നിങ്ങൾ നിങ്ങളാവുക... മറ്റൊരാളാവരുത്; കുട്ടികളോട് സംവദിച്ച് മുതുകാട്
text_fieldsകണ്ണൂർ: കഥ കേൾക്കാൻ കുട്ടികൾക്ക് ഏറെ ഇഷ്ടമാണ്. അതിലേറെ ഇഷ്ടമാണ് മാജിക്. ഇത് രണ്ടും ഒരുമിച്ചുള്ള വേറിട്ട അനുഭവമാണ് മജീഷ്യൻ ഗോപിനാഥ് മുതുകാട് ഒരുകൂട്ടം കുട്ടികൾക്ക് സമ്മാനിച്ചത്.
കുഞ്ഞുമനസ്സുകളിൽ കാലങ്ങളോളം സൂക്ഷിച്ചുവെക്കാനുള്ള അറിവിന്റെ ലോകമാണ് ശനിയാഴ്ച രാവിലെ ജില്ല ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'മക്കളേ നമുക്ക് കളിക്കാം ചിരിക്കാം പഠിക്കാം' സംവാദത്തിൽ മുതുകാട് തുറന്നിട്ടത്.
നിങ്ങൾ നിങ്ങളാവുക, മറ്റൊരാളാകരുതെന്നും അതിനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം കുട്ടികളെ ഉണർത്തി. മോശം സ്വഭാവത്തിന് അടിമയായാൽ അതിൽനിന്ന് രക്ഷപ്പെടാൻ വലിയ ബുദ്ധിമുട്ടാണ്. മയക്കുമരുന്ന്, മദ്യം, മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നു മാത്രമല്ല ചായയാണെങ്കിൽപോലും അടിമയാകുന്നത് പ്രശ്നമാണ്. ചീത്ത സ്വഭാവത്തിന് വശപ്പെട്ടുപോയാൽ അതിൽനിന്ന് ഒരിക്കലും മോചനം നേടാനാവില്ല. നല്ല സ്വഭാവമാണ് ഉണ്ടാകേണ്ടത്. നല്ല കുട്ടികളാകാൻ നല്ല സ്വഭാവം വേണം. അത് എങ്ങനെയുണ്ടാക്കാം എന്ന ബോധവത്കരണമാണ് മുതുകാട് കുട്ടികൾക്കുമുന്നിൽ നടത്തിയത്. കോവിഡ് കാലം മൊബൈലിലും ഇന്റർനെറ്റിലും തളച്ചിട്ട ബാല്യത്തിനുചുറ്റും സാധ്യതയുള്ള അപകട ചുഴികൾക്കെതിരെയുള്ള ബോധവത്കരണം കൂടിയായി സംവാദം.
ആര്യ കവിതചൊല്ലി; വീർപ്പടക്കി സദസ്സ്
മജീഷ്യൻ മുതുകാടിന്റെ സംവാദത്തിൽ പങ്കെടുക്കാനാണ് അന്ധ വിദ്യാർഥിനി ആര്യ എത്തിയത്.
സംവാദവുമായി കുട്ടികൾക്കിടയിലേക്ക് ഇറങ്ങിയപ്പോഴാണ് മുതുകാട് ആര്യയെ കണ്ടത്. ഉടൻ അദ്ദേഹം ആര്യക്ക് സമീപത്തെത്തി. നേരത്തെ പരിചയമുണ്ടായിരുന്ന മുതുകാട് ആര്യയെ ചേർത്തുപിടിച്ച് സദസ്സിനെ പരിചയപ്പെടുത്തി.
മാത്രമല്ല, ആര്യയോട് കവിത ചൊല്ലാനും നിർദേശിച്ചു. മുരുകൻ കാട്ടാക്കടയുടെ രേണുകേ.... എന്നു തുടങ്ങുന്ന കവിത ആര്യ ചൊല്ലിയപ്പോൾ വീർപ്പടക്കിയാണ് സദസ്സ് ശ്രവിച്ചത്. കവിത ചൊല്ലിക്കഴിഞ്ഞപ്പോൾ സദസ്സ് നിർത്താതെ കരഘോഷം മുഴക്കി. 'ഈ കുട്ടിക്ക് നിങ്ങളെ കാണാനാവില്ല, നിങ്ങളുടെ കൈയടിമാത്രമേ കേൾക്കാനാകൂ' എന്ന് മുതുകാട് പറഞ്ഞപ്പോഴും സദസ്സ് നിർത്താതെ കൈയടിച്ചു. മുതുകാട് നടത്തിയ സഹയാത്ര പരിപാടിയുമായി ആര്യ സഹകരിച്ചിരുന്നു. കാഴ്ച മാത്രം പോര, ആര്യയെപ്പോലെ കാഴ്ചപ്പാടുകളും വേണമെന്ന് ഗോപിനാഥ് മുതുകാട് കുട്ടികളോട് പറഞ്ഞു.
തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് ബി.എ ഹിന്ദി അവസാന വർഷ വിദ്യാർഥിനിയാണ് ആര്യ പ്രകാശ്. കുറ്റ്യാട്ടൂർ വടുവൻകുളത്തെ പ്രകാശന്റെയും സ്വപ്നയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.