'ജനനിയിലേക്ക് ' വരൂ... കുഞ്ഞിക്കാൽ കാണാനുള്ള ആഗ്രഹം യാഥാർഥ്യമാക്കാം
text_fieldsകണ്ണൂർ: കുഞ്ഞുങ്ങളില്ലാതെ ഇരുൾപരന്ന ദമ്പതിമാരുടെ ജീവിതത്തിൽ കുഞ്ഞിക്കാലുകളുടെ സ്പർശനവുമായി വെളിച്ചം വിതറി ജനനി പദ്ധതി. മറ്റെന്തു സൗഭാഗ്യങ്ങളുണ്ടായാലും കുട്ടികളില്ലെന്ന കുറവ് ജീവിതത്തെ നിരാശയുടെ പടുകുഴിയിലാഴ്ത്തിയവരുടെ രക്ഷകരായാണ് ഹോമിയോ വകുപ്പിന്റെ കീഴിലുള്ള ജനനി വന്ധ്യത നിവാരണ പദ്ധതി അനുഗ്രഹമാകുന്നത്.
പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ല ഹോമിയോ ആശുപത്രിയിലെ സൗജന്യ ചികിത്സയിലൂടെ അറുനൂറോളം കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ സഫലമായി കഴിഞ്ഞു. ഇതിൽ നാല് ഇരട്ടക്കുട്ടികളാണ്. ആയിരത്തോളം പേർ ചികിത്സയുടെ ഭാഗമായി ഗർഭിണികളായിട്ടുമുണ്ട്. സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പാക്കിയത് കണ്ണൂർ ജില്ല ഹോമിയോ ആശുപത്രിയിലാണ്. ഇതിനായി ഇവിടെ ജനനി വന്ധ്യത നിവാരണ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. കേരള ജനതയുടെ 10.5 ശതമാനം പേരും വന്ധ്യത പ്രശ്നം അഭിമുഖീകരിക്കുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ, ഇവരിൽ 65 ശതമാനം പേരും ആധുനിക ചികിത്സ മാർഗമാണ് സ്വീകരിച്ചു പോരുന്നത്. ചികിത്സ ചെലവ് താങ്ങാനാകാതെ വിഷമിക്കുന്ന ധാരാളം പേർ ഇവർക്കിടയിലുണ്ട്. ചെലവ് കുറഞ്ഞതും പാർശ്വഫലങ്ങൾ ഇല്ലാത്തതും വന്ധ്യ ചികിത്സ മേഖലയിൽ വളരെയധികം സാധ്യതയുള്ളതുമായ ചികിത്സ പൊതുജനങ്ങൾക്ക് അപരിചിതമായതിനാൽ, ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോമിയോപതി വകുപ്പ് ജനനി പദ്ധതിക്ക് തുടക്കം കുറിച്ചത്. 2012ലാണ് സംസ്ഥാനത്തെതന്നെ പ്രഥമ ജനനി വന്ധ്യത നിവാരണ കേന്ദ്രം കണ്ണൂരിൽ തുടങ്ങിയത്.
പ്രത്യേക ഒ.പിയായിട്ടായിരുന്നു തുടക്കം. 2017ലാണ് ജനനി എന്നാക്കി മാറ്റിയത്. ആദ്യ വർഷംതന്നെ 40ഓളം പോസിറ്റിവ് ഫലങ്ങൾ. തുടർന്ന് പദ്ധതി തിരുവനന്തപുരം, കോട്ടയം കോഴിക്കോട് ജില്ലകളിൽകൂടി നടപ്പാക്കി. ഇവിടെയും പദ്ധതിക്ക് മികച്ച പ്രതികരണം കിട്ടിയതോടെ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു. ഈ 'ജനനി വന്ധ്യത ചികിത്സ കേന്ദ്രങ്ങൾ' ഇന്ന് വിജയഗാഥ രചിക്കുകയാണ്. ആദ്യകാലത്ത് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽനിന്ന് ചികിത്സ തേടി കണ്ണൂരിൽ എത്തിയിരുന്നു.
നിലവിൽ എല്ലാ ജില്ലകളിലും ജനനി പദ്ധതി തുടങ്ങിയിട്ടും മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽനിന്ന് ചികിത്സ തേടി പലരും ഇവിടെ എത്തുന്നുണ്ട്. ചികിത്സക്കെത്തുന്ന ഓരോ ദമ്പതികളെയും വിശദമായ കേസ് പഠനത്തിലൂടെ തനതായ വ്യക്തിത്വം മനസ്സിലാക്കി ആധുനിക പരിശോധന സംവിധാനങ്ങളുടെ സഹായത്തോടെ വന്ധ്യതയുടെ കാരണങ്ങള്‍ കണ്ടെത്തിയാണ് ചികിത്സ നിർണയിക്കുന്നത്.
