ഒറ്റപ്പെട്ട ആക്രമണങ്ങൾ; ബൂത്ത് ഏജൻറുമാർക്ക് മർദനം
text_fieldsകണ്ണൂർ: പോളിങ് ദിനത്തിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങൾ. ഏതാനും ഇടങ്ങളിൽ യു.ഡി.എഫ് ബൂത്ത് ഏജൻറുമാർക്ക് മർദനമേറ്റു. കെ. സുധാകരൻ എം.പിയുടെ പ്രസ് സെക്രട്ടറി മനോജ് പാറക്കാടിക്ക് ചെങ്ങളായി പഞ്ചായത്തിലെ തട്ടേരി വാർഡിലെ ബൂത്തിൽ മർദനമേറ്റു. കള്ളവോട്ട് തടയാൻ ശ്രമിച്ചതിനാണ് മർദനം.
പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ വാർഡ് 44 വെള്ളൂർ വെസ്റ്റിലെ സ്വതന്ത്ര വനിത സ്ഥാനാർഥി പി.ടി.പി. സാജിദയെ കള്ളവോട്ട് തടയാൻ ശ്രമിച്ചതിന് സി.പി.എമ്മുകാർ ഭീഷണിപ്പെടുത്തി. ചീഫ് ഏജൻറ് ടി.കെ. മുഹമ്മദ് റിയാസിന് നേരെയും മർദനമുണ്ടായി. ആന്തൂർ അയ്യങ്കോലിൽ സി.പി.എം - ലീഗ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി.
ഇരു വിഭാഗം പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായി. കള്ളവോട്ട് ചോദ്യം ചെയ്തതിന് ബൂത്ത് ഏജൻറ് നിസാറിന് ബൂത്തിനകത്ത് മർദനമേറ്റു. ഇയാളുടെ ചെവിക്ക് മുറിവേറ്റു. സംഭവമറിഞ്ഞ് എത്തിയ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ജില്ല പൊലീസ് മേധാവിയെ വിവരമറിയിച്ചതോടെ എസ്.പി യതീഷ് ചന്ദ്ര സ്ഥലത്ത് എത്തി. അവിടെ തടിച്ചുകൂടിനിന്നവരെ എസ്.പി വിരട്ടിയോടിച്ചു. പരിക്കേറ്റ ബൂത്ത് ഏജൻറ് നിസാറിനെ അദ്ദേഹം ബൂത്തിൽ ഇരിക്കാൻ സംരക്ഷണം ഏർപ്പെടുത്തി.
പരിയാരം ഗ്രാമപഞ്ചായത്തിലെ മാവിച്ചേരിയിൽ യു.ഡി.എഫ് ബൂത്ത് ഏജൻറിന് മർദനമേറ്റു. കള്ളവോട്ട് ചോദ്യം ചെയ്തതിന് ബൂത്തിൽ നിന്ന് പിടിച്ചുപുറത്താക്കുകയായിരുന്നു.
മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ആറാം വാര്‍ഡ് ബൂത്ത് ചീഫ് ഏജൻറ് പി.പി. അന്സിലിന് കള്ളവോട്ട് ചോദ്യം ചെയ്തതിന് മർദനമേറ്റു. സംഘര്‍ഷം നടന്ന സ്ഥലം കെ. സുധാകരന് എം.പി സന്ദര്‍ശിച്ചു. പോളിങ് പൂർത്തിയായ ശേഷം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ചെറിയ അക്രമങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.