കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിൽ ഇന്നുമുതൽ ബസ് പണിമുടക്ക്
text_fieldsഎടക്കാട്: നടാൽ റെയിൽവേ ഗേറ്റ് കഴിഞ്ഞ് തലശ്ശേരി ഭാഗത്തേക്കുള്ള സർവിസ് റോഡിലേക്ക് കടക്കാൻ അടിപ്പാതയില്ലാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസ് സർവിസ് ഓട്ടം നിർത്തും.കണ്ണൂർ-തോട്ടട-നടാൽ വഴി തലശ്ശേരിയിലേക്ക് യാത്ര ചെയ്യാനും തിരികെ യാത്ര ചെയ്യുന്നതിനും ജനത്തിന് ഇതോടെ പകരം സംവിധാനമില്ലാതായിരിക്കുകയാണ്.
ഇതുവഴി പോകുന്ന സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തിവെക്കുന്നതോടെ യാത്രക്കാർക്ക് ഇരുട്ടടിയാകും. ഇന്ന് തുടങ്ങുന്ന സമരത്തോടനുഭാവം പ്രകടിപ്പിച്ച് ഇതുവഴി ഓടുന്ന പ്രാദേശിക ഓർഡിനറി ബസുകളും ഓട്ടം നിർത്തിവെയ്ക്കുമെന്നാണ് സമരസമിതി ഭാരവാഹികൾ പറയുന്നത്. കണ്ണൂർ ഭാഗത്ത് നിന്നും തലശ്ശേരിയിലേക്ക് പോകേണ്ട ബസുകൾ നടാൽ ഗേറ്റ് കടന്നാൽ തലശ്ശേരിയിലേക്കുള്ള സർവിസ് റോഡിലേക്ക് കടക്കാൻ ഏഴു കിലോമീറ്ററിലധികം കൂടുതലായി ഓടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ജില്ല ആശുപത്രികളിലേക്ക് പോകുന്ന സ്വകാര്യ ബസുകളും, ചക്കരക്കല്ലിൽനിന്ന് കാടാച്ചിറ-എടക്കാട് വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസുകളും സമരത്തിൽ പങ്കെടുക്കും. പ്രശ്ന പരിഹാരത്തിന് നടാൽ ഗേറ്റ് കഴിഞ്ഞ ഉടനെ ഒ.കെ.യു.പി.സ്കൂളിന് സമീപത്തായി മറുവശം സർവിസ് റോഡിലേക്ക് പ്രവേശിക്കുന്നതിന് അടിപ്പാത നിർമ്മിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.സമരത്തിന്റെ ഭാഗമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ എൻ.എച്ച്.ഓഫിസിലേക്ക് ഇന്ന് പ്രതിഷേധ മാർച്ചും നടത്തും. തിങ്കളാഴ്ച തോട്ടടയിൽ സംയുക്ത സമരസമിതിയുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ നടന്ന സംയുക്ത പൊതുയോഗം കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ സത്യൻ വണ്ടിച്ചാൽ അധ്യക്ഷത വഹിച്ചു. പി. പവിത്രൻ, പി.വി. പുരുഷോത്തമൻ, രാജ്കുമാർ കരുവാണ്ടി, പി.കെ. പവിത്രൻ, അനിൽകുമാർ, വി.വി. പുരുഷോത്തമൻ, വി.വി. ശശീന്ദ്രൻ, കെ.കെ. ശ്രീജിത്ത്, മുഹമ്മദ് കുഞ്ഞി, ഗിരിധരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രവീന്ദ്രൻ, കൗൺസിലർമാരായ പി.കെ. രാഗേഷ്, സവിത, വി. ബാലകൃഷ്ണൻ, പി.വി. കൃഷ്ണകുമാർ, ബിജേഷ് തയ്യിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.