പാതിവഴിയിൽ നിലച്ച കൈത്തറി ഗ്രാമം
text_fieldsഅഴീക്കോട്: തറിയുടെയും തിറയുടെയും നാടായാണ് കണ്ണൂർ എന്നും അറിയപ്പെട്ടത്. തറിയുടെ കാര്യത്തിലാണ് പരുങ്ങൽ. ജില്ലയിൽ ബർണശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ച കൈത്തറി വ്യവസായം അഴീക്കോട്, ചിറക്കൽ, കല്യാശ്ശേരി, ഇരിങ്ങാവ് എന്നീ ഗ്രാമങ്ങളിലെ നൂറു കണക്കിന് വീടുകളിൽ കുലത്തൊഴിലായിരുന്നു. സ്ത്രീകളും പുരുഷന്മാരുമടക്കം ആയിരക്കണക്കിന് പേർ നെയ്ത്തുജോലിയിലേർപ്പെട്ട് ഉപജീവനം നടത്തിയ നല്ലൊരു കാലമായിരുന്നു അത്. പത്മശാലിയ സമുദായ വിഭാഗത്തിൽപെട്ടവരായിരുന്നു ഭൂരിഭാഗവും. അന്നത്തെ ചിറക്കൽ താലൂക്ക് കേന്ദ്രീകരിച്ച് നിരവധി കൈത്തറി സ്ഥാപനങ്ങൾ ഉയർന്നുവന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തുണി കയറ്റിയയക്കാൻ തുടങ്ങി. ഇത്തരമൊരാവശ്യം മുൻ നിർത്തിയാണ് ചിറക്കൽ റെയിൽവേ സ്റ്റേഷന്റെ പിറവി.
കൈത്തറി വ്യവസായത്തിന്റെ നല്ല കാലത്ത് നിരവധി സഹകരണ സംഘങ്ങളും ഉടലെടുത്തു. വീടിനോട് ചേർന്ന് മഗ്ഗം വെച്ച് തൊഴിൽ ചെയ്തു വന്നിരുന്നവരുടെ ഈ കുലത്തൊഴിൽ ഇന്ന് തകർച്ചയിലാണ്. നെയ്ത്ത് പുനരുദ്ധരിക്കാൻ സർക്കാർ കൊണ്ടുവന്ന അഴീക്കോട് കൈത്തറി ഗ്രാമം പദ്ധതി ഇനിയും ലക്ഷ്യത്തിലെത്തിയിട്ടില്ല. വിരലിലെണ്ണാവുന്ന ആളുകളാണ് അഴീക്കോട് വീടുകളിൽ മഗ്ഗം കൂട്ടി നെയ്ത്ത് ജോലിയെടുക്കുന്നത്. തിരുവനന്തപുരത്ത് പേരുകേട്ട ബാലരാമപുരം കൈത്തറി ഗ്രാമത്തിന്റെ ചുവടുപിടിച്ച് അഴീക്കോട് ആരംഭിച്ചതാണ് കൈത്തറി ഗ്രാമം പദ്ധതി. സംസ്ഥാനത്തെ രണ്ടാമത്തെ കൈത്തറി ഗ്രാമമാക്കാനായിരുന്നുു സർക്കാർ ലക്ഷ്യമിട്ടത്.
കൈത്തറിവ്യവസായം തകർച്ച നേരിട്ടതോടെ ഏതാനും സഹകരണ സംഘങ്ങളും നിലംപൊത്തി. ഉമയാൾ വീവിങ് വർക്സ്, രാജരാജേശ്വരി വീവിങ്, ധനലക്ഷ്മി വീവിങ്, ഭാരതലക്ഷ്മി എന്നിവയടക്കം ആറോളം സ്വകാര്യ കൈത്തറി സ്ഥാപനങ്ങൾ ജില്ലയിൽ പ്രസിദ്ധി നേടിയവയായിരുന്നു. അവിടെ കൈത്തറി തൊഴിലാളികൾ താമസിക്കുന്ന പ്രദേശം നവീകരിച്ചതല്ലാതെ വ്യവസായത്തിന്റെ വളർച്ചക്ക് സർക്കാറിന് ഒന്നും ചെയ്യാൻ സാധിച്ചില്ലെന്ന പഴി മാത്രമാണ് ഇപ്പോൾ കേൾക്കുന്നത്.
