മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ പുനരാരംഭിച്ചില്ല
text_fieldsപയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ പുനഃരാരംഭിക്കാനായില്ല. യന്ത്രത്തകരാർ പരിഹരിക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതത്വം നിലനിൽക്കുന്നത്. വിദേശത്തുനിന്ന് യന്ത്രഭാഗം എത്തിച്ച് അറ്റകുറ്റപ്പണി നടത്തി ശനിയാഴ്ചയോടെ ശസ്ത്രക്രിയ പുനഃരാരംഭിക്കാനാവുമെന്നാനാണ് ബന്ധപ്പെട്ടവർ പറയുന്നത്. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാത്ത് ലാബ് പ്രവർത്തനം നിലച്ചതോടെയാണ് ശസ്ത്രക്രിയ മുടങ്ങിയത്. നിലവിൽ ബി, സി എന്നീ രണ്ടു കാത്ത് ലാബുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ബി കാത്ത് ലാബ് ഒരുവർഷംമുമ്പ് തകരാറിലായി. 40 ലക്ഷം രൂപ ചെലവിൽ ഇത് അറ്റകുറ്റപ്പണി നടത്തി വരികയാണ്. ഈ സമയത്ത് സി ലാബിലാണ് ശസ്ത്രക്രിയ നടത്തിവരുന്നത്. ഈ യന്ത്രത്തിന്റെ ഫ്ലൂറോസ്കോപിക് ട്യൂബ് തകരാറിലായതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. വിദേശത്തുനിന്ന് ഫ്ലൂറോസ്കോപിക് ട്യൂബ് എത്തിക്കണം.
രോഗികളെ വീട്ടിലേക്ക് മടക്കിയയച്ചു
യന്ത്രം പണിമുടക്കിയതോടെ ശസ്ത്രക്രിയക്ക് കാത്തിരുന്ന 26 രോഗികളെയാണ് നേരത്തേ ഡിസ്ചാർജ് ചെയ്യിപ്പിച്ചത്. അടിയന്തിരമായി ശസ്ത്രക്രിയ ആവശ്യമുള്ളവരെ മറ്റ് ആശുപത്രികളിലേക്കും മറ്റുള്ളവരെ വീടുകളിലേക്കുമാണ് പറഞ്ഞുവിട്ടത്. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പാവപ്പെട്ട ഹൃദയരോഗികൾ ആശ്രയിക്കുന്ന സ്ഥാപനമാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ്. സഹകരണ മേഖലയിലായപ്പോൾ ദക്ഷിണ ഭാരതത്തിലെ ഏറ്റവും മികച്ച ഹൃദ്രോഗ ചികിത്സകേന്ദ്രമായി. ഒരുവർഷം 25,000ത്തിന് മുകളിൽ ശസ്ത്രക്രിയ നടത്തിയിരുന്നു.
ബൈപാസ് സർജറി നിലച്ച് മാസങ്ങൾ
ഹൃദയ ശസ്ത്രക്രിയ പൂർണമായി നിലച്ചത് നൂറുകണക്കിന് രോഗികളെ ദുരിതത്തിലാക്കി. ബൈപാസ് സർജറി ചെയ്യുന്ന രണ്ടു ശസ്ത്രക്രിയ തിയറ്റർ നവീകരണ പ്രവൃത്തിയുടെ പേരിൽ അടച്ചിട്ടതിനെ തുടർന്ന് ആറുമാസമായി ശസ്ത്രക്രിയകൾ മുടങ്ങി നിൽക്കുകയാണ്. ഇതിനടിയിലാണ് ഹൃദയ പരിശോധനയും ആൻജിയോപ്ലാസ്റ്റിയും ചെയ്യുന്ന കാത്ത് ലാബ് പണിമുടക്കിയത്. ദിനംപ്രതി ഒട്ടേറെ രോഗികൾ ഹൃദയ ശസ്ത്രക്രിയ നടത്താൻ ആശ്രയിക്കുന്ന സർക്കാർ മെഡിക്കൽ കോളജിൽ കാത്ത് ലാബ് നിലച്ചതും സർജറി വാർഡ് അടച്ചിട്ടതും