കൊലപാതകത്തിെൻറ ഞെട്ടലിൽ പൊതുവാച്ചേരി
text_fieldsചക്കരക്കല്ല്: കഴിഞ്ഞദിവസം കാണാതായ യുവാവിെൻറ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ കനാലിൽ കണ്ടെത്തിയ സംഭവത്തിെൻറ ഞെട്ടലിൽ പൊതുവാച്ചേരി. മണിക്കിയിൽ അമ്പലത്തിന് സമീപം കരുണൻ പീടികക്ക് മുൻവശത്തുള്ള കനാലിൽ ചാക്കിൽകെട്ടി തൂക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയതറിഞ്ഞതോടെ നിരവധിപേരാണ് തടിച്ചുകൂടിയത്. നാലുദിവസം മുമ്പ് കാണാതായ ചക്കരക്കല്ല് സ്വദേശി പ്രജീഷിെൻറ (32) മൃതദേഹമാണ് കണ്ടെത്തിയതെന്ന് അറിഞ്ഞോടെ കൊലപാതകമാണെന്ന സംശയം ബലപ്പെടുകയായിരുന്നു.
മരം മോഷണക്കേസിൽ പൊലീസിന് വിവരങ്ങൾ നൽകിയതിന് പിന്നാലെയാണ് പ്രജീഷിനെ കാണാതാവുന്നത്. കൊലപാതകത്തിനുപിന്നിൽ തേക്ക് മോഷണക്കേസിലെ പ്രതികളാണെന്ന സൂചന പൊലീസ് അറിയിച്ചതോടെ ക്രൂരകൃത്യത്തിെൻറ ഞെട്ടലിലാണ് പ്രദേശം. നേരത്തെ നടന്ന മരം മോഷണക്കേസിലെ സംഭവവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് മൃഗീയമായ കൊലപാതകത്തിലേക്ക് പ്രതികളെ നയിച്ചത്. മൗവ്വഞ്ചേരി സ്വദേശിയുടെ നാലുലക്ഷം രൂപയുടെ മരു ഉരുപ്പടികൾ മോഷണം പോയതുമായി ബന്ധപ്പെട്ട് ഉടമ ചക്കരക്കല്ല് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ പ്രജീഷിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
റിമാൻഡിലായശേഷം പുറത്തിറങ്ങിയ പ്രതികൾ, നിരവധി തവണ പ്രജീഷിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി സുഹൃത്തുക്കളും നാട്ടുകാരും പറഞ്ഞു. ഈ മാസം 19ന് രാവിലെ മുതൽ പ്രിജീഷിനെ കാണാനില്ലെന്നുപറഞ്ഞ് ബന്ധുക്കൾ ചക്കരക്കല്ല് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിനിടെ ഞായറാഴ്ച, പ്രജീഷ് ഉപയോഗിച്ചിരുന്ന ചെരിപ്പ് കുട്ടിക്കുന്നുമ്മൽ മെട്ടക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് കണ്ടെത്തിയതോടെ ഡോഗ് സ്ക്വാഡും പൊലീസും അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച രാവിലെയോടെ പൂർണമായും ചുരുട്ടിക്കൂട്ടിയ പ്രജീഷിെൻറ മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു. കൊല നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞതായും മോഷണക്കേസിൽ പ്രതികളെക്കുറിച്ച് വിവരം നൽകിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായും കണ്ണൂർ അസി. കമീഷണർ പി.പി. സദാനന്ദൻ പറഞ്ഞു.
നിസ്സാര കാരണത്താൽ പ്രാണനെടുത്തു; രണ്ടാഴ്ചക്കിടെ പൊലിഞ്ഞത് രണ്ട് ജീവൻ
ചക്കരക്കല്ല്: നിസ്സാരമായ പ്രശ്നങ്ങളുടെ പേരിൽ രണ്ടാഴ്ചക്കിടെ പൊലിഞ്ഞത് രണ്ട് യുവജീവനുകൾ. പെരളശ്ശേരി, അഞ്ചരക്കണ്ടി സമീപ പഞ്ചായത്തുകളിലെ രണ്ട് ചെറുപ്പക്കാരാണ് രണ്ടാഴ്ചക്കിടയിലായി ദാരുണമായി കൊല്ലപ്പെട്ടത്. ആഗസ്റ്റ് 10ന് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ ബസ് ഡ്രൈവർ ഓടത്തിൽ പീടികയിലെ ഷിജുവിനെ (36) മൂന്നുപേർ ചേർന്ന് ഇരുമ്പ് വടിയടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തിയിരുന്നു.
നിസ്സാരമായ വാക്കുതർക്കമാണ് മൃഗീയമായ കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിലെ പ്രതികൾ ഷിജുവിനെ അടുത്തറിയുന്നവരുമായിരുന്നു. വാർത്ത ഏറെ ഞെട്ടലോടെയാണ് ഗ്രാമം അറിഞ്ഞത്.സംഭവം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴാണ് തിങ്കളാഴ്ച പൊതുവാച്ചേരി കനാലിൽ പ്രജീഷിനെ (32) മൃഗീയമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പൊതുവാച്ചേരി മണിക്കിയിൽ ക്ഷേത്രത്തിന് സമീപം കരുണൻ പീടികക്ക് സമീപത്താണ് പ്രജീഷിനെ കയർ ഉപയോഗിച്ച് ചുരുട്ടിക്കൂട്ടി കനാലിലേക്ക് കെട്ടിത്തൂക്കിയത്.
മരം മോഷണക്കേസിലെ പ്രതികളെ കുറിച്ചുള്ള വിവരം പൊലീസിന് കൈമാറിയെന്ന സംശയത്താലാണ് പ്രതികൾ കൊടും ക്രൂരത പ്രജീഷിനോട് കാണിച്ചത്.കൊലചെയ്യപ്പെട്ട വിവരമറിഞ്ഞതോടെ സ്ഥലത്ത് നാട്ടുകാർ തടിച്ചുകൂടി. ആദ്യഘട്ടത്തിൽ പൊലീസും പിന്നീട് ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി.
നിസ്സാര കാരണങ്ങളാൽ നടന്ന രണ്ട് പ്രധാന കൊലപാതകങ്ങളും നടന്നത് അടുത്തടുത്ത പ്രദേശങ്ങളിലാണ്. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി.ഷീബ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ദാമോദരൻ, ചെമ്പിലോട് നാലാം വാർഡ് അംഗം എം.വി. അനിൽകുമാർ, പത്താംവാർഡ് അംഗം ടി.കെ. ഗോവിന്ദൻ, സി.പി.എം അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി കെ. ബാബുരാജ്, ബി.ജെ.പി നേതാവ് പി.ആർ. രാജൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.