ട്രോളിങ് നിരോധനം വെള്ളിയാഴ്ച മുതൽ
text_fieldsകണ്ണൂർ: ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31വരെയുള്ള ട്രോളിങ് നിരോധനം ജില്ലയിൽ കാര്യക്ഷമമായി നടപ്പാക്കാൻ തീരുമാനം. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ്, ബയോമെട്രിക് ഐ.ഡി കാർഡ്, ആധാർ കാർഡ് എന്നിവ നിർബന്ധമാക്കും. നിരോധനം ഫലപ്രദമായി നടപ്പാക്കാൻ രണ്ട് ബോട്ടുകൾ വാടകക്കെടുക്കും. നാല് ലൈഫ് ഗാർഡുമാരെ പുതുതായി നിയോഗിച്ച്, അംഗബലം എട്ടാക്കും. ഹാർബറുകളിലെ ഡീസൽ ബങ്കുകൾ അടക്കും. ഇൻബോർഡ് വള്ളങ്ങൾക്ക് ഇന്ധനത്തിനായി മത്സ്യഫെഡ് ബങ്കുകൾ അനുവദിക്കും.
ഇതര സംസ്ഥാന ബോട്ടുകൾ ജൂൺ ഒമ്പതിന് മുമ്പായി കേരളതീരം വിട്ട് പോകണം. ഇത് ലംഘിക്കുന്ന യാനം ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ജൂൺ ഒമ്പതിന് വൈകീട്ടോടെ മുഴുവൻ ട്രോളിങ് ബോട്ടുകളും കടലിൽ നിന്നും മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്സ്മെമെന്റും കോസ്റ്റൽ പൊലീസും ഉറപ്പാക്കും. നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.
ഒരു ഇൻബോർഡ് വള്ളത്തിന് ഒരു കാരിയർ വള്ളം മാത്രമാണ് അനുവദിക്കുക. ഇതര സംസ്ഥാന ബോട്ടുകൾ കേരള മേഖലയിൽ പ്രവേശിക്കുന്നത് തടയും. തട്ടുമടി ഉൾപ്പെടെയുള്ള പരമ്പരാഗത വള്ളങ്ങൾ ഉപയോഗിച്ച് ലൈറ്റ് ഫിഷിങ്ങും ജുവനൈൽ ഫിഷിങ്ങും നടത്തരുതെന്നും യോഗം നിർദേശിച്ചു.
ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ കെ.വി. ശ്രുതി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ. ഷൈനി എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ബോട്ടുടമ പ്രതിനിധികൾ, മത്സ്യതൊഴിലാളി സംഘടനാപ്രതിനിധികൾ, കോസ്റ്റൽ പൊലീസ് തുടങ്ങിയവർ പങ്കെടുത്തു. മീൻ പിടിക്കാൻ പോകുന്നവർ കാലവസ്ഥാ മുന്നറിയിപ്പുകൾ മുഖവിലക്കെടുക്കണമെന്നും രക്ഷാപ്രവർത്തനം ആവശ്യമായി വന്നാൽ മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ് എന്നിവ ചേർന്ന് ഏകോപിപ്പിക്കുമെന്നും ആവശ്യമെങ്കിൽ നേവി ഹെലികോപ്ടറിന്റെ സഹായം ലഭ്യമാക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.