നഗരത്തിലെ ഓട്ടോറിക്ഷകൾ; പരിശോധന ഒരു മാസത്തിനകം
text_fieldsകണ്ണൂർ: ഓട്ടോറിക്ഷ പ്രീപെയ്ഡ് നിരക്കും ടൗണ്‍ പരിധിയും ഒരു മാസത്തിനകം പുനര്‍ നിശ്ചയിക്കാൻ കോര്പറേഷന് തല ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തീരുമാനം. പാര്‍ക്കിങ്, കെ.സി നമ്പര്‍ അനുവദിക്കല്‍, പ്രീപെയ്ഡ് നിരക്ക് നിശ്ചയിക്കല്‍ എന്നിവ സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ഓട്ടോറിക്ഷ തൊഴിലാളി യൂനിയന്‍, പ്രസ് ക്ലബ്, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെയും സംയുക്തയോഗത്തിലാണ് തീരുമാനം.
ഓട്ടോറിക്ഷ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. നിയമസഭ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെട്ട സബ് കമ്മിറ്റി രൂപവത്കരിച്ച് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെയും കോര്പറേഷന് കൗണ്‍സിലിന്റെയും അംഗീകാരത്തോടെ പ്രീപെയ്ഡ് നിരക്ക്, നഗരപരിധി എന്നിവ സംബന്ധിച്ച് തീരുമാനമെടുത്ത് ഒരു മാസത്തിനുള്ളില്‍ നടപ്പാക്കും.
ഓട്ടോറിക്ഷ അധിക നിരക്ക് സംബന്ധിച്ച് യോഗത്തില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ കോര്പറേഷന് പരിധിയില്‍ മീറ്റര്‍ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്നും, പുറത്ത് പോകുമ്പോള്‍ മീറ്റര്‍ നിരക്കും പകുതിയും ഈടാക്കാമെന്നും ആര്.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണന് വിശദീകരിച്ചു. ഒരു മാസത്തിനുള്ളില്‍ കെ.സി നമ്പര്‍ പരിശോധന നടത്തി പട്ടിക ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കുമെന്നും ടി.പി നമ്പര്‍ ആര്.ടി.ഒ മുഖേന നല്‍കിയിട്ടില്ലെന്നും ആര്.ടി.ഒ വിശദീകരിച്ചു. ഇതു പ്രകാരം കെ.സി നമ്പര്‍ പരിശോധിച്ച് ഒരാള്‍ക്ക് ഒരു പെർമിറ്റ് മാത്രം അനുവദിച്ച് ഒഴിവുവരുന്നവയില് നഗരപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്കി നമ്പര്‍ അനുവദിക്കും. ടി.പി നമ്പര്‍ കോര്പറേഷന്, ആര്.ടി.ഒ മുഖേന അനുവദിച്ചതല്ലാത്തതിനാല് അടിയന്തരമായി ഓട്ടോറിക്ഷകളില്‍നിന്ന് നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം ട്രാഫിക് പൊലീസ്, ആര്.ടി.ഒ ഇടപെട്ട് ടി.പി സ്റ്റിക്കറുകള്‍ നീക്കം ചെയ്യണമെന്നും യോഗം തീരുമാനിച്ചു.
നഗരത്തിൽ പെർമിറ്റ് ഇല്ലാതെ ഓടുന്ന ഓട്ടോറിക്ഷകളെ പൂട്ടാൻ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിരുന്നു. അനധികൃത ഓട്ടോറിക്ഷ പെർമിറ്റിനെതിരെ വെള്ളിയാഴ്ച കണ്ണൂർ നഗരത്തിൽ സംയുക്ത ട്രേഡ് യൂനിയൻ സമിതിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം ഓട്ടോറിക്ഷകൾ പണിമുടക്കിയിരുന്നു. യോഗത്തിൽ മേയര്‍ മുസ് ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് സുരേഷ് ബാബു എളയാവൂര്, സി. സമീര്‍, കെ.വി. സലീം, പുനത്തില്‍ ബാഷിത്, സി. സുനില്‍ കുമാര്‍, സി. മനോഹരന്, എ.വി. പ്രകാശന്, അനീഷ് കുമാര്‍, വെള്ളോറ രാജന്, കുന്നോത്ത് രാജീവന്, എന്‍. ലക്ഷ്മണന്, സി. ധീരജ്, എന്‍. പ്രസാദ്, കെ. രാംദാസ്, ടി.കെ. നവാസ്, കെ. അബ്ദുൽ അസീസ്, കെ.പി. സത്താര്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് സിയാദ് തങ്ങള്‍ സ്വാഗതവും കോര്പറേഷന് സെക്രട്ടറി ടി.ജി. അജേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.