റബർവിലയിൽ ഉറപ്പ് നീളും; അതുവരെ സ്റ്റഡി ക്ലാസ്
text_fieldsകണ്ണൂർ: റബറിന് 300 രൂപയാക്കിയാൽ ബി.ജെ.പിക്ക് എം.പിയെ തരാമെന്ന തലശ്ശേരി ആർച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ തുടർന്ന് ബി.ജെ.പി നേതാക്കൾ നൽകിയ ഉറപ്പിൽ തീർപ്പ് വൈകും. അതുവരെ തലശ്ശേരി ഉൾപ്പെടെയുള്ള മേഖലകളിൽ റബർ കൃഷിയിൽ പ്രത്യേക ക്ലാസുകൾ നൽകും.
ജൂലൈയിൽ ഇത്തരം ക്ലാസുകൾ തുടങ്ങുകയാണ് റബർ ബോർഡിന്റെ ലക്ഷ്യം. റബർ കൃഷിയിലെ നൂതന പദ്ധതികൾ, സബ്സിഡികൾ തുടങ്ങിയ കാര്യങ്ങൾ കർഷകരെ ബോധ്യപ്പെടുത്തുകയാണ് ക്ലാസുകളിലൂടെ ഉദ്ദേശിക്കുന്നതെന്ന് റബർ ബോർഡ് വൈസ് ചെയർമാൻ കെ.എ. ഉണ്ണികൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
തലശ്ശേരി ബിഷപ്പിന്റെ വിവാദ പ്രസ്താവന രാഷ്ട്രീയമായി അനുകൂലമാക്കുകയെന്ന ലക്ഷ്യമിട്ട് ബി.ജെ.പി നേതാക്കൾക്കു പുറമെ റബർ ബോർഡ് ചെയർമാനും വൈസ്ചെയർമാനും ബിഷപ്പിനെ സന്ദർശിച്ചിരുന്നു. റബർ വിലവർധനയിൽ അനുകൂല തീരുമാനമെടുക്കുന്നതിന് പുറമെ കോട്ടയത്ത് റബർ ബോർഡ് പ്ലാറ്റിനം ജൂബിലിയാഘോഷ ചടങ്ങിൽ കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കുമെന്നും ഉറപ്പുനൽകി.
എന്നാൽ, കേന്ദ്രമന്ത്രിതന്നെ പരിപാടിയിൽ നേരിട്ട് എത്താത്തതിനാൽ ആ ഉറപ്പുകൾ നിറവേറ്റാനായില്ല. കേന്ദ്രമന്ത്രി വീണ്ടും കേരളത്തിലെത്തുന്ന വേളയിൽ കൂടിക്കാഴ്ച ഒരുക്കുമെന്നാണ് പിന്നീട് സഭാപ്രതിനിധികൾക്ക് ഇപ്പോൾ നൽകിയ ഉറപ്പ്. റബർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിവിധ സഭാപ്രതിനിധികൾ പ്രധാനമന്ത്രിയുമായി ഉന്നയിച്ച കാര്യങ്ങളിലും ഉറപ്പൊന്നും ലഭിച്ചിട്ടില്ല.
വില കൂട്ടാൻ ഉതകുന്ന വിവിധ വിഷയങ്ങൾ റബർ ബോർഡ് കേന്ദ്രസർക്കാറിനു മുന്നിൽ ശിപാർശയായി സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ വിലസ്ഥിരത പദ്ധതി മാതൃകയിൽ എന്തെങ്കിലും ആവിഷ്കരിക്കുകയാണ് നിർദേശങ്ങളിൽ പ്രധാനം.
കർഷകർക്ക് പ്രയോജനകരമായ സബ്സിഡി ഉൾപ്പെടെയുള്ള നിർദേശങ്ങളും സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറാണ് തീരുമാനമെടുക്കേണ്ടതെന്നും അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റബർ ബോർഡ് വൈസ്ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.