പെരളശ്ശേരി-കീഴത്തൂർ പുതിയ പാലം: പ്രതീക്ഷയോടെ നാട്
text_fieldsചക്കരക്കല്ല്: അഞ്ചരക്കണ്ടി പുഴക്ക് മുകളിലായി നിർമിക്കുന്ന പെരളശ്ശേരി -കീഴത്തൂർ പാലത്തിന്റെ നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു. പെരളശ്ശേരി, വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പത്തോളം തൂണുകളിലായി വാഹന ഗതാഗതം സാധ്യമാക്കുന്ന തരത്തിലുള്ള പാലമാണ് നിർമിക്കുന്നത്. പെരളശ്ശേരി ടൗണിന് സമീപം പള്ളിയത്ത് തൂണിന് മുകളിൽ പാലത്തിന്റെ കോൺക്രീറ്റ് പ്രവൃത്തി പുരോഗമിക്കുകയാണ്.
മറുകരയിൽ തൂണുകൾ നിർമിക്കുന്നതിന് വേണ്ട പൈലിങ് ജോലികളും ആരംഭിച്ചു. പുഴയിൽ തൂണിന്റെ കോൺക്രീറ്റ് ജോലികളും നടന്നുവരുന്നു.കണ്ണൂർ കൂത്തുപറമ്പ് റോഡിൽ നിന്ന് നിലവിലുള്ള റോഡ് വികസിപ്പിക്കും. മറുകരയിൽ കീഴത്തൂർ എൽ.പി സ്കൂൾ മുതൽ മണക്കടവ് ക്ഷേത്രം വരെ വീതി കുറഞ്ഞ റോഡ് വികസിപ്പിക്കുന്നതിന് നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ഭൂരിഭാഗം ആളുകളും സമ്മതപത്രം കൈമാറി. മമ്പറം -അഞ്ചരക്കണ്ടി റോഡിൽ മൈലുള്ളി മെട്ട വരെ മൂന്ന് കിലോമീറ്റർ റോഡാണുള്ളത്. നിലവിൽ അടുത്ത സ്ഥലമായിട്ടും പെരളശ്ശേരി നിന്ന് കീഴത്തൂരിലേക്ക് നേരിട്ട് വാഹനസൗകര്യം ഇല്ല. പാലം യാഥാർഥ്യമായാൽ പ്രദേശത്ത് വലിയ വികസനമാണുണ്ടാവുക.
അഞ്ചരക്കണ്ടി, മട്ടന്നൂർ പ്രദേശങ്ങളിൽ നിന്ന് പെരളശ്ശേരി അമ്പലത്തിലേക്കും ടൗണിലേക്കും വളരെ വേഗത്തിലെത്താൻ കഴിയും. മേലൂര്‍, മമ്മാക്കുന്ന്, കാടാച്ചിറ, കടമ്പൂർ, എടക്കാട് പ്രദേശങ്ങളിലുള്ളവർക്ക് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള അടുത്ത വഴിയായും പാത ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.