പോക്സോ പ്രതി കുട്ടിയുടെ മാതാവിനെ ബലാത്സംഗം ചെയ്ത കേസിലും അറസ്റ്റിൽ
text_fieldsചക്കരക്കല്ല്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതി കുട്ടിയുടെ മാതാവിനെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലും റിമാൻഡിലായി.
മിടാവിലോട് താമസക്കാരനായ പാനേരിച്ചാൽ സ്വദേശി മാവിന്റകണ്ടി ഹൗസിൽ കെ.കെ. സദാനന്ദനെയാണ് (65) ചക്കരക്കൽ എസ്.എച്ച്.ഒ എം.പി. ആസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. ചക്കരക്കൽ പൊലീസ് പരിധിയിൽ താമസക്കാരിയായ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നേരത്തെ പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്ന് ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്.
എന്നാൽ, പെൺകുട്ടിയുടെ മാതാവ് ഗർഭിണിയാണെന്ന വിവരം പിന്നീടാണറിഞ്ഞത്. മനോവൈകല്യമുള്ള യുവതിയെ ഗർഭിണിയാക്കിയത് സദാനന്ദൻ തന്നെയാണെന്ന് അന്ന് പീഡനത്തിനിരയായ യുവതി പറഞ്ഞുവെങ്കിലും ഇയാൾ അത് നിഷേധിച്ചിരുന്നു.
മാനസിക അസ്വാസ്ഥ്യമുള്ള ഇര പറഞ്ഞ വാക്ക് ബന്ധുക്കളിലും വിശ്വാസ്യതയുളവാക്കിയിരുന്നില്ല. എന്നാൽ, കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽവെച്ച് യുവതിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയപ്പോൾ ഡി.എൻ.എ പരിശോധനക്ക് പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ഗർഭസ്ഥശിശുവിന്റെ ഡി.എൻ.എ പരിശോധനക്കൊപ്പം സദാനന്ദന്റെ രക്തസാമ്പിളും പരിശോധനക്കയച്ചു.
പരിശോധനാഫലം വന്നപ്പോഴാണ് യുവതിയെ ഗർഭിണിയാക്കിയത് സദാനന്ദൻ തന്നെയെന്ന് വ്യക്തമായത്. പോക്സോ കേസിൽ തലശ്ശേരി കോടതിയിൽ ഹാജരായി മടങ്ങും വഴി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.