അഴീക്കോട് തുറമുഖത്തെ റീജനൽ പോർട്ടായി ഉയർത്തും
text_fieldsകണ്ണൂർ: അഴീക്കോട് തുറമുഖത്തെ റീജനൽ പോർട്ടായി ഉയർത്തുന്നതിന് തത്ത്വത്തിൽ തീരുമാനിച്ചതായി മാരിടൈം ബോർഡ് ചെയർമാനായി ചുമതലയേറ്റ എൻ.എസ്. പിള്ള പറഞ്ഞു. ഇതിനായി കാസർകോട്, കണ്ണൂർ, തലശ്ശേരി തുടങ്ങിയ ചെറുതുറമുഖങ്ങളെ കൂട്ടിച്ചേർത്ത് പുതിയ പോർട്ട് ഓഫിസർ തസ്തികയും അനുബന്ധ സൗകര്യങ്ങളും ഒരുക്കും.
അന്തിമ തീരുമാനത്തിന് ബോർഡിൽ നയപരമായ തീരുമാനമെടുത്ത് സർക്കാർ അംഗീകാരം ലഭിക്കണം. വളരെ കാലത്തോളം കപ്പൽ ഗതാഗതം നടത്തി പാരമ്പര്യമുള്ള അഴീക്കലിന്റെ പ്രൗഢി വീണ്ടെടുക്കാനും തുറമുഖ വികസനത്തിനുമായി കേരള മാരിടൈം ബോർഡും വ്യവസായികളുമായി നടന്ന ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വടക്കൻ മലബാറിന്റെ വികസനത്തിനും കപ്പൽ ഗതാഗതത്തിനും ഏറെ സാധ്യതയുള്ള തുറമുഖമാണ് അഴീക്കൽ. ഇവിടെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കും. കണ്ണൂരിൽനിന്ന് തിരിച്ച് ചരക്ക് കുറവാണെന്ന കാരണത്താലാണ് കപ്പലുകൾ അഴീക്കലിലേക്ക് വരാൻ വിമുഖത കാട്ടുന്നത്.
ഇതിന് പരിഹാരമായി കേരള മാരിടൈം ബോർഡ് സ്വന്തമായി രണ്ട് കപ്പലുകൾ വാങ്ങി ഗതാഗതം പുനഃസ്ഥാപിക്കും. വലിയൊരു കപ്പൽ നിർമിക്കാനാണ് ആദ്യം ഉദ്ദേശിച്ചത്. എന്നാൽ സ്ഥിരമായ ചരക്ക് ഗതാഗതത്തിന് ചെറിയ രണ്ട് കപ്പലുകളാവും നല്ലതെന്ന അഭിപ്രായത്തെ തുടർന്നാണിത്.
അഴീക്കലിൽ കപ്പൽ ചാൽ നാലു മീറ്ററായി വർധിപ്പിക്കാനും ചരക്ക് കണ്ടെയ്നറുകൾ സൂക്ഷിക്കുന്നതിനാവശ്യമായ വെയർഹൗസ് നിർമിക്കാനുമുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്നും എൻ.എസ്. പിള്ള അറിയിച്ചു. യോഗത്തിൽ സ്പീക്കർ എ.എൻ. ഷംസീർ, കെ.വി. സുമേഷ് എം.എൽ.എ, കലക്ടർ എസ്. ചന്ദ്രശേഖർ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, കേരള മാരിടൈം ബോർഡ് സി.ഇ.ഒ സലിംകുമാർ, കോഴിക്കോട് പോർട്ട് ഓഫിസർ അശ്വിനി പ്രതാപ്, അഴീക്കൽ പോർട്ട് ഓഫിസർ ക്യാപ്റ്റൻ പ്രതീഷ് നായർ, വിവിധ വ്യവസായികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.