ജനങ്ങളെ വലച്ച് ഇരിട്ടി-തലശ്ശേരി റൂട്ടിൽ ബസ് പണിമുടക്ക്
text_fieldsകൂത്തുപറമ്പ്: ഇരിട്ടി-തലശ്ശേരി റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. തിങ്കളാഴ്ച രാത്രി കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ കണ്ടക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കുന്നത്.
തലശ്ശേരി-ഇരിട്ടി റൂട്ടിലോടുന്ന മിയാമിയ ബസ് കണ്ടക്ടർ വിപിൻ ബാബുവിനെയാണ് ഒരുസംഘം മർദിച്ചത്.
പരിക്കേറ്റ വിപിൻ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർഥികൾ ചേർന്ന് മർദിച്ചെന്നാണ് ആരോപണം. തിങ്കളാഴ്ച രാവിലെ ഇരിട്ടിയിലെ കോളജിലേക്ക് പോവുകയായിരുന്ന കൂത്തുപറമ്പ് സ്വദേശിനിയായ വിദ്യാർഥിനിക്ക് ബസിൽ കയറുന്നതിനിടയിൽ ഡോറിടിച്ച് പരിക്കേറ്റിരുന്നു. ബസ് ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് കാണിച്ച് വിദ്യാർഥിനി കൂത്തുപറമ്പ് പൊലീസിൽ പരാതിയും നൽകി.
ഇതാണ് ബസ് ജീവനക്കാർക്ക് നേരെയുള്ള മർദനത്തിന് കാരണമെന്നാണ് കരുതുന്നത്. അതേസമയം, മുന്നറിയിപ്പില്ലാതെ നടത്തിയ പണിമുടക്കിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് ലക്ഷ്യസ്ഥാനത്തെത്താനാവാതെ ദുരിതത്തിലായത്. തിങ്കളാഴ്ച രാത്രി വൈകിയാണ് ഒരുവിഭാഗം മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. വിവരമറിയാതെ എത്തിയ നിരവധിപേരാണ് ജോലിയും പഠനവും ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങിയത്. ട്രേഡ് യൂനിയനുകൾ പണിമുടക്കിനെ അംഗീകരിച്ചിട്ടില്ല. വിദ്യാർഥിനിക്ക് പരിക്കേറ്റതിനെപ്പറ്റിയും ജീവനക്കാരെ മർദിച്ചതിനെപ്പറ്റിയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ പണിമുടക്ക് പിൻവലിക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച വൈകീട്ട് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.
ബസ് ജീവനക്കാരെയും ട്രേഡ് യൂനിയൻ പ്രതിനിധികളെയും വിദ്യാർഥി പ്രതിനിധികളെയും പങ്കെടുപ്പിച്ച് കൂത്തുപറമ്പ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. ജനങ്ങളെ വലയ്ക്കുന്ന മിന്നൽ പണിമുടക്ക് ബുധനാഴ്ചയും തുടരുകയാണെങ്കിൽ ശക്തമായ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.