ജില്ലയിലേക്ക് നിരോധിത പ്ലാസ്റ്റിക് ഒഴുകുന്നു
text_fieldsകണ്ണൂർ: സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരി ബാഗുകളും ഒറ്റത്തവണ ഉപയോഗ ഉൽപന്നങ്ങളും നിരോധിച്ചിട്ടും ഉപയോഗവും വിപണനവും വ്യാപകം. നിരോധിത കാരി ബാഗുകളടക്കം ടൺ കണക്കിന് പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഈ വർഷം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.
കണ്ണൂർ മാർക്കറ്റിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഒരു ടൺ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ വ്യാഴാഴ്ച പിടികൂടിയിരുന്നു. ഗോപാൽ സ്ട്രീറ്റ് റോഡിൽ ടി.കെ. സുലൈമാൻ ആൻഡ് സൺസ് എന്ന മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നാണ് വിവിധ അളവിലും കനത്തിലുമുള്ള നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തത്.
15 മുതൽ 25 വരെ കിലോഗ്രാമിന്റെ ചാക്കുകളിൽ ആയിട്ടാണ് നിരോധിത കാരിബാഗുകൾ സൂക്ഷിച്ചിരുന്നത്. നേരത്തെയും കണ്ണൂർ മാർക്കറ്റിൽനിന്ന് കാരി ബാഗുകൾ അടക്കം പിടികൂടിയിരുന്നു. ബോംബൈ, കർണാടക തുടങ്ങിയിവിടങ്ങളിൽനിന്നാണ് ജില്ലയിലേക്ക് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വ്യാപകമായി എത്തുന്നത്. പാക്കറ്റിന് പുറത്ത് നിർമിച്ച സ്ഥാപനങ്ങളുടെ വിവരങ്ങളോ ഉൽപന്നത്തിന്റെ വിശദാംശങ്ങളോ രേഖപ്പെടുത്തില്ല. ചെക്ക്പോസ്റ്റുകളിൽ കൃത്യമായ പരിശോധന നടക്കാത്തതിനാൽ ജില്ലയിലേക്ക് നിരോധിത പ്ലാസ്റ്റിക് കാരിബാഗുകളും ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലേറ്റുകളും ഗ്ലാസുകളും യഥേഷ്ടം ഒഴുകുകയാണ്.
പ്ലാസ്റ്റിക് പാക്കേജ് എന്നിങ്ങനെ രേഖപ്പെടുത്തിയാണ് സാധനം അതിർത്തി കടക്കുന്നത്. മൊത്തവിതരണ കടകളുടെ ഗോഡൗണിൽ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകൾ ചെറുകിട വ്യപാരസ്ഥാപനങ്ങളിലേക്ക് എത്തും. പരിശോധന നടക്കുമ്പോൾ പൂഴ്ത്തിവെക്കുന്ന കാരിബാഗുകൾ അധികൃതരുടെ കണ്ണുവെട്ടിച്ച് വിറ്റഴിക്കുകയാണ്. മത്സ്യവും മുട്ടയും കൊണ്ടുവരുന്ന വണ്ടികളിലും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ അതിർത്തി കടക്കുന്നുണ്ട്. തലശ്ശേരിയിൽ അടക്കം ഇത്തരത്തിൽ കാരിബാഗുകൾ എത്തിയിരുന്നു.
പ്ലാസ്റ്റിക് കാരി ബാഗുകൾ വർധിച്ച സാഹചര്യത്തിൽ ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ വ്യാപാരികളുടെ യോഗം വിളിച്ചുചേർക്കാനൊരുങ്ങുകയാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്. 50 മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക് ബാഗുകൾ മുൻകൂട്ടി അളന്നുവെച്ച സാധനങ്ങൾക്ക് ഉപയോഗിക്കാം. ഇത്തരത്തിലുള്ള വലിയ ബാഗുകൾ അനധികൃതമായി കാരിബാഗുകളായി ഉപയോഗിക്കുന്നുണ്ട്. തുണിസഞ്ചികളും ബയോ കാരിബാഗുകളും പോലെ അനുവദനീയമായ കാരിബാഗുകൾ ഉപയോഗിക്കാൻ ബോധവത്കരണ പരിപാടികൾ അടക്കം നടക്കുമ്പോൾ നിരോധിത വസ്തുക്കളുടെ ഉപയോഗവും വിപണനവും വ്യാപകമാണ്.
തളിപ്പറമ്പിൽ വീണ്ടും നിരോധിത പ്ലാസ്റ്റിക് വേട്ട: ഒന്നര ക്വിന്റൽ പിടികൂടി
തളിപ്പറമ്പ്: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് തളിപ്പറമ്പ് നഗരസഭയിൽ നടത്തിയ പരിശോധനയിൽ ഒന്നര ക്വിന്റലിലധികം നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ആവരണമുള്ള വസ്തുക്കൾ പിടിച്ചെടുത്തു. പ്ലാസ്റ്റിക് കാരി ബാഗുകൾ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ പ്ലേറ്റുകൾ, പ്ലാസ്റ്റിക് സ്പൂണുകൾ, പ്ലാസ്റ്റിക് സ്ട്രോകൾ തുടങ്ങിയ 150 കിലോഗ്രാം വിതരണത്തിനായി ഗോഡൗണിൽ സൂക്ഷിച്ച സാധനങ്ങളാണ് പിടിച്ചെടുത്തത്.
പിടി കൂടിയ അള്ളാംകുളത്തെ ഹൈപാക്ക് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് 10,000 രൂപ പിഴ ചുമത്തി. തുടർ നടപടികൾക്കായി നഗരസഭക്ക് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീം ലീഡർ പി.പി. അഷ്റഫ്, എൻഫോഴ്സ്മെന്റ് ഓഫിസർ ടി.വി. രഘുവരൻ, സ്ക്വാഡ് അംഗം നിതിൻ വത്സലൻ, സി.കെ. ദിബിൽ, തളിപ്പറമ്പ് നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രീഷ, ലതീഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.