ടോപോഗ്രഫിക് സർവേയിൽ അധികൃതർ അടയിരിക്കുന്നു; തീരം കടൽ കവരുന്നു
text_fieldsതൃക്കരിപ്പൂർ: കടലാക്രമണ പ്രതിരോധ പ്രവർത്തനത്തിെന്റ ഭാഗമായി തീരദേശത്തെ ‘ഹോട്ട് സ്പോട്ടാ’യി പരിഗണിക്കപ്പെടുന്ന വലിയപറമ്പ പഞ്ചായത്തിലെ തീരപഠനത്തിെന്റ ഭാഗമായുള്ള ടോപോഗ്രഫിക് സർവേ റിപ്പോർട്ട് ഇനിയും ലഭ്യമായില്ല.
വലിയപറമ്പ പഞ്ചായത്തിലെ 20 കിലോമീറ്റർ തീരമാണ് ഒന്നര വർഷം മുമ്പ് സർവേ നടത്തിയത്. തീരത്തുനിന്ന് 100 മീറ്റർ പരിധിക്കകത്ത് വരുന്ന കെട്ടിടങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയത്. ഒരാഴ്ചക്കകം ട്രോപോഗ്രഫിക് പഠനം പൂർത്തിയാക്കുമെന്നും വിശദ റിപ്പോർട്ട് ഏഴുദിവസം കൊണ്ട് സമർപ്പിക്കുമെന്നുമാണ് ഇറിഗേഷൻ വകുപ്പിന് വേണ്ടി സർവേ നടത്തിയ സ്വകാര്യ ഏജൻസി അറിയിച്ചിരുന്നത്.
കേരളത്തിലെ കടൽക്ഷോഭ സാധ്യത കൂടിയ 10 തീരങ്ങളിൽ ഒന്നാണ് വലിയപറമ്പ. കോസ്റ്റൽ ഇറോഷൻ സ്റ്റഡീസ് തലശ്ശേരി സെക്ഷൻ ഓഫിസിനാണ് മേൽനോട്ട ചുമതല.
അതീവ ദുർബലമായ തീരമേഖല സംരക്ഷണത്തിന് 1500 കോടി രൂപയാണ് 2021 ബജറ്റിൽ വകയിരുത്തിയത്. കിഫ്ബിയിൽനിന്നാണ് പണം ലഭ്യമാക്കേണ്ടത്. ആവർഷം ജൂലൈയിൽതന്നെ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും ബജറ്റിൽ പറഞ്ഞിരുന്നു.
പ്രഖ്യാപനം വന്ന് രണ്ടുവർഷം പിന്നിടുമ്പോഴും വലിയപറമ്പ ദ്വീപിെന്റ തീരം കടൽ കവരുകയാണ്. തീരകവചമായി വെച്ചുപിടിപ്പിച്ച കാൽ ലക്ഷത്തോളം കാറ്റാടി മരങ്ങളിൽ ഭൂരിഭാഗവും തിരകൾ കൊണ്ടുപോയി. കൊല്ലം ജില്ലയിൽ പരീക്ഷിച്ച് വിജയംകണ്ട കോൺക്രീറ്റ് ടെട്രോപോഡുകൾ ഉപയോഗിക്കുകയാണ് അനുയോജ്യമെന്ന് ദ്വീപ് വാസികൾ പറയുന്നു. കടൽ ഭിത്തി നിർമിക്കുന്നത് ഇവിടെ പ്രായോഗികമല്ല. ഇത്തരത്തിൽ നേരത്തേ മാവിലകടപ്പുറം മേഖലയിൽ നടത്തിയ പരീക്ഷണം പരാജയമായിരുന്നു. അതേസമയം, അരലക്ഷം കാറ്റാടി മരങ്ങൾ കൂടി നട്ടുപിടിപ്പിക്കാനുള്ള ഒരുക്കങ്ങളാണ് പഞ്ചായത്ത് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.