കുത്തിവെപ്പ്: ആശുപത്രിയിൽ വാക്കേറ്റം
text_fieldsചക്കരക്കല്ല്: കോവിഡ് കുത്തിവെപ്പുമായി ബന്ധപ്പെട്ട് ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ വാക്കേറ്റം. വാക്സിനെടുക്കാൻ നൂറുകണക്കിന് പേരാണ് കൂട്ടത്തോടെയെത്തിയത്. ചെമ്പിലോട് പഞ്ചായത്തിലെ ആശാവർക്കർമാർ വഴി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കായിരുന്നു ചൊവ്വാഴ്ച വാക്സിൻ നൽകാൻ തീരുമാനിച്ചത്. ഇതിനു പുറമെ മറ്റ് പഞ്ചായത്തിൽനിന്നുള്ള രണ്ടാമത്തെ കുത്തിവെപ്പിന് വരുന്നവർക്ക് മുൻഗണന നൽകുമെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചിരുന്നു. ഇതറിഞ്ഞാണ് ആളുകൾ രാവിലെ ആറു മുതൽ ആശുപത്രിയിലെത്തിയത്. ഒമ്പതോടെ ആശുപത്രി അധികൃതരെത്തി ഒന്നാം ഡോസ് എടുത്ത് 52 ദിവസം കഴിഞ്ഞവർക്കേ രണ്ടാമത്തെ ഡോസ് നൽകൂ എന്ന് അറിയിച്ചതോടെയാണ് കുത്തിെവപ്പിനെത്തിയവരുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയർന്നത്.
മണിക്കൂറുകളായി കാത്തിരുന്നവർ ടോക്കൺ ആവശ്യപ്പെട്ട് ഏറെനേരം പ്രതിഷേധിച്ചു. തുടർന്ന് ചക്കരക്കല്ല് സി.ഐ സജിത്തിെൻറ നേതൃത്വത്തിൽ പൊലീസും വാർഡ് മെംബർ എം.വി. അനിൽകുമാറും സ്ഥലത്തെത്തി. വരിനിന്ന ആദ്യത്തെ 300 പേർക്ക് ടോക്കൺ നൽകാനും മറ്റുള്ളവരെ തിരിച്ചയക്കാനും തീരുമാനിക്കുകയായിരുന്നു.
കുത്തിെവപ്പിനെത്തിയവരുടെ തിരക്ക് കാരണം ഒ.പി, അത്യാഹിത വിഭാഗത്തിൽ ചികിത്സതേടി എത്തിയവർ ഏറെ പ്രയാസപ്പെട്ടു. വാഹനത്തിൽ വന്ന പലർക്കും ആശുപത്രിയിൽ കയറാനാവാതെ തിരികെ പോകേണ്ടിവന്നു. നിശ്ചയിച്ച സമയം പാലിക്കാതെ ആളുകളെത്തിയതാണ് വാക്കേറ്റമടക്കമുള്ള പ്രശ്നത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.