തലശ്ശേരി-കണ്ണൂർ റൂട്ടിൽ ബസ് സമരം തുടരുന്നു
text_fieldsഎടക്കാട്: കണ്ണൂർ-തലശ്ശേരി റൂട്ടിൽ തോട്ടട നടാൽ വഴി ഓടുന്ന ബസുകളുടെ സമരം രണ്ടാം ദിവസവും തുടരുമ്പോഴും അധികൃതർക്ക് അനക്കമില്ല. പുതിയ ദേശീയപാതയുടെ പണി തീരുന്നതോടെ നടാൽ വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസുകൾക്ക് കിഴക്ക് ഭാഗം സർവിസ് റോഡിലേക്ക് കടക്കാൻ അധികദൂരം ഓടേണ്ട ദുരവസ്ഥയിൽ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച മുതൽ ബസുടമകളും തൊഴിലാളി സംഘടനകളും സംയുക്തമായി അനിശ്ചിത കാല സമരം തുടങ്ങിയത്. വെള്ളിയാഴ്ച വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് സമരരംഗത്തുള്ള സംഘടന ഭാരവാഹികൾ ജില്ല കലക്ടറെ കണ്ടെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇടപെടാനാവില്ലെന്നാണ് അറിയിച്ചത്. ശനിയാഴ്ച കണ്ണൂരിൽ ആർ.ഡി.ഒയുമായി വിഷയം ചർച്ച ചെയ്യുമെന്ന് സമരസംഘടന ഭാരവാഹികൾ പറഞ്ഞു. ലിമിറ്റഡ് സ്റ്റോപ് ബസിൽ അള്ളിപ്പിടിച്ചും ഓട്ടോറിക്ഷയെയും മറ്റു ചെറുവാഹനങ്ങളെയും ആശ്രയിച്ചാണ് ജനങ്ങളുടെ യാത്ര. കാടാച്ചിറ–തലശ്ശേരി റൂട്ടിൽ ഓടുന്ന ബസുകൾ സമരത്തിൽ ഇല്ലാത്തത് കാരണം എടക്കാട് മുതൽ തലശ്ശേരിയിൽ പോയി വരേണ്ട യാത്രക്കാർക്ക് ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.