യാത്രക്കാരുടെ ശ്രദ്ധക്ക്, ദയവായി ഓടാൻ തയാറാവൂ... കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ വട്ടംകറക്കി അനൗൺസ്മെന്റ്
text_fieldsകണ്ണൂർ: ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധക്ക്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നവർ ഓടാനും ചാടാനും തയാറായി വരുക. ട്രെയിൻ എത്തിച്ചേരുന്ന പ്ലാറ്റ് ഫോം മാറാൻ സാധ്യതയുണ്ട്. ഒരാഴ്ചയായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇതാണ് സ്ഥിതി. നേരത്തെ അനൗൺസ് ചെയ്യുന്ന പ്ലാറ്റ് ഫോം ട്രെയിൻ എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പേയാണ് മാറ്റുന്നത്. ജില്ലയിലെ വിവിധയിടങ്ങളിൽ അറ്റകുറ്റ പ്രവൃത്തി നടത്തുന്നതാണ് കാരണം. എന്നാൽ ഇതു മുൻകൂട്ടി യാത്രക്കാരെ അറിയിക്കണമെന്നത് കാറ്റിൽപറത്തിയാണ് റെയിൽവേ അധികൃതർ പ്രായമായവരെയും കുട്ടികളെയും സ്ത്രീകളേയുമടക്കം വട്ടംചുറ്റിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ മംഗളൂരുവിൽനിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ട്രെയിൻ 11.55നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാംപ്ലാറ്റ് ഫോമിലെത്തുമെന്ന് അറിയിച്ചത്. യാത്രക്കായി നൂറുകണക്കിന് ആളുകൾ ഈ പ്ലാറ്റ് ഫോമിൽ കാത്തിരിപ്പായിരുന്നു. 11.40 ഓടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ എത്തുമെന്ന് അധികൃതർ അനൗൺസ് ചെയ്തു. പ്രായമയവരും കുട്ടികളുടമടക്കം തിക്കിത്തിരക്കി പടവുകൾ കയറി ഒന്നാംപ്ലാറ്റ് ഫോമിലേക്ക് കിതച്ചെത്തി.
എന്നാൽ മിനിറ്റുകൾക്കകം അധികൃതർ വീണ്ടും മൂന്നാം പ്ലാറ്റ് ഫോമിലേക്ക് തന്നെ എത്തുമെന്ന് അറിയിച്ചു. ട്രെയിൻ എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് രണ്ടാംതവണയും പ്ലാറ്റ് ഫോം മാറ്റിയത്. ഇതോടെ ട്രെയിൻ എത്തിച്ചേരാൻ ചുരുങ്ങിയ സമയം മാത്രം ബാക്കിയുള്ളതിനാൽ നിരവധിയാളുകൾ ട്രാക്ക് മുറിച്ചാണ് മൂന്നാം പ്ലാറ്റ്ഫോമിലേക്ക് എത്തിയത്. രോഗികളടക്കം നിരവധിയാളുകളാണ് റെയിൽവേയുടെ തലതിരിഞ്ഞ നടപടിയിൽ ബുദ്ധിമുട്ടിലായത്. സംഭവത്തിൽ നിരവധി യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും ഒരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. മാഹി, എടക്കാട്, പഴയങ്ങാടി, പയ്യന്നൂർ ഭാഗങ്ങളിൽ അറ്റകുറ്റപ്രവൃത്തി നടത്തുന്നതിനാലാണ് പ്ലാറ്റ് ഫോം മാറ്റേണ്ടി വരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, പ്ലാറ്റ് ഫോമിൽ ട്രെയിൻ എത്തുന്നത് മുൻകൂട്ടി തീരുമാനിച്ച് ഉറപ്പാക്കിക്കൂടേ എന്നാണ് യാത്രക്കാരുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.