ഞങ്ങളും മനുഷ്യരാണ്, ഈ റോഡ് നന്നാക്കുമോ ?
text_fieldsചക്കരക്കല്ല്: ‘ഇപ്പോൾ ഫണ്ടില്ല, ഭരണ സമിതിയുടെ അനുമതിയില്ല’ ഒരു റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിൽ വർഷങ്ങളായി എത്തുന്നവർക്ക് കിട്ടുന്ന മറുപടിയാണിത്. പെരളശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡ് കുന്നുമ്മൽക്കരയാൽ കനാൽ മുഹ്യുദ്ദീൻ ജുമാമസ്ജിദ്-പൊക്കൻമാവ് റോഡിനോടാണ് അധികൃതരുടെ നിരന്തരമായ അവഗണന. നൂറിലധികം വരുന്ന വീട്ടുകാർ 30 വർഷത്തിലധികമായി ഉപയോഗിക്കുന്ന കനാൽ സൈഡ് റോഡ് ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ ഗ്രാമപഞ്ചായത്തിനെ സമീപിച്ചെങ്കിലും അവഗണന തുടരുകയാണ്.
നാട്ടുകാർ ചേർന്ന് റോഡ് കമ്മിറ്റി രൂപവത്കരിക്കുകയും നിരവധി നിവേദനങ്ങൾ കൊടുത്തെങ്കിലും ഇവയൊന്നും തന്നെ മുഖവിലക്കെടുക്കുവാൻ അധികൃതർ തയാറായില്ല. നേരത്തേ മന്ത്രി എം.ബി. രാജേഷിന്റെ അദാലത്തിൽ റോഡിന്റെ ശോച്യാസ്ഥക്ക് പരിഹാര ആവശ്യവുമായി നിവേദനം നൽകിയിരുന്നു. ഇതിനും പരിഹാരമില്ലെന്ന് റോഡ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സമീപ റോഡുകളൊക്കെ ടാറിങ്ങിന് ഫണ്ട് കാണുകയും ടാറിങ് നടത്തുകയും ചെയ്യുമ്പോൾ ഈ റോഡിനോട് മാത്രമെന്താണ് പൂർണമായും അവഗണനയെന്നാണ് നാട്ടുകാർ പറയുന്നത്. പൊതുവാച്ചേരി സെൻട്രൽ യു.പി സ്കൂൾ, മുഹ്യുദ്ദീൻ ജുമാമസ്ജിദ്, പൊതുവാച്ചേരി അമ്പലം എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക് ഉപയോഗിക്കുന്ന റോഡാണിത്. റോഡിന്റെ ശോച്യാവസ്ഥ കാരണം പ്രദേശത്തെ പല വീടുകളിലുള്ള പ്രായം ചെന്നവരെ എടുത്തു കൊണ്ടു പോവേണ്ട സ്ഥിതിയാണ്.
മഴ പെയ്താൽ നടപ്പാത പോലും ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. മഴക്കാലങ്ങളിൽ കൂടുതൽ ദുരിതമനുഭവിക്കുന്നത് വിദ്യാർഥികളാണ്. ഗ്രാമപഞ്ചായത്തിന്റെ കടുത്ത അവഗണനക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 28ന് പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും. വാർത്തസമ്മേളനത്തിൽ വൈസ് ചെയർമാൻ എം. മോഹനൻ, കൺവീനർ അബ്ദുൽ ലത്തീഫ്, ടി.കെ. സിറാജുദ്ദീൻ, സി.പി. മുസ്തഫ, യു.വി. ജമീല എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.