അഴീക്കൽ തുറമുഖം: വികസന വേഗമേറി; കപ്പല്‍ചാല്‍ ഉടൻ ആഴംകൂട്ടും
text_fieldsകണ്ണൂർ: അഴീക്കല്‍ തുറമുഖത്തിെൻറ പശ്ചാത്തല സൗകര്യ വികസനത്തിനു വേഗതയേറുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന േയാഗം ടെൻഡര്‍ നടപടികള്‍ക്ക് നിര്‍ദേശം നല്കി. തുറമുഖ വികസനം സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകാനാവശ്യമായ നടപടികളും യോഗം ആസൂത്രണം ചെയ്തു. കപ്പല്‍ചാല്‍ ആഴംകൂട്ടുന്നതിനുള്ള ഡ്രഡ്ജിങ് ഉടന്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആഴം നാലു മീറ്ററാക്കുന്നതിനുള്ള ഡ്രഡ്ജിങ്ങാണ് നടത്തുക. നാലു ലക്ഷം ക്യുബിക് മീറ്ററിലേറെ മണ്ണും മണലും നീക്കം ചെയ്യേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഉടൻ ഇതിനാവശ്യമായ ടെൻഡര്‍ നടപടി തുടങ്ങും. നേരത്തേ ശേഖരിച്ച് ഇവിടെ സൂക്ഷിച്ചിട്ടുള്ള മണല്‍ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ടെൻഡര്‍ എടുത്തവര്‍ക്ക് ഇതിനായുള്ള വര്‍ക്ക് ഓര്‍ഡര്‍ അടുത്ത ദിവസം നല്‍കും. രണ്ടാഴ്ചകൊണ്ട് മണല്‍ നീക്കംചെയ്യാനാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
ഇൻറര്‍നാഷനല്‍ ഷിപ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐ.എസ്.പി.എസ്)യുടെയും മറ്റു സുരക്ഷ ഏജന്‍സികളുടെയും മാനദണ്ഡപ്രകാരം സുരക്ഷ സംവിധാനങ്ങളും ഉപകരണങ്ങളും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിൽ പൂര്‍ത്തിയാക്കും. തുറമുഖത്തെ അതി സുരക്ഷ മേഖലയാക്കി മാറ്റുന്നതിെൻറ ഭാഗമായി ആവശ്യമായ സുരക്ഷ ഉപകരണങ്ങള്‍, നിരീക്ഷണ സംവിധാനങ്ങള്‍, മറ്റ് ക്രമീകരണങ്ങള്‍ എന്നിവയാണ് ഒരുക്കേണ്ടത്. ചുറ്റുമതില്‍, തുറമുഖത്തേക്കും പുറത്തേക്കും പോകാന്‍ കാവല്‍ സംവിധാനത്തോടെയുള്ള വെവ്വേറെ ഗേറ്റുകള്‍ തുടങ്ങിയവ സ്ഥാപിക്കും.
പ്രവേശനം നിയന്ത്രിക്കുന്നതിന് പാസ് സംവിധാനം ഏര്‍പ്പെടുത്തും. സി.സി.ടി.വി കാമറകള്‍, തുറമുഖ ബെര്ത്തിെൻറ നാല് ചുറ്റും ലൈറ്റുകള്‍, കണ്ടെയ്നറുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഗോഡൗണ്‍ സൗകര്യം, കസ്റ്റംസ്, ഇമിഗ്രേഷന്‍ ഓഫിസിനുള്ള സൗകര്യം തുടങ്ങിയവയും ഇവിടെ ഏര്‍പ്പെടുത്തും. 100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരു ഗോഡൗണ്‍ ആണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്.
ഇതിന് നബാര്‍ഡ് സഹായത്തോടെയുള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കണ്ടെയ്നറുകളുടെ കസ്റ്റംസ് പരിശോധനക്ക് ആവശ്യമായി വരുകയാണെങ്കില്‍ ഉപയോഗിക്കുന്നതിനുള്ള റാമ്പ് സംവിധാനവും സജ്ജമാക്കേണ്ടതുണ്ട്.അഴീക്കലിന് മേഖലാപോര്‍ട്ട് ഓഫിസ് പദവി അനുവദിച്ചത് നടപ്പില്‍ വരുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.
കെ.വി. സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മാരിടൈം ബോര്‍ഡ് ചെയര്മാന് വി.ജെ. മാത്യു, ചീഫ് എക്സിക്യുട്ടിവ് ഓഫിസര്‍ എച്ച്. ദിനേശ്, ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ പ്രദീഷ് കെ.ജി. നായര്‍, കോഴിക്കോട് പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ ഹരി അച്യുത വാര്യര്‍, കസ്റ്റംസ് അസി. കമീഷണര്‍ ഇ. വികാസ്, പഞ്ചായത്ത് പ്രസിഡൻറ് കെ. അജീഷ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.