മുസ്ലിംകൾക്ക് പ്രവേശനമില്ല; മല്ലിയോട്ട് പാലോട്ട് കാവിൽ ഈ വർഷവും വിവാദ ബോർഡ്
text_fieldsപയ്യന്നൂർ: ഉത്സവകാലങ്ങളില്‍ ക്ഷേത്രപ്പറമ്പിലേക്ക് മുസ്ലിംകള്ക്ക് വിലക്കേര്‍പ്പെടുത്തി ഇക്കുറിയും വിവാദബോര്ഡ്. കണ്ണൂര്‍ പയ്യന്നൂരിനടത്തുള്ള കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷുവിളക്കുത്സവത്തിന് മുസ്ലിംകള്ക്ക് വിലക്കേര്‍പ്പെടുത്തി ബോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷവും ഇതേസമയത്ത് സമാനമായ ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരുന്നു.
സംഭവം ഏറെ വിവാദമാവുകയും ചെയ്തു. എന്നാൽ, ഈ വർഷവും ബോർഡ് സ്ഥാപിക്കുകയായിരുന്നു. ഉത്സവകാലങ്ങളില്‍ മുസ്ലിംകള്ക്ക് ക്ഷേത്രപ്പറമ്പില്‍ പ്രവേശനമില്ല എന്നാണ് ബോര്‍ഡിലുള്ളത്. ക്ഷേത്രത്തിലെ ഭരണത്തിന് നേതൃത്വം നല്കുന്ന നാലൂര് സമുദായിമാരുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. സി.പി.എം പാർട്ടി ഗ്രാമമായ കുഞ്ഞിമംഗലത്ത് പ്രത്യക്ഷപ്പെട്ട ബോർഡിനെതിരെ സി.പി.എം, പുരോഗമനകലാ സാഹിത്യ സംഘം, ഡി.വൈ.എഫ്.ഐ തുടങ്ങിയ സംഘടനകൾ സജീവമായി രംഗത്തെത്തിയെങ്കിലും ക്ഷേത്രകമ്മിറ്റി ബോർഡുമാറ്റാൻ തയാറായിട്ടില്ല.
വർഷങ്ങളായി ഉത്സവത്തിന് ബോർഡ് സ്ഥാപിക്കാറുണ്ടെന്നും വിവാദത്തിൽ പ്രതികരിക്കേണ്ടതില്ലെന്നുമാണ് ബന്ധപ്പെട്ടവരുടെ നിലപാട്.
ബോർഡ് മതേതരത്വത്തിന് പരിക്കേൽപിക്കുന്നത്- സി.പി.എം
പയ്യന്നൂർ: കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ഉത്സവപ്പറമ്പിൽ മുസ്ലിംകൾക്ക് പ്രവേശനമില്ല എന്ന ബോർഡ് സ്ഥാപിച്ചത് മതേതരത്വത്തിന് പോറലേൽപിക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണെന്ന് സി.പി.എം മാടായി ഏരിയകമ്മിറ്റി. നാടിന്റെ ഈ പാരമ്പര്യത്തിന് കളങ്കം ചാർത്തുന്ന നിലയിൽ ബോർഡ് സ്ഥാപിച്ചത് ശരിയല്ല. ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങുകളിൽ ആചാരത്തിന്റെയും മറ്റും ഭാഗമായി മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ കൂടി പങ്കാളിയാകുന്ന മതേതര സംസ്കാര മാതൃക കൂടിയുള്ള നാടാണ് നമ്മുടേത്. ബോർഡ് മാറ്റി സ്ഥാപിക്കാനുള്ള മാതൃകാപരമായ തീരുമാനം കൈക്കൊള്ളാൻ ക്ഷേത്രഭാരവാഹികൾ തയാറാകണമെന്നും ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ക്ഷേത്ര കമ്മിറ്റിക്കാരുടെ തീരുമാനം പുരോഗമനസമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതാണെന്ന് പുരോഗമന കലാസാഹിത്യസംഘം മാടായി മേഖല കമ്മിറ്റിയും അഭിപ്രായപ്പെട്ടു.
വലിയ പ്രതിഷേധം ഉയർന്നിട്ടും അതിൽ നിന്ന് പിന്തിരിയാൻ തയാറാകാത്തത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. അപര മതവിദ്വേഷം ഫാഷിസ്റ്റ് ആശയമാണ്. അതിന്റെ പ്രചാരകരാവുകയാണ് ബോർഡ് സ്ഥാപിച്ചവരെന്നും പുരോഗമന കലാ സാഹിത്യ സംഘം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.