ജനനി പദ്ധതിയെ തേടി ദേശീയ പ്രശംസ എത്തിയെന്നതും ഹോമിയോ വകുപ്പിന് ഊർജം പകരുന്നതാണ്. പാര്‍ലമെന്റിലെ ഇക്കണോമിക് റിവ്യൂ റിപ്പോര്‍ട്ടിൽ ആയുഷ് ചികിത്സയുമായി ബന്ധപ്പെട്ട് ജനനി പദ്ധതി മാത്രമാണ് പരാമര്‍ശിക്കപ്പെട്ടത്. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ നടപ്പാക്കിയ ജനനി പദ്ധതിയുടെ വൻ വിജയം മാതൃകയാണെന്നാണ് കേന്ദ്ര ആയുഷ് വകുപ്പ് അറിയിച്ചത്.
സങ്കീർണമായ കേസുകൾക്കും ഫലമുണ്ട്
സങ്കീർണമായ കേസുകൾക്കും ജനനിയിൽ അനുകൂലമായ ഫലം ഉണ്ടാകുന്നുണ്ട്. സർജറി ആവശ്യമായി വരുന്ന പ്രശ്നം പോലും പരിഹരിക്കപ്പെടുന്നുണ്ട്. 20 വർഷം വരെ കാത്തിരുന്നവരും ഇക്കൂട്ടത്തിലുണ്ട്. ആദ്യ അവസരമായി പലരും ഹോമിയോ ചികിത്സയെ കാണുന്നില്ല. മറ്റു ചികിത്സകളൊക്കെ ഫലം കാണാതെ ഇവിടെ ചികിത്സ തേടി എത്തുമ്പോഴേക്കും പ്രശ്നം സങ്കീർണമാകും. അത്തരം ദമ്പതികളിലും ജനനി ചികിത്സ രീതി പോസിറ്റിവ് ആകുന്നുണ്ട്.
(ഡോ. എ.പി. സുധീര, ജില്ല കൺവീനർ, ജനനി പദ്ധതി, കണ്ണൂർ)
രാജ്യത്തിനുതന്നെ അഭിമാനം
മധുരമുള്ള ഗുളിക, സ്നേഹം പുരണ്ട ചികിത്സ. കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതിമാർക്കായി അത്ഭുതങ്ങൾ സൃഷ്ടിച്ച ജനനി പദ്ധതി രാജ്യത്തിനുതന്നെ അഭിമാനമാണ്. ജില്ല ഹോമിയോ ആശുപത്രിയോട് ചേർന്നു പ്രവർത്തിച്ചിരുന്ന ജനനി ക്ലിനിക്കിനെ വന്ധ്യത ചികിത്സ ആശുപത്രിയാക്കി ഉയർത്തുന്നതിന്റെ ഭാഗമായി 30 സെന്റ് ഭൂമി കോർപറേഷൻ വിട്ടുനൽകിയിട്ടുണ്ട്. ഭൂമി നൽകാനുള്ള കോർപറേഷൻ തീരുമാനം സർക്കാറിന്റെ പരിഗണനക്കായി സമർപ്പിച്ചിട്ടുണ്ട്. പദ്ധതിയിൽ സംസ്ഥാനത്താകെ രണ്ടായിരത്തിലധികളം കുട്ടികൾ ജനിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ കണ്ണൂരിലാണ്.
(ഡോ. അബ്ദുൽ സലാം ഡി.എം.ഒ, ഹോമിയോ)
എത്തുന്നത് അവസാന ആശ്രയമായി
മറ്റെല്ലാ വന്ധ്യത ചികിത്സകളും നടത്തി ലക്ഷങ്ങൾ ചെലവാക്കി അവസാന ആശ്രയമെന്ന നിലയിലാണ് ഹോമിയോപതി ചികിത്സ തേടിയെത്തുന്നത്. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്തുതന്നെ നന്നായി വിജയിച്ച പദ്ധതിയാണിത്. പുറത്ത് ലക്ഷങ്ങളാണ് ഇതിനുള്ള ചെലവ്. ജനനി പദ്ധതിയെക്കുറിച്ച് ജനങ്ങളിൽ ഇനിയും അവബോധം ഉണ്ടാകേണ്ടതുണ്ട്.
(ഡോ. ഇന്ദിര, സൂപ്രണ്ട്, ജില്ല ഹോമിയോ ആശുപത്രി, കണ്ണൂർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.