കണ്ണൂർ ജില്ലയിലും ബസ് പെർമിറ്റ് മറിച്ചുവിൽക്കൽ ലോബി
text_fieldsകണ്ണൂർ: സ്വകാര്യ ബസ് റൂട്ടുകൾക്കുള്ള പെർമിറ്റ് മറിച്ചുവിൽക്കൽ ലോബി ജില്ലയിലും സജീവം. പുതിയ ബസുകൾക്ക് പെർമിറ്റിന് അപേക്ഷിക്കുകയും അത് ലഭ്യമായാൽ ഉടൻ വൻ തുകക്ക് മറിച്ചുനൽകുകയുമാണ് ഇവരുടെ രീതി. ഇത്തരം ലോബിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ പറഞ്ഞു. ജില്ല റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. പെർമിറ്റ് നേടി അത് വൻ വിലക്ക് മറിച്ചുവിൽക്കുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
കൂടുതൽ സർവിസുകളുള്ള റൂട്ടുകളിൽ പുതിയ പെർമിറ്റ് അനുവദിക്കുന്നതിന് നിയന്ത്രണമുണ്ടാകും. മത്സരയോട്ടവും അതുവഴിയുള്ള അപകടങ്ങളും ഒഴിവാക്കാനാണ് ഈ തീരുമാനം. കൂടുതൽ സർവിസ് അനുവദിച്ച് ഗ്രാമപ്രദേശങ്ങളിലെയും മലയോര മേഖലയിലെയും യാത്രാക്ലേശം പരിഹരിക്കുമെന്നും കലക്ടർ പറഞ്ഞു. ഉൾപ്രദേശങ്ങളിലേക്കുള്ള പെർമിറ്റ് ഉപയോഗിച്ച് ഹൈവേയിലൂടെ മാത്രം സർവിസ് നടത്തുന്ന ബസുകളെ പൊലീസിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവി ഹേമലത പറഞ്ഞു.
ബസുകൾക്കും ഓട്ടോറിക്ഷകൾക്കും പുതിയ പെർമിറ്റ് അനുവദിക്കൽ, ടൈമിങ്, പെർമിറ്റ് ട്രാൻസ്ഫർ, പെർമിറ്റ് പുതുക്കൽ തുടങ്ങിയ 190 പരാതികളും അപേക്ഷകളുമാണ് പരിഗണിച്ചത്. കണ്ണൂർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ആർ. രാജീവ്, ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണൻ, ബസ് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടന പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.