ചാല ബൈപ്പാസിൽ അടച്ചാലും തീരാത്ത കുഴികൾ, നടുവൊടിഞ്ഞ് യാത്രക്കാർ
text_fieldsഎടക്കാട്: നടാൽ ചാല ബൈപ്പാസിലൂടെയുള്ള യാത്ര അതീവ അപകടം നിറഞ്ഞതാണെന്ന് ഇത് വഴിയാത്ര ചെയ്യുന്നവരും ഡ്രൈവർമാരും പറയുന്നു. നിരവധി കുഴികളാണ് ചാല ബൈപ്പാസിലുള്ളത്. ഇത് യാത്രക്കാരുടെ നടുവൊടിക്കുക മാത്രമല്ല, വാഹനത്തിനും തകരാറുണ്ടാക്കുന്നു.
റോഡിനോട് ചേർന്നുള്ള കാടും അപകട ഭീഷണിയാണ്. ബൈക്ക് യാത്രികരുടെ കാര്യമാണ് ഏറെ പരിതാപകരം. കുഴിയറിഞ്ഞ് ഡ്രൈവ് ചെയ്തില്ലെങ്കിൽ അപകടം സംഭവിച്ചേക്കാം. ഏറെ ശ്രദ്ധയോടെ ഓടിച്ചാൽ പോലും എവിടെയെങ്കിലും കുഴിയിൽ അകപ്പെടാതെ യാത്ര ചെയ്യാനാവില്ല. നടാലിൽ നിന്നും തുടങ്ങി ചാലയിൽ കയറുന്ന ആറ് കിലോമീറ്റർ ദൈർഘ്യമുള്ള ബൈപ്പാസ് റോഡിലുള്ളത് ചെറുതും വലുതുമായ 50ലേറെ കുഴികളാണ്. പല കുഴികളും നാട്ടുകാർ തന്നെ കല്ലും മണലുമൊക്കെ ഇട്ടു കൊണ്ടടക്കുമെങ്കിലും വാഹനങ്ങൾ കയറിയിറങ്ങി വേഗത്തിൽ തന്നെ പഴയ പോലെയാവും.
വലിയ കുഴികളുള്ളിടത്തൊക്കെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാൻ നാട്ടുകാർ സേഫ്റ്റി ബോക്സ് എടുത്ത് വെച്ചിട്ടുണ്ട്. അമിത വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് ഇതും അപകട ഭീഷണിയാണ്. ഒട്ടും നിരപ്പില്ലാത്ത റോഡിലെ ഓരോ കുഴികൾ അടക്കുംതോറും പുതിയ കുഴികളാണ് രൂപപ്പെടുന്നത്.
വയൽപ്രദേശത്ത് ഉയർത്തി നിർമ്മിച്ച ബൈപ്പാസിന്‍റെ ടാറിങ്ങ് പ്രവർത്തനം ശാസ്ത്രീയമായി ചെയ്യാത്തത് കൊണ്ടാണ് റോഡിന് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു.
രാത്രി ഇത് വഴിയുള്ള യാത്ര ഏറെ ദുരിതവും അപകടം നിറഞ്ഞതുമാണെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിര ഇടപെടൽ നടത്തണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.