ഉപതെരഞ്ഞെടുപ്പ്: മുഴപ്പിലങ്ങാട് മമ്മാക്കുന്നിൽ വോട്ടെടുപ്പ് തുടങ്ങി
text_fieldsമുഴപ്പിലങ്ങാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ അഞ്ചാം വാർഡായ മമ്മാക്കുന്നിൽ വോട്ടെടുപ്പ് തുടങ്ങി. മമ്മാക്കുന്ന് എം. എൽ.പി. സ്കൂളിലാണ് പോളിങ് ബൂത്ത് സജീകരിച്ചത്. രാവിലെ മുതൽ വോട്ടർമാരുടെ നീണ്ടനിരയാണ്. സമാധാനപരമായ അന്തരീക്ഷമാണെങ്കിലും എടക്കാട് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
നാലു സ്ഥാനാർഥികൾ മറ്റുരക്കുന്ന വാർഡിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൊവ്വാഴ്ചയാണ് സമാപിച്ചത്. ബുധനാഴ്ച പാർട്ടി പ്രവർത്തകർ വീടുകൾ കയറിയിറങ്ങി അവസാനവട്ട നിശബ്ദ പ്രചരണവും പൂർത്തിയാക്കിയിരുന്നു. വികസന സ്റ്റാന്‍റിങ് കമ്മിറ്റി സ്ഥിരസമിതി അംഗം യു.ഡി.എഫിലെ എം. റീജയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നാല് സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിലെ വിജയ പരാജയം ഭരണത്തെ ബാധിക്കില്ലെങ്കിലും യു.ഡി.എഫ്, എൽ.ഡി.എഫ്, എസ്.ഡി.പി.ഐ, ബി.ജെ.പി കക്ഷികൾ തമ്മിൽ വാശിയേറിയ പ്രചരണമാണ് നടന്നത്.
നിലവിൽ എൽ.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തിലെ കക്ഷി നില യു.ഡി.എഫ്- 5, എൽ.ഡി.എഫ് - 6, എസ്.ഡി.പി.ഐ- 4 എന്നിങ്ങിനെയാണ്. വാർഡ് മെമ്പർ റീജ മരിച്ചതോടെ യു.ഡി.എഫിന് 4 അംഗങ്ങളാണ് നിലവിലുള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം പഞ്ചായത്തിൽ ഇത് രണ്ടാം തവണയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ തെക്കേകുന്നുമ്പ്രം മെമ്പർ സി.പി.എമ്മിലെ രാജാമണി അഴിമതി ആരോപണത്തെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്നാൽ, അന്ന് എൽ.ഡി.എഫ് തന്നെ വിജയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ സമാപന ദിവസം യു.ഡി.എഫിന് വേണ്ടിയും എൽ.ഡി.എഫിന് വേണ്ടിയും ജില്ലയിലെ പ്രമുഖ നേതാക്കൻമാർ പ്രചരണം നടത്തിയിരുന്നു. യു.ഡി.എഫ്. സ്ഥാനാർഥിയായി പി.പി. ഷമീമ ,എൽ.ഡി.എഫ് സ്ഥാനാർഥിയായി എ.സി. നസിയത്ത് ബീവി, എസ്.ഡി.പി.ഐ സ്ഥാനാർഥിയായി ജംസീന, ബി.ജെ.പിക്ക് വേണ്ടി കെ. സീമ എന്നിവരാണ് മത്സര രംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.