വിപണനത്തിനും പ്രദർശനത്തിനുമായി മ്യൂസിയം, കൈത്തറി നെയ്ത്തുതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തെരുവിൽ പ്രവേശന കവാടം, നടപ്പാത, വിപണന കേന്ദ്രം എന്നിവയൊക്കെയായിരുന്നു പദ്ധതി. പദ്ധതി നടപ്പിലാക്കാനാവശ്യമായ സ്ഥലം ലഭ്യമായില്ലെന്ന കാരണം പറഞ്ഞ് സർക്കാർ കൈയൊഴിഞ്ഞു. 2011ൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുമായി സഹകരിച്ച് 4.5 കോടി രൂപ വകയിരുത്തി ചില മാറ്റങ്ങങൾ വരുത്തി. 2015ൽ ടൂറിസം മന്ത്രിയായിരുന്ന എ.പി. അനിൽകുമാർ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. തെരു പ്രദേശത്ത് ടൈൽസ് പതിച്ച നടപ്പാത, വീടുകൾക്ക് ചെങ്കൽ മതിൽ, പ്രവേശന കവാടം, പാതയോരത്ത് സോളാർ വിളക്കുകൾ എന്നിവ സ്ഥാപിച്ചു. തെരു ഗണപതി മണ്ഡപത്തിന് സമീപമുള്ള കുളം നവീകരിച്ചു. 27 വീട്ടുകാർക്ക് കൈത്തറി ലൂമുകളും അലമാരയും10 വീട്ടുകാർക്ക് വീടിന് തൊട്ട് വർക്ക് ഷെഡും നിർമിച്ച് നൽകി. ഇത് 2016ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാടിന് സമർപ്പിച്ചു.
തുടർ പ്രവർത്തനം ഒന്നുമുണ്ടായില്ല
സൗജന്യമായിക്കിട്ടിയ ലൂമുകളിൽ (മഗ്ഗം) ചിലർ ജോലി ചെയ്തിരുന്നു. ഒരു ലൂമിന് ഏതാണ്ട് 70,000 രൂപയാണ് ചെലവ്. വീണ്ടും 2016ൽ അധികാരത്തിൽ വന്ന സർക്കാർ കൈത്തറി ഗ്രാമത്തിന്റെ വികസനത്തിനോ നവീകരണത്തിനോ ഒന്നും വകയിരുത്തിയില്ല. അതോടെ, പദ്ധതി ഏറക്കുറേ ഉപേക്ഷിച്ച നിലയിലായി. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന അഴീക്കോട് വീവേഴ്സ് സഹകരണ സൊസൈറ്റി തകർന്നതിനാൽ അന്നത്തെ കെട്ടിടം നിർദിഷ്ട കൈത്തറി ഗ്രാമത്തിന് സമീപം നോക്കുകുത്തിയായി നിലനിൽക്കുന്ന കാഴ്ച മാത്രം മതി കൈത്തറിയുടെ തകർച്ച വ്യക്തമാവാൻ.
ചിറക്കൽ വീവേഴ്സ് സൊസൈറ്റിയുടെ പ്രവർത്തനവും മന്ദഗതിയിൽ തന്നെ. വ്യവസായ തകർച്ചമൂലം ചിറക്കൽ, അഴീക്കോട് പ്രദേശങ്ങളിലെ 15 ഓളം ചെറുതും വലുതുമായ സ്വകാര്യ കൈത്തറി മില്ലുകളും അടഞ്ഞുകിടക്കുന്നു. കല്യാശ്ശേരിയിൽ ഇരിണാവ്, മാങ്ങാട് എന്നിവിടങ്ങളിലും ചിറക്കൽ, കാഞ്ഞിരോട് എന്നിവിടങ്ങളിലും മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന ഏതാനും സഹകരണ സംഘങ്ങൾ സജീവമാണ്.
തമിഴ്നാട്ടിൽനിന്ന് യഥേഷ്ടം
തമിഴ്നാട്ടിൽനിന്ന് കുറഞ്ഞ വിലയിൽ മെഷീൻ തുണിത്തരങ്ങളുടെ വരവാണ് കൈത്തറി മേഖലയുടെ തകർച്ചക്ക് ആക്കം കൂട്ടിയത്. ഇത് മറികടക്കാനുള്ള തന്ത്രമൊന്നും ആവിഷ്കരിക്കാനും ഇവർക്കായില്ല. പുതുതലമുറയുടെ അഭിരുചിക്കനുസരിച്ച് മുന്തിയ തുണികൾ ഉൽപാദിപ്പിക്കാൻ കൈത്തറിക്കായില്ല.
കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ കാലോചിതമായ സഹായം ലഭിക്കാത്തതും ജി.എസ്.ടി പോലുള്ള നികുതി പരിഷ്കാരവും കനത്ത തിരിച്ചടിയായി. ഓണം, വിഷു, ക്രിസ്മസ് കാലത്തെ പ്രത്യേക വില്ലനയിലൂടെയല്ലാതെ വർഷം മുഴുവൻ വിൽപന നടത്താനുള്ള സംവിധാനം ഏർപ്പെടുത്താത്തതും പ്രധാനകാരണമായി സംഘങ്ങൾ എടുത്തുപറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.