ചക്കരക്കല്ലിൽ പൊലീസിെൻറ കർശന നിലപാടിൽ പ്രതിഷേധം
text_fieldsചക്കരക്കല്ല്: സമ്പൂർണ ലോക്ഡൗൺ നിലനിൽക്കുന്ന ചക്കരക്കൽ സ്റ്റേഷൻ പരിധിയിൽ പൊലീസ് നിലപാട് കടുപ്പിച്ചതോടെ പ്രദേശത്ത് വ്യാപക പ്രതിഷേധം. അവശ്യസാധനങ്ങളുടെ കടകൾ പോലും തുറക്കാനനുവദിക്കാത്തതിൽ വ്യാപാരികൾ അമർഷത്തിലാണ്. രോഗികളെയുംകൊണ്ട് പോകുന്ന വാഹനങ്ങൾപോലും തടഞ്ഞുനിർത്തി തിരിച്ചുവിടുന്നതായി പരാതിയുണ്ട്. തട്ടാരിപ്പാലത്തിലൂടെ കണ്ണുരിലേക്ക് കഴിഞ്ഞ ദിവസവും രോഗികളുമായി പോകുന്ന വാഹനം പൊലീസ് തടഞ്ഞു. ചൊവ്വാഴ്ച മുതലാണ് ചക്കരക്കൽ സ്റ്റേഷൻ പരിധിയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്.
ചക്കരക്കൽ-കൂത്തുപറമ്പ് സ്റ്റേഷൻ അതിർത്തിയായ തട്ടാരിപ്പാലം വഴി അഞ്ചരക്കണ്ടി ഭാഗത്തുനിന്നെത്തിയ, കണ്ണൂരിലെ ആശുപത്രിയിലേക്ക് പോകേണ്ട വാഹനം തടയുകയും മറ്റു വഴികൾ ആശ്രയിക്കാൻ ഡ്യൂട്ടിയിലുള്ള പൊലീസുകാർ നിർദേശിക്കുകയുമായിരുന്നു. ആശുപത്രി വാഹനം പോലും വിടരുതെന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകിയതെന്നാണ് അതിർത്തിയിലെ കാവൽക്കാർ പറയുന്നത്.
കഴിഞ്ഞ ദിവസം ഗർഭിണിയുമായി പോകുകയായിരുന്ന വാഹനം തടയുകയും മമ്പറം-ചാല വഴി കണ്ണൂരിലേക്ക് വഴിതിരിച്ചു വിടുകയുമായിരുന്നു. ഇത് ഏറെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. അതേസമയം, ആശുപത്രി വാഹനം കടന്നു പോകുന്നതിനു സൗകര്യം ചെയ്തു കൊടുക്കണമെന്നും മാനുഷിക പരിഗണന അർഹിക്കുന്ന രീതിയിൽ മാത്രമേ പോലീസ് പരിശോധന പാടുള്ളൂവെന്നും ഡിവൈ.എസ്.പി പി.പി. സദാനന്ദൻ പറഞ്ഞു. എന്തെങ്കിലും വീഴ്ച സംഭവിച്ചെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.