ജീവനക്കാർക്ക് മർദനം: തലശ്ശേരി-വടകര റൂട്ടിൽ ബസ് പണിമുടക്ക്
text_fieldsതലശ്ശേരി: വിദ്യാർഥികൾക്കുള്ള കൺസഷൻ പാസ് സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് ബസ് ജീവനക്കാർക്ക് മർദനം. സംഭവത്തിൽ പ്രതിഷേധിച്ച് തലശ്ശേരി-വടകര റൂട്ടിൽ വെള്ളിയാഴ്ച സ്വകാര്യ ബസുകൾ സർവിസ് നിർത്തിവെച്ചു. ഇത് യാത്രക്കാരെ ഏറെ വലച്ചു. ചോറോട് റെയിൽവേ ഗേറ്റിനടുത്ത പുഞ്ചിരി മിൽ ബസ് സ്റ്റോപ്പിലാണ് സംഭവം.
ഒരു കൂട്ടം വിദ്യാർഥികളാണ് ബസ് ജീവനക്കാരെ കൈയേറ്റം ചെയ്തതെന്നാണ് ആരോപണം. ബസ് ജീവനക്കാരെ മർദിച്ച സംഭവം അറിഞ്ഞതോടെ തലശ്ശേരി-വടകര റൂട്ടിലോടുന്ന 65 ഓളം ബസുകൾ മിന്നൽ പണിമുടക്കുകയായിരുന്നു. തലശ്ശേരി-വടകര റൂട്ടിലോടുന്ന പി.പി ബ്രദേഴ്സ് കമ്പനിക്കാരുടെ ദിവ്യശ്രീ ബസ് ജീവനക്കാർക്കാണ് മർദനമേറ്റത്. ബസിൽ യാത്രചെയ്ത വിദ്യാർഥികളോട് കണ്ടക്ടർ കൺസഷൻ പാസ് ആവശ്യപ്പെട്ടതാണ് വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. തർക്കത്തിൽ തുടങ്ങിയ പ്രശ്നം പിന്നീട് കൈയാങ്കളിയിലെത്തി.
കണ്ടക്ടർ എരഞ്ഞോളി ചുങ്കത്തെ പ്രദീപൻ, ഡ്രൈവർ കോപ്പാലം മൂലക്കടവിലെ റാഷിദ് എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരെയും വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്നാണ് ഈ റൂട്ടിലെ സ്വകാര്യ ബസുകളിലുള്ള മറ്റ് ജിവനക്കാർ പണിമുടക്കിയത്. ഓർക്കാപ്പുറത്തെ സമരം കാരണം കൃത്യസമയത്ത് ജോലിക്കെത്താനാവാതെ സർക്കാർ ജീവനക്കാരും മറ്റുള്ളവരും വലഞ്ഞു.
വടകര, കോഴിക്കോട്, തൃശൂർ റൂട്ടിലോടിയ ദീർഘദൂര ബസുകളാണ് യാത്രക്കാർക്ക് ആശ്വാസമായത്. വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് കഴിഞ്ഞ മാസം തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിലും സംഘർഷമുണ്ടായിരുന്നു.
പിന്നീട് ജില്ല കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ കലക്ട്രേറ്റ് ചേംബറിൽ ചേർന്ന സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗം ചേർന്ന് മിന്നൽ പണിമുടക്കിന് തടയിടുകയും ചെയ്തിരുന്നു. ബസ് പാസ് ദുരുപയോഗം തടയാനും തീരുമാനിച്ചിരുന്നു. ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുന്നത് തങ്ങളുടെ അറിവോടെയല്ലെന്നാണ് ബസ് ഉടമകളുടെ പ്രതികരണം.
തീരുമാനം മറികടന്ന് വീണ്ടും മിന്നൽ സമരം
തലശ്ശേരി: അധികൃതർക്കു മുമ്പാകെ നൽകിയ ഉറപ്പ് ലംഘിച്ച് വീണ്ടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. കഴിഞ്ഞ മാസം ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിലുണ്ടായ അനിഷ്ടസംഭവങ്ങൾ കാരണം മിന്നൽ സമരമുണ്ടായിരുന്നു.
ഇതേത്തുടർന്ന് ജില്ല കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്ന സ്റ്റുഡൻറ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് മിന്നൽ പണിമുടക്ക് ഉണ്ടാവില്ലെന്നതടക്കമുള്ള തീരുമാനമെടുത്തത്. ഇതിനു വിരുദ്ധമായാണ് തലശ്ശേരി -വടകര റൂട്ടിൽ വെള്ളിയാഴ്ച ജീവനക്കാർ ഒന്നടങ്കം സമരത്തിലേർപ്പെട്ടത്.
മിന്നൽ സമരത്തിന് തങ്ങളാരും ഉത്തരവാദികളല്ലെന്നാണ് ഉടമകൾ പറയുന്നത്. നിലവിലെ സൗഹാർദാന്തരീക്ഷത്തിന് കളങ്കമുണ്ടാക്കുന്ന നടപടിയാണ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് ഉടമകളിൽ ചിലർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.