കണ്ണൂർ ജില്ല ആശുപത്രിയിൽ കാത്ത് ലാബ് ഉദ്ഘാടനത്തിന് സജ്ജം
text_fieldsകണ്ണൂർ: ജില്ല ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാത്ത് ലാബ് ഉദ്ഘാടനത്തിന് സജ്ജം. കുറഞ്ഞ ചെലവിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ലാബ് സജ്ജമാക്കിയത്. കിഫ്ബി ഫണ്ടിൽനിന്ന് എട്ടു കോടി രൂപ ചെലവഴിച്ചായിരുന്നു നിർമാണം. ജില്ല പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ലാബ് വൈദ്യുതീകരിച്ചത്. എറണാകുളം ജില്ല ആശുപത്രിയുടെ മാതൃകയിലാണ് കാത്ത് ലാബിന്റെ പ്രവർത്തനം. പെരിഫെറൽ ബ്ലോക്കുകൾക്കുള്ള ചികിത്സയും ഇവിടെ ലഭ്യമാക്കും.
സി.ആം മെഷീൻ, ഡൈ ഇൻജെക്ടർ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ലാബിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. ലാബിൽ ഒരു കാർഡിയോളജിസ്റ്റും ടെക്‌നിക്കൽ സ്റ്റാഫും നഴ്‌സും ഉൾപ്പെടെ മൂന്നുപേരുണ്ടാകും. ലാബിനുള്ളിലെ പ്രവർത്തനങ്ങൾ ലൈവ് മോണിറ്റർ ചെയ്യാനുള്ള കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്.
രോഗികൾക്കായി നാലു കിടക്കകളോട് പ്രീ കാത്ത് ഏരിയയും രോഗികളുടെ വിശ്രമത്തിനും നിരീക്ഷിക്കുന്നതിനുമായി 10 കിടക്കകളോടുകൂടിയ പോസ്റ്റ് കാത്ത് ഐ.സിയുവും ഒരുക്കിയിട്ടുണ്ട് .
'സൂപ്പറാകാൻ' സൂപ്പർ സ്പെഷാലിറ്റി
സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നിർമാണം അവസാനഘട്ടത്തിലാണെന്നും ജൂണിൽ കെട്ടിടം ആശുപത്രിക്ക് കൈമാറുമെന്നും സൂപ്രണ്ട് പറഞ്ഞു. ഇതോടെ രോഗികൾക്ക് കൂടുതൽ സൗകര്യം ലഭ്യമാകും. വൈദ്യുതീകരണ പ്രവർത്തനങ്ങൾ മാത്രമാണ് ഇനി ബ്ലോക്കിൽ പൂർത്തിയാകാനുള്ളത്. കാർഡിയോളജി, നെഫ്രോളജി, യൂറോളജി, ന്യൂറോളജി തുടങ്ങിയ വിവിധ സ്പെഷാലിറ്റി വിഭാഗങ്ങൾ, അമ്മയും കുഞ്ഞും പ്രത്യേക ചികിത്സാവിഭാഗം, ഐ.സി.യുകൾ, രണ്ട് ശസ്ത്രക്രീയ വാർഡുകൾ എന്നിവയാണ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ഒരുങ്ങുന്നത്.
ആശുപത്രിയിൽ 60 കോടിയുടെ ആദ്യഘട്ട നിർമാണ നവീകരണപ്രവർത്തനങ്ങൾക്ക് അനുമതിയായി. ആശുപത്രിയിലെ ചില കെട്ടിടങ്ങൾ നവീകരിക്കും. പുതിയ ബ്ലോക്കുകൾ നിർമിക്കും. ആശുപത്രിയിൽ പരിസ്ഥിതിസൗഹൃദവും സൗന്ദര്യപൂർണവുമായ പരിസരവും സൃഷ്ടിക്കും. നിലവിൽ വിവിധ കെട്ടിടങ്ങളിലായി ചിതറിക്കിടക്കുന്ന ചികിത്സാസൗകര്യങ്ങൾ പുനഃക്രമീകരിക്കും. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ രോഗികൾക്ക് അടിയന്തരഘട്ടങ്ങളിൽ ഓക്സിജൻ ലഭ്യമാക്കുന്നതിന് സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് പ്ലാന്റും നിർമിക്കും. ഇടതടവില്ലാതെ വൈദ്യുതി ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളും ആശുപത്രിയിൽ ഒരുക്കും. ഇതിനായി ട്രാൻസ്‌ഫോമറുകൾ, ജനറേറ്ററുകൾ, യു.പി.എസ് സിസ്റ്റം തുടങ്ങിയവ സ്ഥാപിക്കും.
കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യങ്ങൾ ഇരട്ടിയാക്കും. പേ വാർഡുകൾ വിപുലീകരിക്കും. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഏഴ് ഓപറേഷൻ തിയറ്ററുകൾ, പുതിയ ബ്ലഡ് ബാങ്ക്, കൂടുതൽ എക്സ്‌റേ, അൾട്രാ സൗണ്ട് എം.ആർ. ഐ സ്‌കാനിങ് സംവിധാനങ്ങൾ, ഒ.പിയിൽ മുന്നൂറോളം പേർക്ക് ഇരിക്കാവുന്ന കാത്തിരിപ്പുകേന്ദ്രം, 300ലേറെ പേരെ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.
ഒ.പിയിൽ ഇലക്ട്രോണിക് രജിസ്ട്രേഷൻ
ഒ.പി വിഭാഗത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് ഇലക്ട്രോണിക് രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തും. വിശാലമായ രണ്ട് പ്രവേശന കവാടങ്ങളോടുകൂടിയ സുരക്ഷിതമായ ചുറ്റുമതിൽ, വിവിധ ബ്ലോക്കുകൾക്കിടയിൽ അനായാസം സഞ്ചരിക്കാനുള്ള റോഡുകൾ, നടപ്പാതകൾ, പാലങ്ങൾ, കുട്ടികൾക്കുള്ള പാർക്കുകൾ, ആധുനികരീതിയിലുള്ള ഫയർ ആൻഡ് സേഫ്റ്റി സംവിധാനങ്ങൾ, ലിഫ്റ്റുകൾ എന്നിവയുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.