ബംഗളൂരു എക്സ്പ്രസ് റദ്ദാക്കൽ; നമ്മ ഊരിലേക്ക് ദുരിതയാത്ര
text_fieldsകണ്ണൂർ: ബംഗളൂരു - മംഗളൂരു റൂട്ടിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ മലബാറിലെ യാത്രക്കാർക്ക് ദുരിതയാത്ര. കഴിഞ്ഞ മാസം 26ന് മണ്ണിടിഞ്ഞ മേഖലയിൽ മറ്റൊരു ഭാഗത്തായി മൈസൂരു ഡിവിഷന് കീഴിലെ സകലേഷ്പുര, ബല്ലുപേട്ട് സ്റ്റേഷനുകൾക്കിടയിലാണ് കഴിഞ്ഞയാഴ്ച മണ്ണിടിച്ചിലുണ്ടായത്.
ഇതോടെ ബംഗളുരു - കണ്ണൂർ എക്സ്പ്രസ് (16511/16512) റദ്ദാക്കി. തുടർച്ചയായി മണ്ണിടിച്ചിലുണ്ടാകുന്നതോടെ ബംഗളുരു - കണ്ണൂർ എക്സ്പ്രസ് വഴിതിരിച്ചുവിടുന്നതും റദ്ദാക്കുന്നതും തുടരുകയാണ്. ആഗസ്റ്റ് 17 മുതൽ 19 വരെ റദ്ദാക്കിയതായാണ് ഒടുവിൽ ലഭിച്ച അറിയിപ്പ്.
പാളത്തിലെ മണ്ണു മാറ്റൽ പ്രവൃത്തി വൈകിയാൽ വരും ദിവസങ്ങളിലും ട്രെയിൻ സർവിസിൽ നിയന്ത്രണമുണ്ടായേക്കാം. ഇതോടെ കണ്ണൂർ, കാസർകോട് ഭാഗത്തെ യാത്രക്കാർ ബംഗളൂരുവിലെത്താൻ ബുദ്ധിമുട്ടിലായി. കണ്ണൂരിൽനിന്ന് വൈകീട്ട് 5.05ന് മംഗളൂരു വഴി പോകുന്ന ബംഗളൂരു എക്സ്പ്രസ്, 6.05ന് ഷൊർണൂർ വഴിയുള്ള കണ്ണൂർ - യശ്വന്ത്പൂർ എക്സ്പ്രസുമാണ് മലബാറുകാർക്ക് റെയിൽവേ നൽകുന്ന ആശ്രയം. ഇതിൽ ഒരു വണ്ടി റദ്ദായതോടെ വടക്കേ മലബാറുകാരുടെ യാത്രാദുരിതം വർധിച്ചു. നിലവിൽ ഓടുന്ന യശ്വന്ത്പൂർ എക്സ്പ്രസിൽ തിരക്ക് വർധിച്ചു. സാധാരണ ദിവസങ്ങളിൽ തന്നെ കണ്ണൂരിൽ നിന്ന് ട്രെയിൻ പുറപ്പെടുമ്പോൾ കാൽകുത്താൻ ഇടമുണ്ടാകില്ല.
മറ്റുള്ള സ്റ്റേഷനുകളിൽ എത്തുമ്പോൾ ലഗേജുമായി യാത്രക്കാർക്ക് കയറാനാവാത്ത സ്ഥിതിയാവും.
സ്വാതന്ത്ര്യദിനം അടക്കമുള്ള അവധി ദിനങ്ങളെ തുടർന്ന് നാട്ടിലെത്തിയ വിദ്യാർഥികൾ അടക്കമുള്ളവർ തിരിച്ചുപോകുന്നതിനാൽ ഞായറാഴ്ച വൻ തിരക്കാണ് യശ്വന്ത്പൂർ എക്സ്പ്രസിന് അനുഭവപ്പെട്ടത്. തിങ്കളാഴ്ച മാത്രം ഓടുന്ന മംഗളൂരു - യശ്വന്ത്പൂർ എക്സ്പ്രസ് ചുരുക്കം യാത്രക്കാർക്ക് മാത്രമാണ് ഉപകാരപ്പെടുന്നത്.
ഹാസൻ സകലേശ്പുര ചുരത്തിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്ന് നവീകരണ പ്രവൃത്തികൾക്കായി ഈ മാസം ആദ്യം ബംഗളുരു - കണ്ണൂർ എക്സ്പ്രസ് റദ്ദാക്കിയിരുന്നു. ട്രെയിൻ റദ്ദാക്കുന്നത് പലപ്പോഴും യാത്രക്കാർ അറിയുന്നില്ലെന്ന് പരാതിയുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്ത് കണ്ണൂരിനും കാസർകോടിനും ഇടയിൽ വണ്ടിക്ക് കാത്തിരിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പയ്യന്നൂരും നീലേശ്വരത്തും കാഞ്ഞങ്ങാടും വണ്ടിക്ക് സ്റ്റോപ്പുണ്ട്.ബംഗളുരു - കണ്ണൂർ എക്സ്പ്രസ് റദ്ദാക്കിയതോടെ വിമാന, സ്വകാര്യ ബസ് ടിക്കറ്റ് നിരക്കുകൾ തോന്നുംപോലെ വർധിപ്പിക്കുന്നതായും യാത്രക്കാർക്ക് പരാതിയുണ്ട്. കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്ക് 800 മുതലാണ് ബസ് ചാർജ്. സ്ലീപ്പർ ബസുകൾക്ക് 1000 മുതൽ 1200 വരെ നൽകണം.
യാത്രക്കാരുടെ തിരക്കനുസരിച്ച് ടിക്കറ്റിന്റെ നിരക്ക് വർധിപ്പിക്കുന്നത് പതിവാണ്. വിദ്യാർഥികളും വ്യാപാരികളും ഐ.ടി ജീവനക്കാരും അടക്കം വടക്കൻ ജില്ലകളിൽ നിന്ന് പതിനായിരക്കണക്കിന് മലയാളികളുള്ള ബംഗളൂരുവിലേക്ക് പൊതു ഗതാഗത സൗകര്യം പരിമിതമാണ്. എട്ട് കെ.എസ്.ആർ.ടി.സി ബസുകളും മാത്രമാണ് സർവിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.