കല്യാണ വീട്ടിലെ ബോംബേറ്: ബോംബ് ഫലിച്ചില്ലെങ്കിൽ 'പ്ലാൻ ബി'
text_fieldsകണ്ണൂർ: കല്യാണ വീട്ടിലെ ബോംബേറ് ആസൂത്രിതവും ലക്ഷ്യം കൊലതന്നെയെന്നും എ.സി.പി പി.പി. സദാനന്ദൻ മാധ്യമങ്ങളെ അറിയിച്ചു. ബോംബാക്രമണം പരാജയപ്പെടുകയാണെങ്കിൽ ആയുധം കൊണ്ട് ആക്രമിക്കാനുള്ള 'പ്ലാൻ ബി' അടക്കം ആസൂത്രണം ചെയ്താണ് പ്രതികൾ എത്തിയത്. അറസ്റ്റിലായ സനാദാണ് ആയുധം എത്തിച്ചത്.
ഇവർ എത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സനാദിന്റെ കൈയിൽ നിന്നും മിഥുൻ വടിവാൾ വാങ്ങി, തോട്ടട സ്വദേശികളായ യുവാക്കളെ ആക്രമിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. അതേസമയം, ബോംബ് സ്ഫോടനം നടന്ന സ്ഥലത്തിനു സമീപത്തായി ഒരു സ്കൂട്ടർ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രി മുതൽ ഈ സ്കൂട്ടർ പരിസരത്തുണ്ടായിരുന്നതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു.
'ബോംബ് കൊണ്ടുവന്നത് കൊല്ലാൻ തന്നെ'
ഏച്ചൂർ സംഘം ബോംബ് കൊണ്ടുവന്നത് കൊല്ലാൻ തന്നെയാണെന്ന് പൊലീസ്. എടക്കാട് പൊലീസ് തലശ്ശേരി എ.സി.ജെ.എം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പ്രതികളുടെ ലക്ഷ്യം വ്യക്തമായി സൂചിപ്പിക്കുന്നത്. തോട്ടടയിലെ വിവാഹ വീട്ടിൽ ശനിയാഴ്ച രാത്രി ഏച്ചൂരിൽ നിന്നെത്തിയ സംഘവും വരന്റെ വീടായ തോട്ടടയിലെ സംഘവും തമ്മിൽ പാട്ടുവെക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം ബോംബേറിൽ കലാശിക്കുകയായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ട്.
കല്യാണ ദിവസം ഏച്ചൂർ സംഘം കണക്കുതീർക്കാൻ ആസൂത്രണം ചെയ്തതായി പൊലീസ് പറയുന്നു. അറസ്റ്റിലായ പ്രതികളും തോട്ടടയിലെ ചിലരുമായി വിവാഹ ദിവസം ഉച്ചക്ക് വീണ്ടും വാക്കുതർക്കമുണ്ടായി. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ബോംബെറിഞ്ഞു. ബോംബ്, മുന്നിൽ പോവുകയായിരുന്ന സ്വന്തം സംഘത്തിലെ ജിഷ്ണുവിന്റെ തലയിൽ വീണ് സ്ഫോടനമുണ്ടായി കൊല്ലപ്പെട്ടുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. താഴെചൊവ്വയിലുള്ള കടയില്‍ നിന്നും പടക്കം വാങ്ങിയത് കല്യാണ വീട്ടില്‍ പടക്കം പൊട്ടിക്കാനാണ്. 4000 രൂപക്ക് പടക്കം വാങ്ങുകയും ചെയ്തിരുന്നു.
അത് സാധാരണ പടക്കം മാത്രമാണ്. ബോംബ് നിര്‍മാണത്തിന് ഉപയോഗിച്ചത് അവിടെ നിന്നുള്ള പടക്കമല്ല. അതേക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ ഇക്കാര്യം വെളിപ്പെടുത്താനാവില്ലെന്നും എ.സി.പി പറഞ്ഞു. മൂന്നു ബോംബുകളാണ് സംഘം കൈവശം കരുതിയത്. ആദ്യത്തേത് എറിഞ്ഞു. രണ്ടാമത്തേത് ജിഷ്ണുവിന്റെ തലക്കുകൊണ്ടു. മൂന്നാമത്തെ ബോംബ് സംഭവസ്ഥലത്തുനിന്നും പൊലീസ് കണ്ടെടുത്തുവെന്നും എ.സി.പി പറഞ്ഞു.
ബോംബ് എറിയുന്നതിനുമുമ്പ് സംഭവസ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തിൽ മിഥുന് അടിയേറ്റു. തുടര്‍ന്ന് മിഥുന് വടിവാള്‍ വീശി. ഇതിനുപിന്നാലെയാണ് അക്ഷയ് ബോംബെറിഞ്ഞതെന്നും എ.സി.പി പറഞ്ഞു. ഞായറാഴ്ചയാണ് കണ്ണൂര്‍ തോട്ടടയിൽ നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് (26) തലയോട്ടി പൊട്ടിച്ചിതറി ദാരുണമായി കൊല്ലപ്പെട്ടത്. പട്ടാപ്പകല്‍ കല്യാണ വീട്ടില്‍ ആളുകള്‍ കൂടിനില്ക്കുമ്പോള്, വാനിലെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.