‘ഇത്തിരി വെള്ളം ഞങ്ങൾക്കും വേണം’
text_fieldsചക്കരക്കല്ല്: ‘പൈപ്പ് വെള്ളം കിട്ടുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ. അതും വരുന്നത് പുലർച്ചയോ പാതിരാത്രിയോ. കാത്തിരുന്നു ശേഖരിക്കണം. ചുരുങ്ങിയ സമയം ലഭിക്കുന്ന ഈ വെള്ളം ശേഖരിച്ചാണ് ഞങ്ങൾ കഴിയുന്നത്’ -അഞ്ചരക്കണ്ടി പഞ്ചായത്തിലെ പലേരിമട്ട ഭാഗത്തെ കുടുംബങ്ങളുടെ പരാതിയാണിത്. ഉയരം കൂടിയ പ്രദേശമാണിത്. അമ്പതിലധികം കുടുംബങ്ങളുണ്ട് ഇവിടെ ഇതിൽ കിണർ ഇല്ലാത്തതായിട്ട്.
പലയിടത്തും കടുത്ത വേനലിൽ കിണർവെള്ളം താഴ്ന്നു. എല്ലായിടത്തും വെള്ളമെത്തിക്കുന്ന പൈപ്പ് ലൈൻ വഴിയാണ് ഇവിടെയും ജലവിതരണം നടത്തുന്നത്. പ്രദേശത്തിന്റെ താഴ്ഭാഗത്തെ കുടുംബങ്ങൾ ടാപ്പ് വഴി വെള്ളം ശേഖരിക്കുമ്പോൾ മുകൾ ഭാഗത്ത് വെള്ളം തീരെ ലഭിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നം.
കൃത്യമായി വെള്ളം ലഭിക്കുന്നില്ലെങ്കിലും എല്ലാതവണയും ചുരുങ്ങിയത് 175 രൂപ പ്രകാരം ബില്ല് വരുമെന്ന് ഇവിടുത്തുകാർ പറഞ്ഞു.
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പ്രദേശത്തിന്റെ താഴെഭാഗത്ത് വലിയകുളം നിർമിച്ച് മോട്ടോർ ഉപയോഗിച്ചു ജലവിതരണത്തിനായി ജലസംഭരണി സ്ഥാപിച്ചുള്ള പ്രവർത്തനം നടന്നിരുന്നു. എന്നാൽ, വൈദ്യുതിനിരക്ക് വർധനയും ഒപ്പം ഇടക്കിടക്ക് തകരാർ ആവുകയും ചെയ്യുന്ന സാഹചര്യവും കൂടിക്കൂടി വന്നപ്പോൾ പദ്ധതി ഉപേക്ഷിച്ചു. ആ സമയത്ത് നിർമിച്ചിട്ടുള്ള ജലസംഭരണി കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായി.
അതോടുകൂടി പ്രദേശത്തിന്റെ കുടിവെള്ളക്ഷാമം വീണ്ടും രൂക്ഷമായി. അങ്ങനെയിരിക്കെയാണ് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പെരളശ്ശേരി പദ്ധതിയിൽപ്പെടുത്തി പൈപ്പ് ലൈൻ സ്ഥാപിച്ച് ജലവിതരണം തുടങ്ങിയത്. വിതരണം നടക്കുന്നുണ്ടെങ്കിലും ഉയർന്ന പ്രദേശമായതിനാൽ പലപ്പോഴും വെള്ളം ലഭിക്കുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമായി ചുരുങ്ങുന്നു.
ഇതിന് ഒരുമാറ്റം വരുത്തണമെങ്കിൽ പ്രദേശത്തുകാർക്ക് മാത്രമായി പ്രത്യേക ലൈൻ വലിച്ച് ജലവിതരണം നടത്തുകയും അതോടൊപ്പം തന്നെ അത്തരത്തിൽ എത്തുന്ന വെള്ളം ശേഖരിക്കുന്നതിനുള്ള വലിയൊരു ജലസംഭരണി നിർമിക്കുകയും അനിവാര്യമാണെന്നാണ് പ്രദേശത്തുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.