അഴീക്കോട്ട് ഒരുക്കങ്ങൾ തകൃതി എന്നെത്തും കപ്പൽ
text_fieldsഅഴീക്കൽ: അഴീക്കൽ തുറമുഖ നവീകരണവും ആധുനിക സംവിധാനങ്ങളുടെയും ഒരുക്കങ്ങൾ തകൃതി. കപ്പൽ എന്നെത്തുമെന്ന പ്രതീക്ഷ നീളുന്നു. ഇതുവരെ കോടികളുടെ ഒരുക്കങ്ങളാണ് തുറമുഖത്ത് നടത്തിയത്.
കൊച്ചിയിലുള്ളതുപോലെ ആളുകളുമായി കടലിൽ സഞ്ചരിച്ച് തിരിച്ചുവരുന്ന നെഫ്റ്റിറ്റി സർവിസ് ഒരുക്കാനാണ് ശ്രമം. ഒരുക്കങ്ങൾ പൂർത്തിയായാൽ അടുത്ത മാസത്തോടെ സർവിസ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പോർട്ട് ഓഫിസർ ക്യാപ്റ്റൻ പ്രതീഷ് നായർ പറഞ്ഞു. ബേപ്പൂർ, അഴീക്കൽ, കൊല്ലം, വിഴിഞ്ഞം എന്നീ പോർട്ടുകളുമായി ബന്ധിപ്പിച്ചാണ് സർവിസ് നടത്തുക. ഇതിനുള്ള അംഗീകാരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ഐ.എസ്.പി.എസ് കോഡിനുളള നടപടികൾ അന്തിമഘട്ടത്തിൽ
അഴീക്കൽ തുറമുഖത്തിന് ഇന്റർനാഷനൽ ഷിപ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐ.എസ്.പി.എസ്) കോഡ് ലഭിക്കുന്നതിനുള്ള നടപടികളും ഇപ്പോൾ അന്തിമഘട്ടത്തിലാണ്. ഇതിനായി ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിങ്(ഐ.ആർ.എസ്), മർക്ക സ്റ്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ് (എം.എം.ഡി), നാവികസേന, തീര സംരക്ഷണ സേന എന്നിവയുടെ മാർഗനിർദേശങ്ങൾ പാലിച്ചു തുറമുഖത്തു നിർമാണ, നവീകരണ ജോലി പുരോഗമിക്കുകയാണ്. തുറമുഖത്തെ അതി സുരക്ഷമേഖലയാക്കി മാറ്റുന്നതിന്റെ ഭാഗമായി 16 സി.സി.ടി.വി കാമറയും ബെർത്തിൽ വെളിച്ചമെത്തിക്കാൻ ഹൈമാസ്റ്റ് ലൈറ്റുകളും സജ്ജമാക്കി.
ചുറ്റുമതിലിന് മുകളിൽ മുള്ളുവേലി സ്ഥാപിക്കുന്ന പ്രവൃത്തി വൈകാതെ പൂർത്തിയാകുമെന്നും ഇവ പരിശോധിക്കുന്നതിനായി വിദഗ്ധ സംഘം മുംബൈയിൽനിന്നും ഈ ആഴ്ച എത്തുമെന്നും പ്രതീഷ് നായർ പറഞ്ഞു. മെറ്റൽ ഡിറ്റക്ടർ, വോക്കിടോക്കി, ബൈനോക്കുലർ, അലാം തുടങ്ങിയ ഉപകരണങ്ങളും വാങ്ങിയിട്ടുണ്ട്. കസ്റ്റംസ്, ഇമിഗ്രേഷൻ ഓഫിസുകൾക്കുള്ള സൗകര്യങ്ങളും സജ്ജമാണ്. തുറമുഖത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കും. കണ്ടെയ്നറുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ 22 കോടി ചിലവിൽ 1000 ചതുരശ്ര മീറ്റർ വീതം വിസ്തൃതിയുള്ള നാലു ഗോഡൗൺ നിർമിക്കാൻ അനുമതിയായി. ഇതിൽ രണ്ടെണ്ണത്തിന്റെ നിർമാണം വൈകാതെ തുടങ്ങും. ഇതിനായി അഞ്ചര കോടി രൂപ ആദ്യഘട്ടത്തിൽ അനുവദിച്ചിട്ടുണ്ട്.
പരിശോധന ഈ ആഴ്ച
ഐ.എസ്.പി.എസ് കോഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ പരിശോധന ഈ ആഴ്ച നടന്നേക്കും. ഇതിനായി കൊച്ചിയിൽ നിന്നുള്ള എം.എം.ഡി സംഘം എത്തും. ആറു മാസമാണ് ആദ്യ ഘട്ടത്തിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റിന്റെ കാലാവധി. മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ അഞ്ച് വർഷത്തേക്കു പുതുക്കി നൽകും.
കോഡ് ലഭിക്കുന്നതോടെ വിദേശ കാർഗോ, പാസഞ്ചർ കപ്പലുകൾ അഴീക്കലിലേക്കെത്തും. കേരളത്തിൽ കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങൾക്കാണ് നിലവിൽ ഈ പദവിയുള്ളത്. കപ്പലിൽനിന്ന് ചരക്കിറക്കാൻ കൂറ്റൻ ക്രെയിൻ, റീച്ച് സ്റ്റാക്കർ, ടഗ്, മണൽ കുഴിച്ച് എടുക്കാൻ ഡ്രഡ്ജർ, തുടങ്ങി 50 കോടിയുടെ ഉപകരണങ്ങൾ എട്ടുവർഷമായി തുറമുഖത്ത് വിശ്രമത്തിലാണ്.
2021ൽ പത്തുതവണ ചരക്കുകപ്പൽ അഴീക്കൽ-കൊച്ചി റൂട്ടിൽ സർവിസ് നടത്തിയെങ്കിലും നാമമാത്രമായ ചരക്ക് മാത്രമാണ് അഴീക്കലിൽനിന്ന് ലഭിച്ചത്. കപ്പൽ കമ്പനിക്കുള്ള ഇൻസെന്റീവ് വൈകിയതും കാരണം സർവിസ് അവസാനിപ്പിച്ചു. എട്ടു മാസം മുമ്പ് ലക്ഷദ്വീപിൽനിന്ന് അഴീക്കൽ എത്തിയ ചരക്ക് ഉരുവും ഒരുമാസം അഴീക്കൽ തങ്ങി ചരക്ക് കിട്ടാതെ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.