അധികൃതർ കൈമലർത്തുന്നു; മലയോരം കാട്ടുതേനീച്ച ഭീതിയിൽ
text_fieldsഇരിട്ടി: വേനൽ കനത്തതോടെ മലയോരത്ത് കാട്ടുതേനീച്ചകളുടെയും കടന്നലിന്റെയും ആക്രമണഭീഷണി കൂടുകയാണ്. കഴിഞ്ഞ ദിവസം കാട്ടുതേനീച്ചയുടെ കുത്തേറ്റ് കോളിക്കടവിൽ ഒരാൾ മരിച്ചത് ജനങ്ങളെ ഭീതിയിലാക്കുന്നു. മേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ ഇവയുടെ സാന്നിധ്യം ഉള്ളതാണ് ആശങ്ക കൂട്ടുന്നത്.
താലൂക്ക് വികസന സമിതി യോഗത്തിൽ ഇരിട്ടി എ.ഇ.ഒ തന്നെ സ്കൂൾ പരിസരത്തെ കാട്ടുതേനീച്ചക്കൂടുമായി ബന്ധപ്പെട്ട ഭീഷണി ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപെടുത്തിയിരുന്നു. തൊട്ടടുത്ത ദിവസംതന്നെ തേനീച്ചയുടെ കുത്തേറ്റ് ഒരാൾക്ക് ജീവൻ നഷ്ടമായ സംഭവം പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു. മേഖലയിലെ പ്രധാന പാലങ്ങൾ, ബഹുനില കെട്ടിടങ്ങൾ, റോഡരികിലെയും കൃഷിയിടങ്ങളിലെയും കൂറ്റൻ മരങ്ങൾ എന്നിവിടങ്ങളിലെല്ലാം കാട്ടുതേനീച്ചകളുടെയോ കടന്നലിന്റെയോ കൂടുകളുണ്ട്.
കഴിഞ്ഞ ദിവസം കാട്ടുതേനീച്ചയുടെ കുത്തേറ്റ് മരിച്ച സെബാസ്റ്റ്യൻ സ്വന്തം പറമ്പിൽ ടാപ്പിങ് നടത്തുന്നവരെ സഹായിക്കാൻ പോയതായിരുന്നു. സമീപത്തെ പറമ്പിൽനിന്ന് തേനീച്ചയുടെ കുത്തേറ്റ് ആളുകൾ ഓടുന്നതിനിടയിൽ പിന്തുടർന്നെത്തിയ തേനീച്ചക്കൂട്ടം സെബാസ്റ്റ്യനെ വളയുകയായിരുന്നു. നൂറോളം ഈച്ചകളുടേ കുത്തേറ്റ് തളർന്നുവീണ സെബാസ്റ്റ്യനെ ഇരിട്ടിയിൽനിന്നും അഗ്നിരക്ഷാസേന എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടയിൽ രണ്ട് അഗ്നിരക്ഷാസേന പ്രവർത്തകർക്കുൾപ്പെടെ ആറു പേർക്ക് കുത്തേറ്റു.
കുത്തേറ്റ് 48 മണിക്കൂർ പൂർത്തിയാകുന്നതിന് മുമ്പുതന്നെ സെബാസ്റ്റ്യൻ മരണത്തിന് കീഴടങ്ങി. നിസ്സാരമായി കാണേണ്ടതല്ല ഇവയുടെ ഭീഷണിയെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.
വെയിലിന് ചൂട് കൂടുമ്പോൾ തേനീച്ചക്കൂട്ടം സ്വയം കൂട്ടിൽനിന്നിളകി ഭീഷണിയാകാറുണ്ട്. മറ്റു സന്ദർഭങ്ങളിൽ കാക്ക, പരുന്ത് തുടങ്ങിയ പക്ഷികൾ ഇവയുടെ കൂടിന് കൊത്തുമ്പോഴാണ് കൂട്ടമായി ഇളകുന്നത്. കഴിഞ്ഞ ദിവസം കേളകം, കൊട്ടിയൂർ മേഖലയിൽനിന്നും 12ഓളം പേർക്കാണ് കാട്ടുതേനീച്ചകളുടെ കുത്തേറ്റത്. കഴിഞ്ഞ ദിവസം അടക്കാത്തോട് സ്കൂൾ ഗ്രൗണ്ടിൽ മരത്തിന് മുകളിൽ തേനീച്ചക്കൂട്ടം കൂടുകൂട്ടിയത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. തേനീച്ചകളെക്കൊണ്ട് പൊറുതിമുട്ടിയ പ്രദേശവാസികൾ വർഷംതോറും അധികൃതർക്ക് പരാതി നൽകാറുണ്ടെങ്കിലും നടപടിയുണ്ടാകാത്തത് അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
വൻ മരങ്ങളിൽ കൂടുകൂട്ടുന്ന ഇവ മരത്തിന്റെ ചില്ലയൊടിഞ്ഞ് വീഴുമ്പോഴും വേനൽ കാറ്റിൽ മരച്ചില്ലകൾ ഇളകിയാടുമ്പോഴും പുറത്തിറങ്ങും. നിരവധി വാഹനങ്ങളും യാത്രക്കാരും പോകുന്ന കോളിക്കടവ് പാലത്തിന്റെ അടിവശം നിറയെ കാട്ടുതേനീച്ചകളുടെ കൂടുകളുണ്ട്.
