വീട്ടിൽ സൂക്ഷിച്ച സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻദുരന്തം
text_fieldsചക്കരക്കല്ല്: വീട്ടിൽ സൂക്ഷിച്ച പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കാവിന്മൂല മാമ്പ പോസ്റ്റോഫിസിന് സമീപം ദേവന്റെ വീട്ടിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച ഉച്ച 1.30ഓടെയാണ് അപകടം. അടുക്കളയുടെ പുറത്തെ വരാന്തയിൽ സൂക്ഷിച്ച സിലിണ്ടറാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
വീട്ടിൽ ഉപയോഗിക്കുന്ന സിലിണ്ടറിന് പുറമെയുള്ള സിലിണ്ടറാണിത്. അപകടസമയം ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. വീടിനോട് ചേർന്നുള്ള കടയിൽ ജോലി ചെയ്യുന്ന ദേവനും ഭാര്യയും ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് വരുന്ന സമയം ഉഗ്രശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.
വീടിന്റെ പിൻവശത്തുള്ള ഗ്രിൽസ് പൂർണമായും മുറ്റത്തേക്ക് തെറിച്ചു. കിണർ ആൾമറയുടെ കല്ലുകളും അടുക്കള ഭാഗത്തെ ചുമരുകളും അടർന്നുവീണ നിലയിലാണ്. ഉഗ്രശബ്ദം കേട്ട് പരിസരവാസിൾ ഓടിയെത്തി അഗ്നിരക്ഷസേനയെ വിവരമറിയിക്കുകയായിരുന്നു. 1.50ഓടെ കൂത്തുപറമ്പിൽനിന്നുള്ള സേനയെത്തി. അഞ്ചരക്കണ്ടി ഫാർമേഴസ് ബാങ്ക് ഗ്യാസ് ഏജൻസി ജീവനക്കാരും എച്ച്.പി ഡീലർ ജീവനക്കാരുമെത്തി പരിശോധന നടത്തി. സിലിണ്ടർ പൊട്ടിത്തെറിക്കുള്ള കാരണം കണ്ടെത്താനായില്ല.
ചക്കരക്കല്ല് പൊലീസ്, അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ലോഹിതാക്ഷൻ എന്നിവർ സംഭവസ്ഥലത്തെത്തി. സിലിണ്ടർ പൊട്ടിത്തെറിച്ച സംഭവത്തിൽ വീട്ടുടമ ദേവൻ ചക്കരക്കല്ല് പൊലീസിൽ പരാതി നൽകി. 10ലക്ഷം രൂപയുടെ നഷ്ടമുള്ളതായി വീട്ടുടമ അറിയിച്ചു. അപകടസമയം വീട്ടിൽ ആളില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി.
രണ്ടര വർഷത്തിനിടെ രണ്ടാമത്തെ സിലിണ്ടർ അപകടം
ചക്കരക്കല്ല്: അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്കിന് കീഴിലെ ഏജൻസിയാണ് പ്രദേശങ്ങളിൽ സിലിണ്ടർ നൽകുന്നത്. രണ്ടുവർഷം മുമ്പ് ഇതേ ഏജൻസിയുടെ സിലിണ്ടർ പൊട്ടിത്തെറിച്ചു അരിച്ചേരി രവീന്ദ്രൻ മരിച്ചിരുന്നു. ഭാര്യ നളിനി, ഏജൻസി ജീവനക്കാരൻ എന്നിവർക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. യഥാസമയം സിലിണ്ടറിന്റെ ഗുണമേന്മ പരിശോധിച്ചു ഉറപ്പുവരുത്താത്തതാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കാൻ കാരണം.
നേരത്തെ അപകടമരണം സംഭവിച്ചയാളുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ആനുകൂല്യം നൽകിയിട്ടില്ലെന്ന് ആരോപണമുണ്ട്. വീടിനു പറ്റിയ കേടുപാടുകൾക്ക് നഷ്ടപരിഹാരം തേടി ചക്കരക്കല്ല് പോലീസിന് വീട്ടുടമ ആതിരാ നിവാസിൽ കെ.വി. ദേവൻ പരാതി നൽകി. ബാങ്ക് അധികൃതർക്കും ഗ്യാസ് കമ്പനിക്കുമെതിരെയാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.