കോൺഗ്രസ് ഓഫിസുകൾക്കുനേരെ വ്യാപക ആക്രമണം
text_fieldsകണ്ണൂർ: ജില്ലയിൽ കോൺഗ്രസ് ഒാഫിസുകൾക്കുനേരെ വ്യാപക അക്രമം. ഹനുമാരമ്പലത്തിനു സമീപമുള്ള ഓഫിസും സ്തൂപവും കഴിഞ്ഞ ദിവസം ഒരുസംഘം അടിച്ചു തകർത്തു. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
അഞ്ചരക്കണ്ടി: മുഴപ്പാലയിലെ കൈതപ്രത്തെ കോൺഗ്രസ് ഓഫിസ് അടിച്ചുതകർത്തു. തിങ്കളാഴ്ച രാത്രിയാണ് തകർത്തത്. ഓഫിസിനകത്തെ അമ്പതോളം കസേരകൾ, മേശകൾ, ഫർണിച്ചറുകൾ എന്നിവ തകർത്തു. ഓഫിസ് ജനാല, വാതിലുകൾ എന്നിവ അടർത്തിയെടുത്ത് തകർത്തു.
സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് പറഞ്ഞു. പാളയത്തെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള പ്രിയദർശിനി ക്ലബിന് തീയിട്ടു. ക്ലബിനകത്തെ കൊടികളും മറ്റും കത്തിനശിച്ചു. കീഴല്ലൂർ ബാങ്കിനോട് ചേർന്നുള്ള കോൺഗ്രസ് ഓഫിസിന് മുൻവശത്തെ കൊടിമരങ്ങളും നശിപ്പിച്ച അവസ്ഥയിലാണ്. മുഴപ്പാല കൈതപ്രത്തെ ഓഫിസ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം ചക്കരക്കൽ പൊലീസിൽ പരാതി നൽകി.
ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ഈയ്യത്തുങ്കാട് പ്രിയദർശിനി മന്ദിരം തിങ്കളാഴ്ച രാത്രി ആക്രമിച്ചു. ജനലും വാതിലും തകർത്തു. അകത്തുകയറിയ അക്രമിസംഘം ഫർണിച്ചറും തകർത്തു. ഇരുമ്പ് പൈപ്പിൽ സ്ഥാപിച്ച കൊടിമരവും പിഴുതെറിഞ്ഞു. സി.പി.എം സംഘമാണ് ആക്രമണം നടത്തിയതെന്ന് തകർക്കപ്പെട്ട മന്ദിരം സന്ദർശിച്ച കെ.പി.സി.സി അംഗം വി. രാധാകൃഷ്ണൻ ആരോപിച്ചു. കോടിയേരി ബ്ലോക്ക് പ്രസിഡൻറ് വി.സി. പ്രസാദ്, കോടിയേരി മണ്ഡലം പ്രസിഡൻറ് പ്രസീൽ ബാബു, ന്യൂമാഹി മണ്ഡലം പ്രസിഡൻറ് സി.ആർ. റസാഖ്, സെക്രട്ടറി മയലക്കര രാജീവൻ, ഷാനു തലശ്ശേരി എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു.
എടക്കാട്: കടമ്പൂരിൽ കോൺഗ്രസ് ഓഫിസായി പ്രവർത്തിക്കുന്ന രാജീവ് ഭവൻ അടിച്ചുതകർത്തു. ജനൽ ചില്ലുകളും കസേരകളും ബോർഡുകളും ആക്രമണത്തിൽ തകർന്നു. ചൊവ്വാഴ്ച രാത്രി എേട്ടാടെയാണ് സംഭവം. പ്രതിഷേധ പ്രകടനവുമായെത്തിയ സി.പി.എം പ്രവർത്തകരാണ് പാർട്ടി ഓഫിസ് തകർത്തതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സംഭവസ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മേഖലയിൽ പൊലീസ് സാന്നിധ്യം ശക്തമാക്കി.
തലശ്ശേരി: മഞ്ഞോടി, മാടപ്പീടിക, ഇല്ലത്ത്താഴ, മൂഴിക്കര, കുട്ടിമാക്കൂൽ, ന്യൂമാഹി, കതിരൂർ ചോയ്യാടം എന്നിവിടങ്ങളിൽ കോൺഗ്രസ് ഒാഫിസുകൾക്ക് നേരെ ആക്രമണം. മഞ്ഞോടിയിലെ തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിന് നേരെ തിങ്കളാഴ്ച വൈകീട്ട് ആറിനാണ് ആക്രമണം നടന്നത്. സി.പി.എം സംഘമാണ് അക്രമം അഴിച്ചുവിട്ടതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സമീപത്തെ ആയുർവേദ മെഡിക്കൽ ഗോഡൗണിെൻറ വാതിലും ജനൽ ചില്ലുകളും തകർത്തിട്ടുണ്ട്.
ഇല്ലത്ത്താഴ കോൺഗ്രസ് ഓഫിസിനും പ്രിയദർശിനി ക്ലബിന് നേരെയുമാണ് ആക്രമണം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഓഫിസിന് താഴെയുള്ള കിണറിലേക്ക് ടെലിവിഷനും മറ്റും വലിച്ചെറിഞ്ഞു. മാടപ്പീടിക ഗുംട്ടിയിൽ കോൺഗ്രസ് ഓഫിസിനു നേരെ ബോംബേറുണ്ടായി. കഴിഞ്ഞ മാസം 21ന് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്ത് രാജീവ് ഭവന് നേരെയാണ് തിങ്കളാഴ്ച രാത്രി ബോംബേറുണ്ടായത്.
കുട്ടിമാക്കൂലിൽ രാജീവ്ഗാന്ധി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നിയന്ത്രണത്തിലുളള കയ്യാല ശശീന്ദ്രൻ സ്മാരക മഠം ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തു. ആക്രമണത്തിനിരയായ ഒാഫിസുകളിൽ പൊലീസെത്തി പരിശോധിച്ചു. കെ. മുരളീധരൻ എം.പി, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, വി.എ. നാരായണൻ, സജ്ജീവ് മാറോളി, വി. രാധാകൃഷ്ണൻ, വി.എൻ. ജയരാജ്, എം.പി. അരവിന്ദാക്ഷൻ, അഡ്വ.സി.ടി. സജിത്ത്, വി.സി. പ്രസാദ്, കെ. ജിതേഷ് തുടങ്ങിയവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.