ഇരിട്ടി-പേരാവൂർ റൂട്ടിൽ കാക്കയങ്ങാട് മുതൽ എടത്തൊട്ടിവരെയുള്ള പ്രദേശങ്ങളിൽ റോഡരികിലെ വലിയ മരത്തിന് മുകളിലും തേനീച്ചകളുടെ നിരവധി കൂടുകളുണ്ട്.
കെട്ടിടങ്ങളിലും പാലങ്ങളിലും അധികം പൊക്കത്തിലല്ലാതെ മരത്തിനുമുകളിലും കൂട്ടിയ കൂടുകൾ രാത്രികാലങ്ങളിൽ മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് വലിയ പന്തം ഉണ്ടാക്കിയാണ് കത്തിച്ചുകളയുന്നത്. വനം വകുപ്പും പൊലീസുമൊന്നും ഇത്തരം പ്രവൃത്തികൾക്ക് എത്താറില്ല. എല്ലാ പ്രദേശങ്ങളിലും ഒരു സംഘം നാട്ടുകാരാണ് ഇതിന് നേതൃത്വം നൽകുന്നത്.
തേനീച്ച ആക്രമണം കനത്തതോടെ പറമ്പുകളിലും മറ്റും ജോലിക്ക് പോകുന്ന തൊഴിലാളികൾ ആശങ്കയിലാണ്. നിരന്തരമുണ്ടാകുന്ന കടുവ, പുലി, കാട്ടുപന്നി, കാട്ടാന ആക്രമണഭീതി നിലനിൽക്കുന്നതിനിടയിൽ തേനീച്ചയും കടന്നലും കൂടി ഈ പട്ടികയിലേക്ക് കടന്നുവരുകയാണ്. ഇതുമൂലം ജീവഹാനി ഉണ്ടായവരും പരിക്കേറ്റവരും മലയോരത്ത് നിരവധിയാണ്. വന്യജീവി വകുപ്പ് തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിലുണ്ടാകുന്ന ജീവഹാനിക്ക് നഷ്ടപരിപാരം അനുവദിച്ച് മൂന്നു മാസം മുമ്പ് ഉത്തരവിറക്കിയിരുന്നു. കാട്ടാനയുടെയും കാട്ടുപന്നിയുടെയും ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്. ഇത് തേനീച്ചയുടെയും കടന്നലിന്റെയും കുത്തേറ്റ് മരിക്കുന്നവർക്കും ലഭിക്കും.
തേനീച്ചക്കൂടുകൾ നീക്കം ചെയ്യാൻ നടപടി
കേളകം: അടക്കാത്തോട് സ്കൂളിന് ഭീഷണിയായ തേനീച്ചക്കൂടുകൾ നീക്കം ചെയ്യാൻ നടപടിയുമായി പഞ്ചായത്ത്. ഇരുപതിലധികം വീടുകൾക്കും അടക്കാത്തോട് ഗവ. യു.പി സ്കൂളിലെ കുട്ടികൾക്കും നാട്ടുകാർക്കും ഭീഷണിയായി സ്കൂൾ ഗ്രൗണ്ടിലെ കൂറ്റൻ മരത്തിലുള്ള 25 ഓളം തേനീച്ചക്കൂട്ടങ്ങളെ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിച്ചതായി കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അറിയിച്ചു.
തേനീച്ചക്കൂട്ടത്തെ നീക്കിയ ശേഷം തേനീച്ചകൾ പതിവായി കൂടുകൂട്ടുന്ന മരം മുറിച്ചുനീക്കമെന്നും പ്രസിഡന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.