കണ്ണൂർ വഴി ചരക്കുവിമാനം; കാത്തിരിക്കുന്നത് വൻ സാധ്യത
text_fieldsകണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി ആദ്യ ചരക്കുവിമാനം ചിങ്ങം ഒന്നിന് പറന്നുയരുന്നതിലൂടെ കാത്തിരിക്കുന്നത് വലിയ സാധ്യതകൾ. വിദേശ കയറ്റുമതിയിലുണ്ടാകുന്ന വർധന ജില്ലയുടെ കാർഷിക, വാണിജ്യ, വ്യവസായിക, പരമ്പരാഗത മേഖലക്ക് മുതൽക്കൂട്ടാകും.
കൊച്ചി ആസ്ഥാനമായുള്ള ദ്രാവിഡൻ ഏവിയേഷൻ സർവിസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കേരളത്തിൽ ആദ്യമായി കണ്ണൂരിൽനിന്ന് കാർഗോ വിമാന സർവിസ് തുടങ്ങുന്നത്. ഉദ്ഘാടന ദിവസമായ ആഗസ്റ്റ് 17ന് വൈകീട്ട് നാലിന് ഷാർജയിലേക്കും 18ന് രാത്രി ഒമ്പതിന് ദോഹയിലേക്കുമാണ് സർവിസ്.
തിരിച്ച് കണ്ണൂരിലേക്കുള്ള ചരക്കുനീക്കത്തിന് ഗൾഫ് രാജ്യങ്ങളിലെ വിവിധ ഏജൻസികളുമായി കമ്പനി കരാറിലെത്തിയിട്ടുണ്ട്.
ഒരുങ്ങുന്നു വൻ കാർഗോ സമുച്ചയം
2021 ഒക്ടോബർ 16നാണ് കണ്ണൂരിൽനിന്ന് ചരക്കു കയറ്റുമതി ആരംഭിച്ചത്. 12000ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കാർഗോ കോംപ്ലക്സാണ് നിലവിൽ കണ്ണൂർ വിമാനത്താവളത്തിലുള്ളത്. ഒരുമാസം 400 ടൺ വരെ ചരക്കുകയറ്റുമതി നടക്കുന്നു. 2021 മുതൽ ഇതുവരെയായി 6000 മെട്രിക് ടൺ ചരക്കാണ് കണ്ണൂരിൽനിന്ന് വിദേശേത്തക്ക് കയറ്റിയയച്ചത്. പുതിയ കാർഗോ സമുച്ചയത്തിന്റെ നിർമാണം ഏറക്കുറെ പൂർത്തിയായി. 58000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. പഴം-പച്ചക്കറി എന്നിവ കേടുകൂടാതെ സൂക്ഷിക്കാൻ 24000 ചതുരശ്ര മീറ്ററിൽ പ്രത്യേക സംഭരണശാലയും ഒരുങ്ങുന്നുണ്ട്.
കടത്തുകൂലി നഷ്ടം കുറക്കാം
നിലവിൽ കേരളത്തിനകത്തും പുറത്തുമുള്ള വിമാനത്താവളങ്ങൾ വഴിയാണ് കണ്ണൂരിൽനിന്നുള്ള ഉൽപന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക് എത്തിക്കുന്നത്. കണ്ണൂരിൽ തന്നെ സൗകര്യമൊരുങ്ങുമ്പോൾ മറ്റ് വിമാനത്താവളത്തിലേക്ക് എത്തിക്കുന്ന കടത്തുകൂലി ഇനത്തിൽ വ്യാപാരികൾക്ക് വലിയ നഷ്ടം ഒഴിവാക്കാൻ കഴിയും. യൂറോപ്യൻ രാജ്യങ്ങളിലേക്കും ചരക്കു വിമാനം തുടങ്ങാൻ വിവിധ കമ്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഗോഫസ്റ്റ് എയർ വിമാനക്കമ്പനി സർവിസ് നിലച്ചതോടെ കണ്ണൂരിൽനിന്നുള്ള ചരക്കു നീക്കം ഗണ്യമായി കുറഞ്ഞിരുന്നു. പുതിയ ചരക്കുവിമാനം വരുന്നതോടെ ആ നഷ്ടവും കുറക്കാൻ കഴിയും. പ്രത്യക്ഷവും പരോക്ഷവുമായി ഒട്ടേറെ പേർക്ക് തൊഴിലവസരവും സൃഷ്ടിക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.