സംസ്കരിച്ച മൃതദേഹ അവശിഷ്ടങ്ങൾ പയ്യാമ്പലം ബീച്ചിൽ തള്ളി; പയ്യാമ്പലത്ത് വീണ്ടും വിവാദം
text_fieldsകണ്ണൂർ: പയ്യാമ്പലം ശ്മശാനത്തെ വിവാദം കെട്ടടങ്ങുന്നില്ല. ശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹങ്ങളുടെ എല്ലിൻകഷണങ്ങൾ ഉൾപ്പെടെയുള്ളവ ബീച്ചിൽ കുഴിയെടുത്ത് കുഴിച്ചുമൂടിയതാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. ശനിയാഴ്ച രാത്രിയിലാണ് സംഭവമെന്നാണ് കരുതുന്നത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ശ്മശാനത്തിലെ അവശിഷ്ടങ്ങൾ നീക്കംചെയ്തത്. ബീച്ചിൽ കുഴിയെടുത്ത് അതിലേക്ക് ടിപ്പറിൽ അവശിഷ്ടങ്ങൾ കൊണ്ടുപോയിട്ടുവെന്നാണ് ആക്ഷേപം. കനത്തമഴയിൽ മണൽ ഒഴുകിപ്പോയതോടെയാണ് എല്ലിൻകഷണങ്ങളും അവശിഷ്ടങ്ങളും പുറത്തുവന്നത്.
ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയവരാണ് ബീച്ചിൽ വലിയ കുഴി കണ്ടത്. പതിവില്ലാത്ത കുഴി കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അസ്ഥികൾ ഉൾപ്പെടെ അവശിഷ്ടങ്ങൾ കണ്ടു. ഇവരാണ് വിവരം പരിസരവാസികളെയും മറ്റും അറിയിച്ചത്. വിവരമറിഞ്ഞ് പരിസരവാസികളും െഎ.ആർ.പി.സി, ബി.ജെ.പി നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി. ശ്മശാനം കോർപറേഷെൻറ അധീനതയിലാണ്. എന്നാൽ, പയ്യാമ്പലം ബീച്ച് ഡി.ടി.പി.സിയുടെ ഉടമസ്ഥതയിലാണ്. ജില്ല കലക്ടറാണ് ഇതിെൻറ ചെയർമാൻ.
ടൂറിസ്റ്റ് കേന്ദ്രമായ ബീച്ചിൽ കോവിഡ് ബാധിച്ച് മരിച്ചവരുടേത് ഉൾപ്പെടെയുള്ള മൃതദേഹങ്ങൾ സംസ്കരിച്ചതിെൻറ അവശിഷ്ടങ്ങൾ കുഴിയെടുത്ത് നിക്ഷേപിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് ഡി.ടി.പി.സി. ലോക്ഡൗൺ കാരണം ഇൗ ഭാഗത്തേക്കുള്ള റോഡ് പൊലീസ് അടച്ചിരുന്നു. അതെല്ലാം മാറ്റിയ ശേഷമാണ് മണ്ണുമാന്തിയും ടിപ്പറും എത്തിച്ചതെന്നാണ് കരുതുന്നത്. കോർപറേഷന് ഒരുബന്ധവും ഇല്ലാത്ത സംഭവത്തിൽ കോർപറേഷന് മേൽ കെട്ടിവെച്ച് പഴിചാരുന്നതിന് പിന്നിൽ ചിലരുടെ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്ന് മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു.
മേയർ അഡ്വ. ടി.ഒ. മോഹനൻ, സ്ഥിരംസമിതി ചെയർമാൻമാരായ പി.കെ. രാഗേഷ്, അഡ്വ. മാർട്ടിൻ ജോർജ്, ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിദാസ്, ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ, െഎ.ആർ.പി.സി ചെയർമാൻ പി.എം. സാജിദ് എന്നിവർ സ്ഥലം സന്ദർശിച്ചു.