രോഗികൾക്ക് ദുരിതമായി. രണ്ടു ശസ്ത്രക്രിയ തിയറ്ററുകൾ നവീകരണ പ്രവൃത്തിയുടെ പേരിൽ അടച്ചിട്ടതിനെ തുടർന്നാണ് ബൈപാസ് സർജറി മുടങ്ങിയത്. സ്വകാര്യ ആശുപ്രതികളിൽ വൻ തുക വരുന്ന ഹൃദയ ശസ്ത്രക്രിയ നടത്താൻ സാധിക്കാത്ത നിർധന രോഗികളാണ് ഇതോടെ ദുരിതത്തിലായത്. പലരും സംഘടനകളുടെയും മറ്റും സഹായം തേടിയാണ് സ്വകാര്യ ആശുപത്രിയിൽ എത്തുന്നത്. ബൈപാസ് സർജറി ചെയ്യുന്ന രണ്ട് ഡോക്ടർമാർ നിലവിലുണ്ടായിട്ടും സർജറി നടത്താനുള്ള പകരം സംവിധാനം നടപ്പാക്കാത്തത് സ്വകാര്യ ആശുപ്രതികളെ സഹായിക്കാനാണെന്ന് ആക്ഷേപമുണ്ട്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ ബൈപാസ് സർജറി നടത്തുന്ന ഏക സർക്കാർ മെഡിക്കൽ കോളജായ പരിയാരത്ത് മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള രോഗികളും എത്തുന്നുണ്ട്.
പ്രശ്നം പരിഹരിക്കാൻ നിർദേശം നൽകി എം.എൽ.എ
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ കാത്ത് ലാബ് തകരാറായതിനെ തുടർന്ന് ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ ഇടപെട്ടതായും ശനിയാഴ്ച ഉച്ചയോടെ ശസ്ത്രക്രിയ പുനഃരാരംഭിക്കാനുള്ള നടപടി സ്വീകരിച്ചതായും എം. വിജിൻ എം.എൽ.എ ‘മാധ്യമ’ ത്തോടു പറഞ്ഞു. അറ്റകുറ്റപ്പണി നടന്നുവരുന്ന ബി കാത്ത് ലാബ് പ്രവൃത്തി പൂർത്തിയാക്കി പ്രവർത്തനക്ഷമമായി വരികയാണ്. ടെക്നീഷ്യന്മാർ എത്തി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകേണ്ട കാലതാമസം മാത്രമേയുള്ളൂ. ഇത് ലഭിച്ചാൽ ശസ്ത്രക്രിയ പുനരാരംഭിക്കും. ഈ മാസം അവസാനത്തോടെ രണ്ട് ലാബുകളും പ്രവർത്തനക്ഷമമാവും.
ഇത് ജനങ്ങളോടുള്ള വെല്ലുവിളി -അഡ്വ. ബ്രിജേഷ് കുമാർ
ആയിരക്കണക്കിന് സാധാരണ രോഗികളുടെ ആശ്രയകേന്ദ്രമായ ഗവ. മെഡിക്കൽ കോളജ് ഹൃദയ ചികിത്സ വിഭാഗം അടച്ചുപൂട്ടിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ബ്രിജേഷ് കുമാർ പറഞ്ഞു. ലീഡർ കെ. കരുണാകരൻ, എം.വി. രാഘവൻ, കെ. സുധാകരൻ തുടങ്ങിയ യു.ഡി.എഫ് നേതാക്കൾ നേതൃത്വം നൽകിയ ഭരണസമിതിയുടെ കാലത്ത് നല്ല രീതിയിൽ നടന്ന സ്ഥാപനമാണ് മെഡിക്കൽ കോളജും സഹകരണ ഹൃദയാലയവും. ഇതാണ് സർക്കാർ ഏറ്റെടുത്ത് നശിപ്പിച്ചത്. ഹൃദ്രോഗ വിഭാഗം മാത്രമല്ല, ഇതര സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളുടെ പ്രവർത്തനവും നിലച്ചു. മാലിന്യ സംസ്കരണം തികഞ്ഞ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.