അഴീക്കോട് വില്ലേജ് ഹട്ട് വാടകക്ക് നൽകാനും കാത്തിരിപ്പ്
text_fieldsഅഴീക്കോട്: നിർമാണം പൂർത്തീകരിച്ച് പതിറ്റാണ്ടുകാലമായി പൂട്ടിക്കിടന്ന വില്ലേജ് ഹട്ട് വിപണന സമുച്ചയം വാടകക്ക് നൽകാൻ ധാരണയായിട്ടും തീരുമാനം നീളുന്നു. അഴീക്കോട് പഞ്ചായത്തും കണ്ണൂർ ബ്ലോക്ക് പഞ്ചായത്തും തമ്മിലുള്ള അവകാശത്തർക്കം പരിഹരിച്ച് അഴീക്കോട് പഞ്ചായത്ത് ഏറ്റെടുത്തിട്ട് ആറുമാസം പിന്നിട്ടു. 2022ലെ പഞ്ചായത്ത് ദിനാചരണത്തിന്റെ ഭാഗമായി ചേർന്ന കണ്ണൂർ ബ്ലോക്ക്പഞ്ചായത്ത് യോഗത്തിൽ വർഷങ്ങളായി പൂട്ടിക്കിടന്ന വിപണന കേന്ദ്രം തർക്കം മാറ്റിവെച്ച് ജനങ്ങൾക്ക് ഉപകാരപ്പെടും വിധം അഴീക്കോട് പഞ്ചായത്തിന് വിട്ടുകൊടുക്കാൻ ഭരണസമിതി തീരുമാനിച്ചതായി കണ്ണൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ വ്യക്തമാക്കിയിരുന്നു.
അഴീക്കോട് പഞ്ചായത്ത് കെട്ടിടം നവീകരിക്കാനും വൈദ്യുതി കണക്ഷൻ നേടാനുമായി 15 ലക്ഷത്തോളം രൂപ ഇതിനകം ചെലവഴിച്ചു. മൂന്നു മാസത്തിനകം വിപണന കേന്ദ്രം തുറന്നു പ്രവർത്തിക്കാൻ സാധിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് പറയുന്നത്. കെട്ടിടത്തിലെ മുറികളിൽ സ്വയം സഹായ സംഘങ്ങൾക്കും മറ്റ് തൊഴിൽ സംരംഭകർക്കും മുൻഗണന നൽകിയാണ് വാടകക്ക് നൽകുക.
അപ്രകാരം അപേക്ഷ ക്ഷണിച്ചതിന്റെ അവസാന കാലാവധി ഈ മാസം 10നായിരുന്നു. പലരും വാടകക്ക് മുറിലഭിക്കാൻ അപേക്ഷ നൽകിയെങ്കിലും ഇതേവരെ തീരുമാനിക്കാതെ പഞ്ചായത്ത് അധികൃതർ നീട്ടിക്കൊണ്ടുപോകുന്നതായി പരാതിയുണ്ട്. ആവശ്യത്തിന് സംരംഭകർ എത്തിയില്ലെങ്കിൽ പുറമെനിന്നുള്ളവർക്ക് വാടകക്ക് അനുവദിക്കാനും സാധ്യതയുണ്ട്.
2009ൽ തുടങ്ങിയ വില്ലേജ് ഹട്ടിന്റെ നിർമാണം 2012ലാണ് പൂർത്തീകരിച്ചത്. 2012 ജൂൺ 16ന് ഗ്രാമവികസന മന്ത്രിയായിരുന്ന കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്ത കെട്ടിട സമുച്ചയമാണ് തർക്കം കാരണം പതിറ്റാണ്ടിലേറെക്കാലം പുട്ടിയിടേണ്ടി വന്നത്. 50 ലക്ഷത്തോളം രൂപ ചെലവിലാണ് അഴീക്കോട് പഞ്ചായത്ത് വിട്ടുനൽകിയ 19.5 സെന്റ് സ്ഥലത്ത് കണ്ണൂർ ബോക്ക് വിപണന കേന്ദ്രം ഒരുക്കിയത്.
ഇതിൽ കേന്ദ്രസർക്കാർ 13 ലക്ഷം, കണ്ണൂർ ബ്ലോ ക്ക് പഞ്ചായത്ത് 26 ലക്ഷം, അഴീക്കോട് പഞ്ചായത്ത് 10 ലക്ഷം എന്നിങ്ങനെ ചെലവഴിച്ചാണ് 18 കടകളുള്ള വില്ലേജ് ഹട്ട് നിർമിച്ചത്. പതിറ്റാണ്ടുകളായി അടച്ചിട്ട വിപണന കേന്ദ്രം എത്രയും പെട്ടെന്ന് തുറന്നുപ്രവർത്തിച്ച് ജനോപകാരപ്രദമാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.