അഴീക്കൽ-ലക്ഷ്വദ്വീപ് ഉരു സർവിസ് യാഥാർഥ്യമാകുന്നു
text_fieldsഅഴീക്കോട്: അഴീക്കൽ തുറമുഖത്തുനിന്ന് ലക്ഷ്വദ്വീപിലേക്ക് സ്ഥിരം ചരക്കുനീക്കം നടത്താൻ അഴീക്കലിൽ ഉരു നങ്കൂരമിട്ടു. പ്രൈം മെറിഡിയൻ ഷിപ്പിങ് കമ്പനിയുടെ 'എം.എസ്.വി ജൽജ്യോതി' ഉരുവാണ് ഗുജറാത്തിൽനിന്ന് എത്തിയത്. ചരക്ക് ലഭിക്കുന്നതനുസരിച്ച് സർവിസ് ആരംഭിക്കും. ഇത് അഴീക്കൽ തുറമുഖ വികസനത്തിന് കുതിപ്പേകുമെന്നും ചരക്ക് കയറ്റി അയക്കാനുള്ള കച്ചവടക്കാർ തുറമുഖ ഓഫിസുമായി ബന്ധപ്പെടണമെന്നും ഉരു സന്ദർശിച്ച കെ.വി. സുമേഷ് എം.എൽ.എ പറഞ്ഞു.
വർഷങ്ങൾക്കു മുമ്പ് അഴീക്കലിൽനിന്നും ലക്ഷദ്വീപിലേക്ക് ഉരു ഉപയോഗിച്ച് ചരക്ക് നീക്കം നടത്തിയിരുന്നു. ഇതാണ് എം.എൽ.എ യുടെ ഇടപെടലിലൂടെ പുനരാരംഭിക്കുന്നത്. നിർമാണ സാമഗ്രികളായ കല്ല്, ജില്ലി, കമ്പി, സിമന്റ് തുടങ്ങിയവയാണ് പ്രധാനമായും കൊണ്ടുപോവുക.
തേങ്ങ, കൊപ്ര, ഉണക്ക മീൻ എന്നിവ തിരിച്ചും കൊണ്ടുവരും. മൂന്ന് കിലോമീറ്റർ അകലെ റെയിൽവേ സ്റ്റേഷനും വളപട്ടണത്ത് സിമന്റ് കമ്പനി ഗോഡൗണുമുള്ളത് ചരക്ക് നീക്കത്തിന്റെ സാധ്യത വർധിപ്പിക്കും. നിലവിൽ ബേപ്പൂർ, മംഗലാപുരം എന്നിവിടങ്ങളിൽനിന്നാണ് ദ്വീപിലേക്ക് സാധനങ്ങൾ എത്തിക്കുന്നത്.
മംഗലാപുരത്തെ അപേക്ഷിച്ച് ദൂരം കുറവായതിൽ ഇവിടെനിന്നുള്ള ചരക്ക് നീക്കത്തിന് ചെലവ് കുറയും. ഇതിന്റെ ഗുണം ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും ലഭിക്കും. ബേപ്പൂരിൽനിന്നുള്ള അതേ ദൂരമാണ് അഴീക്കലിൽനിന്നും ലക്ഷദ്വീപിലേക്കുള്ളത്. ചരക്ക് ലഭിക്കാൻ അഴീക്കൽ തുറമുഖ ഉദ്യോഗസ്ഥർ, കമ്പനി ഡയറക്ടർമാർ എന്നിവർ ജില്ലയിലെ കച്ചവടക്കാരുമായി ചർച്ച നടത്തി.
ദ്വീപിലെത്താൻ ഒരു ദിവസം
282 ടൺ ശേഷിയുള്ള ഉരു 24 മണിക്കൂർ കൊണ്ടാണ് ദ്വീപിൽ എത്തുക. താരതമ്യേന വേഗം കൂടുതലുള്ളതിനാൽ മണിക്കൂറിൽ ഏഴ് നോട്ടിക്കൽ മൈൽ സഞ്ചരിക്കും. ക്യാപ്റ്റൻ ഹാറൂൺ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ എൻജിനീയറടക്കം ആറ് ജീവനക്കാരാണ് ഉണ്ടാവുക.
ചരക്ക് നീക്കത്തിന് ഇവിടം സൗകര്യപ്രദമാണെന്നും കൂടുതൽ സാധനങ്ങൾ ലഭിച്ചാൽ മാലിദ്വീപ് ഉൾപ്പടെയുള്ള സ്ഥലങ്ങളിലേക്ക് സാധനങ്ങൾ കൊണ്ടുപോകുമെന്നും ഷിപ്പിങ് കമ്പനി ഡയറക്ടർ നന്ദു മോഹൻ പറഞ്ഞു. സീനിയർ പോർട്ട് കൺസർവേറ്റർ അജിനേഷ് മാടങ്കര, ടഗ് മാസ്റ്റർ എം. റിജു, പ്രൈം മെറിഡിയൻ ഷിപ്പിങ് കമ്പനി ഡയറക്ടർ സുജിത്ത് പള്ളത്തിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.