അഴീക്കോട് വില്ലേജ് ഹട്ടിന് ശാപമോക്ഷം; കെട്ടിടം അഴീക്കോട് പഞ്ചായത്തിന്
text_fieldsഅഴീക്കോട്: നിര്‍മാണം പൂർത്തീകരിച്ചിട്ടും അഴീക്കോട് പഞ്ചായത്തും കണ്ണൂർ ബ്ലോക്ക് പഞ്ചായത്തും തമ്മിലുള്ള അവകാശത്തർക്കത്തിൽ ഒരു പതിറ്റാണ്ടുകാലമായി പൂട്ടിക്കിടന്ന വില്ലേജ് ഹട്ട് വിപണന കേന്ദ്ര സമുച്ചയം പഞ്ചായത്തിന് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. 2009ൽ നിർമാണം തുടങ്ങിയ വില്ലേജ് ഹട്ട് 2012ൽ പൂർത്തീകരിച്ചു. 2012 ജൂൺ 16ന് അന്നത്തെ ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്ത കെട്ടിട സമുച്ചയമാണ് തർക്കം കാരണം ഒരു പതിറ്റാണ്ടിലേറെക്കാലം പൂട്ടിയിടേണ്ടി വന്നത്.
50 ലക്ഷത്തോളം രൂപ ചെലവിലാണ് അഴീക്കോട് പഞ്ചായത്ത് വിട്ടുനൽകിയ 19.5 സെന്റ് സ്ഥലത്ത് കണ്ണൂര്‍ ബ്ലോക്ക് വിപണനകേന്ദ്രം ഒരുക്കിയത്. ഇതില്‍ കേന്ദ്രസർക്കാർ 13 ലക്ഷം, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് 26 ലക്ഷം, അഴീക്കോട് പഞ്ചായത്ത് 10 ലക്ഷം എന്നിങ്ങനെ ചെലവഴിച്ചാണ് 18 കടകളുള്ള വില്ലേജ് ഹട്ട് നിർമിച്ചത്. കെട്ടിടം പണി ആരംഭിക്കുമ്പോൾ എൽ.ഡി.എഫാണ് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ ഭരിച്ചിരുന്നത്. യു.ഡി.എഫ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത ശേഷം 2012ലാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. കെട്ടിട നമ്പറിനായി ബ്ലോക്ക് പഞ്ചായത്ത് അഴീക്കോട് പഞ്ചായത്തിനെ സമീപിച്ചെങ്കിലും നമ്പര്‍ നൽകാൻ തയാറായില്ല. രണ്ട് ഭരണസമിതികൾ തമ്മിലുള്ള തർക്കം പരിഹരിക്കാനുമായില്ല.
2013ൽ ഗ്രാമവികസന വകുപ്പിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾക്ക് തുല്യാവകാശം നൽകാമെന്ന നിർദേശം മുന്നോട്ടുവെച്ചെങ്കിലും അത് നടപ്പായില്ല. തുടര്‍ന്ന് 2018ൽ കലക്ടറുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേർന്നെങ്കിലും പ്രശ്നപരിഹാരമായില്ല. ഒരു പതിറ്റാണ്ടിലധികം കാലം ഈ കെട്ടിടം പൂട്ടിയിട്ടതില്‍ വന്ന പൊതുനഷ്ടത്തിന് ആര് സമാധാനം പറയുമെന്നും നാട്ടുകാർ ചോദിക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകീകരണം സര്‍ക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളെന്ന ഭേദമില്ലാതെ പ്രവര്‍ത്തിക്കണമെന്ന സാഹചര്യവും നിലവില്‍വന്നു. ഇതോടെ 2022ലെ പഞ്ചായത്ത് ദിനാചരണത്തിന്റെ ഭാഗമായി ചേർന്ന കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ വര്‍ഷങ്ങളായി പൂട്ടിക്കിടന്ന വിപണന കേന്ദ്രം തർക്കം മാറ്റിനിര്‍ത്തി ജനങ്ങൾക്ക് ഉപകാരപ്പെടും വിധത്തിൽ പഞ്ചായത്തിന് വിട്ടുകൊടുക്കാന്‍ ഭരണസമിതി തീരുമാനമെടുത്തിരുന്നുവെന്നാണ് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ പറഞ്ഞു. ഇപ്പോള്‍ അഴീക്കോട് പഞ്ചായത്ത് കെട്ടിടം നവീകരിക്കാനും വൈദ്യുതി കണക്ഷന് നേടാനുമായി 15 ലക്ഷത്തോളം രൂപ ചെലവഴിച്ചു. പുതിയ ബൈലോ ഉണ്ടാക്കുന്ന തിരക്കിലാണ് പഞ്ചായത്ത്. മൂന്നു മാസത്തിനകം വിപണന കേന്ദ്രം തുറന്നുപ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് പറയുന്നു. കെട്ടിടത്തിലെ മുറികളിൽ സ്വയംസഹായ സംഘങ്ങൾക്കും മറ്റ് തൊഴില്‍ സംരംഭകര്‍ക്കും മുന്‍ഗണന നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.