സി.പി.എം ഏരിയ സമ്മേളനങ്ങൾക്ക് തുടക്കം
text_fieldsകണ്ണൂർ: ജില്ലയിൽ സി.പി.എം ഏരിയ സമ്മേളനങ്ങൾക്ക് തുടക്കമായി. മാടായി, പേരാവൂർ ഏരിയ സമ്മേളനങ്ങൾക്കാണ് ചൊവ്വാഴ്ച തുടക്കമായത്. രണ്ടുദിവസം വീതമാണ് സമ്മേളനം. ഈ മാസം 28നകം 18 ഏരിയ സമ്മേളനങ്ങളും പൂർത്തിയാകും. തളിപ്പറമ്പ് നോർത്ത്, പേരാവൂർ, കണ്ണൂർ വെസ്റ്റ് സമ്മേളനങ്ങളിലെ അസ്വാരസ്യങ്ങൾ പാർട്ടിക്ക് തലവേദനയായെങ്കിലും മറ്റു സമ്മേളനങ്ങളിലെ ഐക്യവും കെട്ടുറപ്പും നേതൃത്വത്തിന് ആത്മവിശ്വാസം നൽകുന്നു.
ലോക്കൽ സമ്മേളനങ്ങളിൽ രണ്ടെണ്ണം മാത്രമാണ് ശേഷിക്കുന്നത്. പാപ്പിനിശേരി, മയ്യിൽ സമ്മേളനങ്ങൾ 10, 11 തീയതികളിലാണ്. മകൻ ബിനീഷ് കോടിയേരി ജയിൽ മോചിതനായതോടെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും പാർട്ടി സമ്മേളനങ്ങളിൽ സജീവമാകുന്നു. ഇതിെൻറ ഭാഗമായി ഏരിയ സമ്മേളനങ്ങളിൽ കോടിയേരി പങ്കെടുക്കുന്നുണ്ട്. 17, 18 തീയതികളിൽ നടക്കുന്ന തലശ്ശേരി ഏരിയ സമ്മേളനം കോടിയേരി ഉദ്ഘാടനം ചെയ്യും. 10,11 തീയതികളില്‍ പാപ്പിനിശ്ശേരി, മയ്യില്‍, 13,14 തീയതികളില്‍ പെരിങ്ങോം, ശ്രീകണ്ഠപുരം, കണ്ണൂര്‍, മട്ടന്നൂര്‍, 16, 17 തീയതികളില്‍ കൂത്തുപറമ്പ്, 20,21 തീയതികളില്‍ തളിപ്പറമ്പ്, അഞ്ചരക്കണ്ടി, 22,23 തീയതികളില്‍ പയ്യന്നൂര്‍, ആലക്കോട്, 24, 25 തീയതികളില്‍ പാനൂര്‍, ഇരിട്ടി, 27,28 തീയതികളില്‍ പിണറായി, എടക്കാട് എന്നിങ്ങനെയാണ് ഏരിയസമ്മേളനങ്ങള് നടക്കുന്നത്. ഡിസംബർ 10 മുതൽ 12 വരെ എരിപുരത്തെ മാടായി റൂറൽ ബാങ്ക് ഹാളിലാണ് ജില്ലസമ്മേളനം.
കൊട്ടിയൂര്‍: സി.പി.എം പേരാവൂര്‍ ഏരിയ സമ്മേളനത്തിന് ഏരിയ കമ്മിറ്റി അംഗം കെ. വത്സന് പതാകയുയര്‍ത്തി. ജില്ല സെക്രട്ടറി എം.വി. ജയരാജന് ഉദ്ഘാടനം ചെയ്തു. കെ. സുധാകരന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.എന്‍. ഷംസീര്‍ എം.എല്‍.എ, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ വത്സന് പനോളി, പി. ഹരീന്ദ്രന്‍, പി. പുരുഷോത്തമന്, ജില്ല കമ്മിറ്റി അംഗങ്ങളായ ടി. കൃഷ്ണന്, വി.ജി. പത്മനാഭന്, കെ. ശ്രീധരന്, കൊട്ടിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എസ്. നിധിന് തുടങ്ങിയവർ പങ്കെടുത്തു.
പയ്യന്നൂർ: സി.പി.എം മാടായി ഏരിയ സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
മുതിർന്ന ഏരിയ കമ്മിറ്റി അംഗം ഐ.വി. ശിവരാമൻ പതാക ഉയർത്തി. സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, കെ. പി. സഹദേവൻ, ടി.വി. രാജേഷ്, ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ, എം. വിജിൻ എം.എൽ.എ, സി. സത്യപാലൻ തുടങ്ങിയവർ പങ്കെടുക്കും. കെ. പത്മനാഭൻ രക്തസാക്ഷി പ്രമേയവും എം. ശ്രീധരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി.പി.പ്രകാശൻ സ്വാഗതം പറഞ്ഞു. സമ്മേളനം ബുധനാഴ്ച വൈകീട്ട് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.