സാക്ഷിപറഞ്ഞ യുവാവിനെ കൊന്ന് കനാലിൽ തള്ളിയ ഒരാൾ പിടിയിൽ
text_fieldsചക്കരക്കല്ല്: മോഷണവിവരം പൊലീസിനെ അറിയിച്ചതിെൻറ പ്രതികാരത്തിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽകെട്ടി കനാലിൽ തള്ളിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുഴപ്പാല പള്ളിച്ചാൽ പ്രശാന്താണ് (40) ചൊവ്വാഴ്ച രാവിലെ അറസ്റ്റിലായത്. അഞ്ചുദിവസംമുമ്പ് കാണാതായ ചക്കരക്കല്ല് പ്രശാന്തി നിവാസില്‍ പ്രജീഷിെൻറ മൃതദേഹമാണ് തിങ്കളാഴ്ച പൊതുവാച്ചേരി കനാലില്‍ കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതി ചക്കരക്കല്ല് മിടാവിലോട് അബ്ദുൽ ഷുക്കൂറിനായി (43) പൊലീസ് അന്വേഷണം ഊർജിതമാക്കി. ഷുക്കൂർ മംഗളൂരുവിലുണ്ടെന്ന വിവരമാണ് ആദ്യം ലഭിച്ചത്. എന്നാൽ, ഇയാൾ ആന്ധ്രാപ്രദേശിലെ വിജയവാഡയിലേക്ക് കടന്നെന്നാണ് പൊലീസ് പറയുന്നത്.
മരംമുറി തൊഴിലാളിയായ പ്രജീഷിനെ കഴിഞ്ഞ 19നാണ് കാണാതായത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കനാലിൽ തള്ളിയ വിവരം പൊലീസിനോട് സമ്മതിച്ചത്. നേരത്തെ മരം മോഷണക്കേസിൽ പ്രജീഷിെൻറ സുഹൃത്തുകൂടിയായ ചക്കരക്കല്ല് മിടാവിലോട് സ്വദേശി അബ്ദുൽ ഷുക്കൂറിനെയും പൊതുവാച്ചേരി സ്വദേശി എ. റിയാസിനെയും ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷണം നടത്തിയത് ഷുക്കൂറും റിയാസുമാണെന്ന് പ്രജീഷാണ് പൊലീസിനോട് പറഞ്ഞത്. ഈ വൈരാഗ്യമാണത്രെ കൊലക്ക് കാരണമായത്.
19ന് വൈകീട്ട് അബ്ദുൽ ഷുക്കൂറും പ്രശാന്തും പ്രജീഷിനെയും കൂട്ടി വീടിനോട് അടുത്തുള്ള ആളൊഴിഞ്ഞ കുട്ടിക്കുന്നുമ്മൽ മെട്ട പറമ്പിലെത്തുകയായിരുന്നു. മൂന്നുപേരും ആദ്യം മദ്യപിച്ചശേഷം അബ്ദുൽ ഷുക്കൂർ ഇരുമ്പുവടി ഉപയോഗിച്ച് പ്രജീഷിെൻറ തലയുടെ പിൻഭാഗത്ത് അടിക്കുകയായിരുന്നു. നിരവധി തവണ തലയുടെ പിൻഭാഗത്തും മറ്റും അടിച്ചുപരിക്കേൽപിച്ചു. മരണം ഉറപ്പിച്ചശേഷം ചാക്കിലും തുണിയിലും കെട്ടി കയർ ഉപയോഗിച്ച് വരിഞ്ഞ മൃതദേഹം പൊതുവാച്ചേരി കനാലിൽ തള്ളുകയായിരുന്നു. ഡിവൈ.എസ്.പി പി.പി. സദാനന്ദൻ, ചക്കരക്കല്ല് സി.ഐ എം.കെ. സത്യനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാവിലെ മുതൽ പ്രതി പ്രശാന്തിനെ ചോദ്യം ചെയ്തു. കേസന്വേഷണത്തിെൻറ ഭാഗമായി ഉച്ചക്ക് 12ഓടെ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയും സ്റ്റേഷനിലെത്തി. തലശ്ശേരി സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രശാന്തിനെ റിമാൻഡ് ചെയ്തു. മരം മോഷണക്കേസിലെ മരത്തിെൻറ ഉടമയായ റഫീക്ക് തനിക്ക് അബ്ദുൽ ഷുക്കൂറിെൻറ ഭീഷണിയുണ്ടെന്നുകാണിച്ച് ചക്കരക്കല്ല് പൊലീസിൽ പരാതി നൽകി.
പ്രജീഷിെൻറ മൃതദേഹം സംസ്കരിച്ചു
ചക്കരക്കല്ല്: മോഷണവിവരം പൊലീസിനെ അറിയിച്ചതിെൻറ പ്രതികാരത്തിൽ കൊല്ലപ്പെട്ട ചക്കരക്കല്ല് പ്രശാന്തി നിവാസിൽ ഇ. പ്രജീഷിെൻറ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം ചൊവ്വാഴ്ച രാവിലെ പത്തോടെ വീട്ടിലെത്തിച്ചു.സുഹൃത്തുക്കളും പരിസരവാസികളും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.