മികച്ച തൊഴുത്തുകൾക്കും ഫാമുകൾക്കും ഹരിത പദവി നൽകും
text_fieldsകണ്ണൂർ: കന്നുകാലി പരിപാലനത്തിനൊപ്പം ശുചിത്വ -മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന തൊഴുത്തുകളെയും ഡെയറി ഫാമുകളെയും തേടി ഹരിത പദവിയെത്തുന്നു. ജില്ലയിലെ ഡെയറി ഫാമുകൾക്കും തൊഴുത്തുക്കൾക്കും ശുചിത്വത്തിന്റെയും ഹരിത പെരുമാറ്റചട്ട പാലനത്തിന്റേയും അടിസ്ഥാനത്തിൽ ക്ഷീരവികസന വകുപ്പും ഹരിതകേരളം മിഷനും ശുചിത്വമിഷനും ചേർന്നാണ് ഹരിതപദവി നൽകുക.
കന്നുകാലി വളർത്തലിനോടൊപ്പം ശുചിത്വ -മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകാൻ കർഷകരെയും സമൂഹത്തെയും പ്രേരിപ്പിക്കാനാണ് തീരുമാനം. ഡെയറി ഫാമുകളുടെ നടത്തിപ്പ് ശാസ്ത്രീയമാക്കാൻ സഹായിക്കുന്ന ഇടപെടലാണ് ഹരിതപദവി നേടുക എന്നത്.
ക്ഷീരവികസന വകുപ്പ്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ‘ക്ഷീരഭവനം സുന്ദരഭവനം’ എന്ന പേരിലാണ് കാമ്പയിൻ. ഫാമുകളുടെ ശുചിത്വം എന്താണെന്നും അതെങ്ങനെ സുസ്ഥിരമായി നേടാമെന്നും ക്ഷീര കർഷകരെ ബോധവത്കരിക്കും.
ഹരിത ഓഡിറ്റിങ് നടത്തി മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്ക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തി നിലവിൽ ഹരിത പദവി നൽകുന്നുണ്ട്. തൊഴുത്തുകൾക്കും ഫാമുകൾക്കും ഹരിത പദവി നൽകുന്നതോടെ മൃഗങ്ങളുടെ ആരോഗ്യംകൂടി പരിഗണിക്കപ്പെടും.
തൊഴുത്തും ഫാമും അടിപൊളിയാവണം
ഡെയറി ഫാമുകളുടെയും തൊഴുത്തുകളുടെയും ഹരിത പദവി ഒരുക്കുന്നതിന് സഹായകരമായ മാർഗരേഖ ക്ഷീരവികസന വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡെയറിഫാമും പരിസരപ്രദേശങ്ങളും ശുചിത്വ പൂർണമായിരിക്കണം. എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കണം. തൊഴുത്തോ ഫാമോ വൃത്തിയാക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഉപയോഗിക്കുന്ന വെള്ളം ഒരു സോക്കേജ് പിറ്റിൽ ശേഖരിക്കപ്പെടുന്ന സംവിധാനം വേണം.
ഫാമിലെ മൃഗങ്ങളുടെ മൂത്രം ശേഖരിച്ച് സൂക്ഷിക്കാനോ അവ സുരക്ഷിതമായി സോക്കേജ് പിറ്റ് പോലുള്ള സംവിധാനങ്ങളിലേക്ക് മാറ്റാനോ സ്ഥിരം സൗകര്യം ഒരുക്കണം. മഴവെള്ളം കയറാത്ത വിധം ചാണകക്കുഴികൾ കല്ല് വെച്ച് പടുത്തുയർത്തണം. കറവ ഉപകരണങ്ങൾ പതിവായി വൃത്തിയാക്കാനും അണുവിമുക്തമാക്കാനും ശ്രദ്ധിക്കണം.
ഫാമിലേക്കു പുതുതായി കൊണ്ടുവരുന്ന മൃഗങ്ങളെയും രോഗബാധിതരായ മൃഗങ്ങളെയും ക്വാറന്റൈൻ ചെയ്യാൻ സംവിധാനം ഒരുക്കണം. ധാതുക്കളുടെ പാക്കറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കാനും ഹരിതകർമ സേനക്ക് കൈമാറാൻ സംവിധാനമൊരുക്കണം. ഫാം, തൊഴുത്ത് എന്നിവ കാറ്റും വെളിച്ചവും കടക്കുന്ന വിധത്തിലുള്ളവയായിരിക്കണം. തൊഴുത്തിനകത്തെ ചൂട് കുറക്കാനുള്ള മാർഗങ്ങൾ അവലംബിക്കണം. ഓട്ടോമാറ്റിക് ഡ്രിഗിങ് ബൗൾ, ഡയറി ഫാം, യന്ത്രവത്കരണം, അണുനശീകരണ പ്രവർത്തനങ്ങൾ കൂടുതലായി നടപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.