കേസെടുക്കാം, ആത്മാഭിമാനം ഹനിക്കരുത് -മനുഷ്യാവകാശ കമീഷൻ
text_fieldsകണ്ണൂർ: നിയമലംഘനം നടത്തുന്നവർക്കെതിരെ പൊലീസിന് നിയമാനുസൃതം നടപടി സ്വീകരിക്കാമെന്നിരിക്കെ അവരോട് അപമര്യാദയായി പെരുമാറുന്ന പ്രവണത ഒരു കാരണവശാലും അനുവദിക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ. പൊതുജനങ്ങളോടുള്ള പൊലീസിന്റെ സമീപനവും പെരുമാറ്റവുമാണ് പരാതികൾക്ക് ഇടയാക്കുന്നതെന്നും കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
പെറ്റിക്കേസ് ചുമത്തേണ്ടവർക്കെതിരെ പോലും അവരുടെ ആത്മാഭിമാനത്തെ ഹനിക്കും വിധമാണ് ചില പൊലീസുകാർ പെരുമാറുന്നത്. ഇല്ലെങ്കിൽ സമയവും ഊർജവും നഷ്ടപ്പെടുത്തി ഇത്തരം പരാതികളുമായി ആരും കമീഷനെ സമീപിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. മേലെചൊവ്വയിൽ വാഹനം പാർക്ക് ചെയ്ത ശേഷം ഭക്ഷണം കഴിക്കാൻപോയ തന്റെ വാഹനത്തിന് പിഴയിട്ടതിനെതിരെ കോഴിക്കോട് രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി പി.കെ. അരുൺലാൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പാർക്കിങ് പാടില്ലെന്ന് ബോർഡുള്ള സ്ഥലത്ത് വാഹനം പാർക്ക് ചെയ്തുവെന്ന് ആരോപിച്ചാണ് പിഴയിട്ടത്. എന്നാൽ, സ്ഥലത്ത് അത്തരം ബോർഡ് ഉണ്ടായിരുന്നില്ലെന്ന് പരാതിക്കാരൻ വാദിച്ചു. മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലാണ് പാർക്ക് ചെയ്തതെന്നും പരാതിയിൽ പറഞ്ഞു.
എന്നാൽ, ഇവിടെ പാർക്കിങ് പാടില്ല എന്ന് ബോർഡ് സ്ഥാപിച്ചിരുന്നതായി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂനിറ്റ് ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2022 ജനുവരി 18നാണ് സംഭവം നടന്നത്. ജല അതോറിറ്റി വാട്ടർടാങ്കിന് സമീപമാണ് പരാതിക്കാരന്റെ വാഹനം പാർക്ക് ചെയ്തിരുന്നത്.
വെള്ളം നിറക്കാനെത്തിയ ലോറിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് വാഹനം പാർക്ക് ചെയ്തിരുന്നത്. 500 രൂപ പിഴ ഈടാക്കിയതിലുള്ള വിരോധത്താലാണ് പരാതി നൽകിയതെന്നും പരാതിക്കാരനും പൊലീസുമായി വാക്കുതർക്കം ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.