ഷാജിക്ക് സി.എച്ച് സെൻററിൽ പുതുജീവിതം
text_fieldsചക്കരക്കല്ല്: കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ഷാജി ഇനി സന്തോഷത്തോടെ അശരണരുടെ ആശ്രയകേന്ദ്രമായ എളയാവൂർ സി.എച്ച് സെൻററിെൻറ സ്നേഹ സാന്ത്വനങ്ങൾ ഏറ്റുവാങ്ങി ജീവിക്കും.
ധർമടം പൊലീസിെൻറ സഹായത്തിൽ കഴിയുകയായിരുന്ന മധ്യവയസ്കനായ ഷാജിയെ ജനമൈത്രി പൊലീസിെൻറ അഭ്യർഥനയെ തുടർന്ന് എളയാവൂർ സി.എച്ച് സെൻറർ ശനിയാഴ്ച ഏറ്റെടുക്കുകയായിരുന്നു. ദിവസങ്ങളായി ഷാജി ഭക്ഷണമൊന്നും കിട്ടാതെ അവശനിലയിലായിരുന്നു. ദയനീയാവസ്ഥ കണ്ട് ധർമടം ജനമൈത്രി പൊലീസ് അദ്ദേഹത്തെ ഏറ്റെടുത്ത് സുരക്ഷിത കരങ്ങളിലെത്തിക്കുകയായിരുന്നു.
വർഷങ്ങളായി ജില്ലയുടെ പല ഭാഗങ്ങളിലായിരുന്നു ഷാജിയുടെ ജീവിതം. മത്സ്യബന്ധന മേഖലയിൽ ആയിക്കരയിലും ബേപ്പൂരിലും ലക്ഷദ്വീപിലും ജോലി ചെയ്തിരുന്നുവെന്ന് ഷാജി പറയുന്നു. കല്യാണം കഴിച്ചിട്ടില്ല. കുടുംബം വക കിട്ടിയ സ്വത്തുക്കൾ വിറ്റു ബിസിനസ് തുടങ്ങി. ഒടുവിൽ എല്ലാം നഷ്ടപ്പെട്ടപ്പോൾ കൂലിവേല ചെയ്തു ജീവിച്ചു.
ബന്ധുക്കൾ ഇപ്പോൾ എവിടെയാണെന്നും അദ്ദേഹത്തിന് ഓർമയില്ല. ഏഴു ദിവസം ഭക്ഷണം കിട്ടാതെ വെള്ളം മാത്രം കുടിച്ചാണ് ജീവിച്ചതെന്ന് സി.എച്ച് സെൻററിലെത്തിയപ്പോൾ ഷാജി പറഞ്ഞത്. ഷാജിയെ പോലെ ഒറ്റപ്പെട്ടവരെ നേരത്തേയും ജനമൈത്രി പൊലീസ് മുഖാന്തരം സി.എച്ച് സെൻറർ ഏറ്റെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.