സ്വാതന്ത്ര്യ പോരാട്ടത്തിന്റെ വിളക്കുമരം
text_fieldsകണ്ണൂർ: സ്വാതന്ത്ര്യസമരകാലത്ത് ദേശീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സമ്മേളനങ്ങൾക്കെല്ലാം സാക്ഷിയായത് കണ്ണൂർ വിളക്കുംതറ മൈതാനമാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിക്കാനും ഭാരതത്തെ സ്വതന്ത്രമാക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് ധീരദേശാഭിമാനികൾ വിത്തുപാകിയതും നേതൃത്വം നൽകിയതും ഈ വിളക്കുംതറക്ക് കീഴിലാണ്.
വൈദ്യുതിയും തെരുവുവിളക്കുകളും സജീവമല്ലാത്ത കാലത്ത് രാത്രിയാത്രക്കാർക്ക് വെളിച്ചമേകാനായി അന്നത്തെ വ്യവസായിയും കോൺഗ്രസ് നേതാവുമായ സാമുവല്‍ ആറോന്‍ ആണ് 1919ൽ വഴിവിളക്ക് സ്ഥാപിച്ചത്.
പലയിടങ്ങളിലായി സ്ഥാപിച്ച മണ്ണെണ്ണവിളക്കുകളുടെ അടിസ്ഥാനങ്ങളില്‍ വിളക്കുംതറയെന്ന് അറിയപ്പെടാൻ തുടങ്ങി. ചുറ്റുമുള്ള മൈതാനം വിളക്കുംതറ മൈതാനമെന്നും അറിയപ്പെട്ടു.
1932ൽ ഗാന്ധിജിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മൈതാനത്ത് പ്രസംഗിക്കാനെത്തിയ പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വിഷ്ണു നമ്പീശനും കേരളത്തിലെ കർഷകപ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ പ്രമുഖനുമായിരുന്ന കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാർക്കും ഭാരതീയനെന്നും കേരളീയനെന്നും പേര് വന്നത് മറ്റൊരു ചരിത്രം.
സ്വാതന്ത്ര്യപ്രക്ഷോഭങ്ങൾക്ക് ശക്തിപകരാനായി നിരവധി പദയാത്രകൾക്ക് ആരംഭം കുറിച്ചതും അവസാനിച്ചതും വിളക്കുംതറയിലാണ്. സ്വാതന്ത്ര്യത്തിന്റെ സന്തോഷം പങ്കുവെക്കാനും ഗാന്ധി അടക്കമുള്ളവർ രക്തസാക്ഷിത്വം വരിച്ചപ്പോൾ അവരെ അനുസ്മരിക്കാനും തലമുറകൾ വിളക്കുംതറ മൈതാനത്ത് ഒത്തുചേർന്നു. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്രുവും ഇന്ദിരാഗാന്ധിയും അടക്കമുള്ള പ്രമുഖരെല്ലാം കണ്ണൂരിൽ വന്നപ്പോൾ ഹെലികോപ്ടർ ഇറങ്ങിയതും വിളക്കുംതറ മൈതാനത്തിലാണ്. ജനത്തിന്റെ പ്രതിഷേധവും ജനപ്രതിനിധികളുടെ പ്രതിരോധവും മാനിക്കാതെ വിളക്കുംതറ മൈതാനി പട്ടാളം വേലി കെട്ടിയടച്ചതോടെ വിളക്കുംതറ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.