷ്യത്വരഹിത സമീപനമാണ് കാണിക്കുന്നതെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി.കെ. സദാനന്ദൻ അറിയിച്ചു. കുടിശ്ശിക വരുത്താതിരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ആരോഗ്യ മന്ത്രി വീണ ജോർജിന് നിവേദനം നൽകിയിരിക്കുകയാണ്. ആവശ്യം അവഗണിച്ചാൽ പണിമുടക്കുൾെപ്പടെ ശക്തമായ സമര പരിപാടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.