കെട്ടിട നമ്പർ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കലക്ടർക്ക് കത്തയക്കാൻ കോർപറേഷൻ
text_fieldsകണ്ണൂര്‍: കോര്പറേഷന് പരിധിയിൽ പുതുതായി നിർമിച്ചതും പുനർനിർമിച്ചതുമായ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ലഭിക്കാത്ത വിഷയത്തിൽ കലക്ടർക്ക് കത്തയക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. വില്ലേജ് ഓഫിസിൽനിന്നുള്ള നടപടികൾ വൈകുന്നതിനാൽ കോർപറേഷന് ലഭിക്കേണ്ട നികുതി വരുമാനം സമയബന്ധിതമായി ഈടാക്കാനാവാത്ത സാഹചര്യത്തിൽ വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് മേയർ ടി.ഒ. മോഹനൻ പറഞ്ഞു.
കെട്ടിടങ്ങളുടെ വിശദാംശങ്ങൾ എല്ലാ മാസവും 10ാം തീയതിക്കകം നിശ്ചിത മാതൃകയിൽ വില്ലേജ് ഓഫിസർക്ക് നൽകണമെന്ന് കലക്ടർ നിർദേശം നൽകിയിരുന്നു. നിലവിൽ കെട്ടിട ഉടമയോട് ഒക്യുപൻസി നൽകിയ പ്ലാനിന്റെ പകർപ്പ് വില്ലേജ് ഓഫിസിൽ ഹാജരാക്കിയാൽ ലഭിക്കുന്ന സാക്ഷ്യപത്രം സമർപ്പിക്കുന്ന മുറക്കാണ് കെട്ടിട നമ്പർ അനുവദിക്കുന്നത്.
എന്നാല്‍, വില്ലേജ് ഓഫിസില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവർക്ക് സാക്ഷ്യപത്രം നല്‍കാതെ നികുതി ഈടാക്കിയ രസീതി മാത്രം നല്‍കുകയാണ്. ആയതിനാൽ ആഴ്ചകളോളം കാലതാമസം നേരിടുന്നുണ്ട്. എടക്കാട് മേഖലയിൽ മാത്രം നൂറോളം ഫയലുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
ഇത്തരത്തിൽ വില്ലേജ് ഓഫിസിൽനിന്നുള്ള നടപടിക്രമങ്ങൾ വൈകുന്നതു മൂലം കോർപറേഷന് ലഭിക്കേണ്ട നികുതി വരുമാനം സമയബന്ധിതമായി ഈടാക്കാനാവുന്നില്ല. ചട്ടം അനുശാസിക്കുന്ന സമയപരിധിക്കുള്ളിൽ കെട്ടിട നമ്പർ നൽകി നികുതി ചുമത്താൻ സാധിക്കുന്നുമില്ല. മുൻകാലങ്ങളിൽ വില്ലേജ് ഓഫിസിൽ നിന്നും ജീവനക്കാർ നേരിട്ടുവന്ന് വിവരങ്ങൾ ശേഖരിക്കുന്ന രീതിയായിരുന്നു.
കലക്ടർ നിശ്ചിത മാതൃകയിൽ പ്രതിമാസ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതോടെ ജീവനക്കാരും ജോലിഭാരത്താൽ ബുദ്ധിമുട്ടുകയാണ്. ആഡംബര നികുതി ഒടുക്കിയാലേ കെട്ടിടനമ്പർ നൽകാനും വസ്തുനികുതി ചുമത്താനും പാടുള്ളൂ എന്നതിനാൽ നഗരസഭ റവന്യൂ വിഭാഗം നടപടികൾ മെല്ലെപ്പോക്കിലാണ്.
അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചോലോറയില്‍ പ്രവൃത്തി തുടങ്ങാനിരിക്കുന്ന 100 കെ.എല്‍.ഡി സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിലവിലെ ടെക്നോളജി മാറ്റി ഓപണ്‍ ടെക്നോളജി ആക്കുന്നതിനുള്ള അനുമതി അജണ്ടയില്‍ വന്നത് ചര്‍ച്ചയായി.
ടെക്നോളജി സംബന്ധിച്ച് യോഗത്തിൽ വാദപ്രതിവാദങ്ങളുയർന്നു. ടെക്നോളജിയെക്കുറിച്ച് വിശദമായി മനസ്സിലാക്കാതെ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പി.കെ. രാഗേഷ്, പി. ഇന്ദിര, എം.പി. രാജേഷ്, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്, സുരേഷ് ബാബു എളയാവൂര് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.