കോവിഡ് വ്യാപനം: ചക്കരക്കല്ലിൽ സമ്പൂർണ ലോക്ഡൗൺ ഇന്നുമുതൽ
text_fieldsചക്കരക്കല്ല്: ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിലെ നിശ്ചിത ഏരിയ കണ്ടെയ്ൻമെൻറ് സോണാക്കുകയും ചൊവ്വാഴ്ച മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. രോഗവ്യാപനം തടയാനുള്ള തീരുമാനത്തിെൻറ ഭാഗമായാണ് ചൊവ്വാഴ്ച മുതൽ 14 ദിവസത്തേക്ക് സമ്പൂർണ ലോക്ഡൗൺ നടപ്പാക്കാൻ കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ വിളിച്ച ഓൺലൈൻ യോഗം തീരുമാനിച്ചത്.
ചെമ്പിലോട് പഞ്ചായത്തിലെ ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ മുഴുവൻ പ്രദേശങ്ങളിലും ലോക്ഡൗണായിരിക്കും. അഞ്ചരക്കണ്ടി പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാർഡുകൾ ഒഴികെയുള്ള മുഴുവൻ പ്രദേശങ്ങളും ഈ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ കോർപറേഷനിലെ 15 മുതൽ 22 വരെയുള്ള ഡിവിഷനുകളിൽപെട്ട വാരം, വലിയന്നൂർ, ചേലോറ, മാച്ചേരി, പള്ളിപ്പൊയിൽ, കാപ്പാട്, എളയാവൂർ സൗത്ത്, എളയാവൂർ നോർത്ത്, തിലാനൂർ, മുണ്ടയാട് ഉൾപ്പെടെ ലോക്ഡൗൺ ആയിരിക്കും.
മുണ്ടേരി ഗ്രാമപഞ്ചായത്തിലെ ചക്കരക്കല്ലിനോട് ചേർന്നുനിൽക്കുന്ന ചൂള പ്രദേശത്തിെൻറ ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പെരളശ്ശേരി പഞ്ചായത്തിലെ ബാവോട് പ്രദേശം, മുണ്ടേരി ഒന്നാം വാർഡ് പ്രത്യേക കണ്ടെയ്ൻമെൻറ് സോണായി നിലനിൽക്കും. മെഡിക്കൽ േഷാപ്പുകളൊഴികെ ആരാധനാലയങ്ങളടക്കം അടച്ചിടും. കോവിഡ് പ്രതിരോധ പ്രവർത്തകർ, വളൻറിയർമാർ എന്നിവർക്കു മാത്രമേ ഈ പ്രദേശങ്ങളിൽ സഞ്ചാരസ്വാതന്ത്ര്യം ഉണ്ടാവൂ. അടിയന്തര ചികിത്സ, പരീക്ഷ തുടങ്ങിയവക്ക് പ്രത്യേക അനുമതി കൊടുക്കും.
അവശ്യസാധനങ്ങളുടെ ഹോം ഡെലിവറിക്ക് കണ്ടെയ്ൻമെൻറ് സോണിലെ കടകൾ നിശ്ചിത സമയത്ത് തുറക്കുന്നത് സംബന്ധിച്ച് അതത് തദ്ദേശ സ്ഥാപനങ്ങളും പൊലീസും ചേർന്ന് തീരുമാനമെടുക്കും. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.സി. മോഹനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ടി.വി. ലക്ഷ്മി, ടി.വി. സീത ടീച്ചർ, കെ. പങ്കജാക്ഷൻ, കോർപറേഷൻ കൗൺസിലർമാർ, രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കഴിഞ്ഞദിവസം ചക്കരക്കല്ല് ടൗണിൽ സാധനങ്ങൾ വാങ്ങാനെത്തിയവരുടെ വൻ തിരക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.