ആയിഷ വധം: പ്രതിയെ കണ്ടെത്താൻ സഹായിച്ചത് ശാസ്ത്രീയ തെളിവുകൾ
text_fieldsകണ്ണൂർ: വാരത്തെ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന വയോധിക ആയിഷ കൊല്ലപ്പെട്ട കേസിൽ പ്രതിയെ കുടുക്കിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണം. അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട തുമ്പില്ലാത്ത കൊലപാതകം രണ്ടാഴ്ച കൊണ്ടാണ് പൊലീസ് തെളിയിച്ചത്. ഒരുപ്രതിയെ അസമിൽ നിന്ന് അറസ്റ്റ് ചെയ്ത അന്വേഷണസംഘം കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കവർച്ച ശ്രമത്തിനിടെ ആക്രമണത്തിനിരയായി സാരമായി പരിക്കേറ്റ പി.കെ. ആയിഷ സെപ്റ്റംബർ 29ന് രാവിലെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്. ഇതോടെയാണ് ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയത്. ഇതിനായി 20അംഗ പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നൽകി. നെഞ്ചിന് ചവിട്ടേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിരുന്നു. എന്തെങ്കിലും തെളിവ് അവശേഷിപ്പിക്കാതെയായിരുന്നു അക്രമികൾ രക്ഷപ്പെട്ടത്. വീടിനു പുറത്തിറങ്ങിയ ആയിഷയുടെ കാതിലുണ്ടായിരുന്ന സ്വർണം അരിഞ്ഞെടുക്കുകയും ചെയ്തിരുന്നു.
അക്രമികളെക്കുറിച്ച് സൂചനയൊന്നും ഇല്ലാതിരുന്നെങ്കിലും പൊലീസ് അന്വേഷണം ഊർജിതമാക്കി. തുമ്പില്ലാത്ത കേസിന് തുമ്പുണ്ടാക്കാനായി പൊലീസ് ശ്രമം. അന്വേഷണ സംഘത്തിൽ ഓരോ ആൾക്കും ഓരോ ചുമതല നൽകി. അന്വേഷണത്തിെൻറ ഭാഗമായി 200ഒാളം പേരെ ചോദ്യം ചെയ്തു. അമ്പതോളം സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു. സമാന രീതിയിൽ അക്രമം നടത്തിയ മുൻകാല പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പലരേയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അന്തർ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള ഏകദേശ രൂപം കിട്ടിയത്. കക്കാട് ഒരു ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആറംഗ അന്തർ സംസ്ഥാന തൊഴിലാളികളിൽ രണ്ടുപേർ ആയിഷ മരിച്ച 29ന് നാട്ടിലേക്ക് പോയതായി കണ്ടെത്തി. പിന്നീട് ഇവരെ േകന്ദ്രീകരിച്ചായി അന്വേഷണം. ഇവരിൽ ഒരാൾ ആയിഷയുടെ വീടിനു സമീപത്ത് നിർമാണ പ്രവൃത്തിക്ക് വന്നതായി തിരിച്ചറിഞ്ഞു.
ഇവിടെ നിന്നാണ്, ആയിഷ വീട്ടിൽ ഒറ്റക്കാണ് താമസിക്കുന്നതെന്നും കാതിലുള്ള തക്ക സ്വർണമാണെന്നും മനസ്സിലാക്കിയത്. സംഭവം നടന്ന ദിവസം രാത്രി ഇവർ കക്കാട്ടെ ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നില്ലെന്നും ഇവരാണ് 29ന് സ്വദേശത്തേക്ക് പോയതെന്നും കണ്ടെത്തി. ഇതിെൻറ അടിസ്ഥാനത്തിൽ അസം ഗുവാഹതിയിലെത്തിയാണ് ബാർപേട്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ മോബുള് ഹക്കിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടുപ്രതി നസറുള്ളിനെ കണ്ടെത്താനായിട്ടില്ല.
അറസ്റ്റിലായ മോബുൾ ഹക്കിനെ ഇവിടെയെത്തിച്ച് ചോദ്യം ചെയ്തെങ്കിലും ആദ്യം കുറ്റം സമ്മതിക്കാൻ തയാറായില്ലെന്ന് സി.ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു. പിന്നീട് സി.സി.ടി.വി കാമറ ദൃശ്യങ്ങളുടെയും ഇവരുടെ മൊബൈൽ ഫോൺ തെളിവുകളുടെയും അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. ആയിഷ ആക്രമിക്കപ്പെട്ടതിെൻറ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. കവർച്ച നടത്തിയ സ്വർണാഭരണം കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും. അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് കൂടിവരുകയാണെന്നും സി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.