സംഭവത്തിൽ ഗൂഢാലോചന –മേയർ
കണ്ണൂർ: പയ്യാമ്പലത്ത് മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നനിലയിൽ ചില കേന്ദ്രങ്ങളിൽനിന്നുള്ള പ്രതികരണം ഈ വിഷയത്തിൽ ഗൂഢാലോചന സംശയിക്കത്തക്കതാണെന്ന് കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു.
പയ്യാമ്പലത്ത് നേരത്തെ നടന്നുകൊണ്ടിരുന്ന കോവിഡ് ബാധിതരുടെ സംസ്കാരവുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് സംസ്കാരം കോർപറേഷൻ നേരിട്ട് ഏറ്റെടുക്കുകയും മറ്റൊരു തദ്ദേശസ്വയംഭരണ സ്ഥാപനവും നൽകാത്തവിധം ആംബുലൻസ് സേവനം ഉൾപ്പെടെ നൽകി തീർത്തും സൗജന്യമായി സംസ്കരിക്കുകയും ചെയ്തുവരുകയാണ്. ജനങ്ങൾക്ക് ആശ്വാസകരമായ ഇത്തരം പല പ്രവൃത്തികളും കോർപറേഷൻ ഏറ്റെടുത്തത് മുതൽ ചിലർ ഒളിഞ്ഞും തെളിഞ്ഞും കോർപറേഷനെതിരെ ആരോപണങ്ങളുമായി വരുകയാണ്. അതിെൻറ ഭാഗമായി മാത്രമേ ഇതിനെയും കാണാൻ സാധിക്കുകയുള്ളൂവെന്നും മേയർ പറഞ്ഞു.
കോർപറേഷനെ ഇകഴ്ത്തിക്കാണിക്കുന്ന ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ മന്ത്രി, ജില്ല കലക്ടർ എന്നിവർക്ക് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.
അന്വേഷണം നടത്തണം –എൻ. സുകന്യ
കണ്ണൂർ: പയ്യാമ്പലം ശ്മശാനത്തിലെ മൃതദേഹാവശിഷ്ടങ്ങൾ ബീച്ചിൽ തള്ളിയ സംഭവത്തിൽ ഇടപെടണമെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കോർപറേഷനിലെ സി.പി.എം കൗൺസിലർ എൻ. സുകന്യ മേയർ അഡ്വ. ടി.ഒ. മോഹനന് കത്ത് നൽകി. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ച സ്ഥലത്തുനിന്നുൾെപ്പടെയുള്ള അവശിഷ്ടങ്ങൾ ഇതിലുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
ഗുരുതരമായ മനുഷ്യാവകാശലംഘനമാണ് നടന്നിട്ടുള്ളത്. ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്ന നടപടികൂടിയാണിത്. ഇതുസംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി നിജഃസ്ഥിതി മനസ്സിലാക്കി ഉചിതമായ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മൃതദേഹങ്ങളോടുള്ള അനാദരവ് –െഎ.ആർ.പി.സി
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ നിക്ഷേപിച്ച സംഭവം നിയമവിരുദ്ധ പ്രവർത്തനമാണെന്നും ഇത് മൃതദേഹങ്ങളോടുള്ള അനാദരവാണെന്നും െഎ.ആർ.പി.സി ചെയർമാൻ പി.എം. സാജിദ് മാധ്യമങ്ങളോട് പറഞ്ഞു. മനുഷ്യാവകാശലംഘനം എന്ന നിലയിൽ കേസെടുക്കേണ്ട വിഷയമാണ് ഇതെന്നും ജില്ല കലക്ടർക്ക് പരാതി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിശദ പരിശോധന വേണം –ബി.ജെ.പി
കണ്ണൂർ: കോർപറേഷനാണോ െഎ.ആർ.പി.സിയാണോ സംഭവത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിദാസ് പറഞ്ഞു. ഇതിെൻറ ഉത്തരവാദിത്തം ആരുടെയെങ്കിലും തലയിൽ ചാർത്താനാവില്ല. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്ന കാര്യത്തിൽ ഇവിടെ കോർപറേഷനും െഎ.ആർ.പി.സിയും തമ്മിൽ വടംവലിയായിരുന്നു. ഉത്തരവാദി കോർപറേഷനാണെങ്കിൽ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചതെന്നും നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.